മാവോയിസ്റ്റ് ഭീഷണിയുള്ള സ്റ്റേഷനുകളില്‍ ഇനി സായുധ പൊലിസും
കാളികാവ്: മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ മാവോയിസ്റ്റ് ഭീഷണിയുള്ള പൊലിസ് സ്റ്റേഷനുകളില്‍ സായുധ പൊലിസിനെ നിയമിക്കുന്നു. ഇവിടങ്ങളിലെ സുരക്ഷ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് സ്ഥിരം സംവിധാനത്തില്‍ സായുധ പൊലിസിനെ നിയമിക്കുന്നത്. ഇതിനായി ഭീഷണിയുള്ള സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്ന 35 വയസിന് താഴെയുള്ള പൊലിസുകാരെയാണ് തിരഞ്ഞെടുത്തത്. ഇവര്‍ക്കുള്ള 15 ദിവസത്തെ തീവ്രപരിശീലനത്തിന് തുടക്കമായി.
കായികക്ഷമത ഉറപ്പുവരുത്തുന്നതോടൊപ്പം ആധുനിക ആയുധങ്ങള്‍ വളരെ വേഗത്തില്‍ ഉപയോഗിക്കാനുള്ള പരിശീലനമാണ് പ്രധാനമായും നല്‍കുന്നത്. പട്ടാള ക്യാംപുകളിലെ പരിശീലനത്തേക്കാള്‍ ഗൗരവത്തിലാണ് സായുധ പൊലിസിനെ പരിശീലിപ്പിക്കുന്നതെന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനടി പ്രതികരിക്കാനുള്ള സംവിധാനം ഒരുക്കാനാണ് ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്.
സായുധ പൊലിസിനെ നിയമിക്കുന്നതിന്റെ മുന്നോടിയായി സ്റ്റേഷനുകളെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. ശക്തമായ ഭീഷണി നിലനില്‍ക്കുന്ന സ്റ്റേഷനുകളെ എ വിഭാഗമായും നേരിയ തോതില്‍ ഭീഷണിയുള്ള സ്റ്റേഷനുകളെ ബി വിഭാഗവുമായാണ് തിരിച്ചിരിക്കുന്നത്. എ വിഭാഗത്തില്‍പ്പെടുന്ന സ്റ്റേഷനുകളില്‍ പ്രത്യേക ആയുധ പരിശീലനം നേടിയ പത്ത് പേരെയും ബി വിഭാഗത്തില്‍ ഏഴ് പേരെയും നിയമിക്കും. വയനാട് ജില്ലയിലാണ് എ വിഭാഗത്തിലുള്ള സ്റ്റേഷനുകള്‍ കൂടുതലുള്ളത്. പരിശീലനം നേടിയവര്‍ക്ക് മാവോയിസ്റ്റ് വിരുദ്ധ സേനയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അധിക വേതനവും അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."