ചരിത്ര വിജയം ബാസ്‌ക്കറ്റിലാക്കി ഇന്ത്യന്‍ വനിതകള്‍
ബംഗളൂരു: ഏഷ്യാ കപ്പ് ഡിവിഷന്‍ ബി ബാസ്‌ക്കറ്റ് ബോള്‍ പോരാട്ടത്തിന്റെ ഫൈനലില്‍ കരുത്തരായ കസാഖിസ്ഥാനെ വീഴ്ത്തി ഇന്ത്യന്‍ വനിതാ ടീം ചരിത്രത്തിലാദ്യമായി ഡിവിഷന്‍ എയിലേക്ക് സ്ഥാനക്കയറ്റം സ്വന്തമാക്കി. ഫൈനലില്‍ 75-73 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം. അടുത്ത വര്‍ഷം അരങ്ങേറുന്ന ഡിവിഷന്‍ എ ഏഷ്യാ കപ്പ് പോരാട്ടത്തില്‍ മികച്ച ടീമുകളുമായി ഇന്ത്യന്‍ വനിതാ സംഘത്തിന് മാറ്റുരയ്ക്കാം.
ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ കസാഖിസ്ഥാന്റെ കരുത്തിനെ സമര്‍ഥമായി നേരിട്ടാണ് ഇന്ത്യ വിജയം പിടിച്ചത്. തുടക്കം മുതല്‍ ഒടുക്കം വരെ ആവേശം വിതറിയ പോരാട്ടത്തില്‍ നാട്ടുകാരുടെ പിന്തുണയിലാണ് ഇന്ത്യന്‍ വനിതാ സംഘം വിജയിച്ചു കയറിയത്. കളിയുടെ തുടക്കത്തില്‍ കസാഖിസ്ഥാന്‍ മുന്നിലായിരുന്നു. പിന്നീട് തിരിച്ചടിച്ച ഇന്ത്യ 20 പോയിന്റുകള്‍ നേടിയ ജീന സക്കറിയ, 17 പോയിന്റുകള്‍ നേടിയ ഷിറീന്‍ ലിമായെ എന്നിവരുടെ മികവിലാണ് മത്സരം സ്വന്തമാക്കിയത്. 14 പോയിന്റുകള്‍ ബാസ്‌ക്കറ്റിലാക്കി ഗ്രിമ മെര്‍ലിന്‍ വര്‍ഗീസും ഇന്ത്യക്കായി തിളങ്ങി.
തുടക്കത്തില്‍ 14 പോയിന്റിന്റെ ഏകപക്ഷീയ ലീഡുമായി മുന്നേറിയ കസാഖ് താരങ്ങളെ ജീന- ഷിറീന്‍- ഗ്രിമ ത്രയത്തിന്റെ മികവില്‍ ഇന്ത്യ വരുതിയിലാക്കി. കളം നിറഞ്ഞ് കളിച്ച മധ്യനിര താരം നദെസ്ദ കൊണ്ട്‌രെകോവയുടെ മികവാണ് കസാഖിസ്ഥാന് തുണയായത്. 30 പോയിന്റുകളും 18 റീബൗണ്ടുകളുമായി താരം തിളങ്ങി. മത്സരം പുരോഗമിക്കവേ ഇഞ്ചോടിഞ്ച് പൊരുതിയ ഇന്ത്യ പോയിന്റ് നില 61-60 എന്ന നിലയിലെത്തിച്ചു. പിന്നീട് കസാഖിസ്ഥാന്‍ 66-71 എന്ന നിലയില്‍ മുന്നില്‍. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ഇന്ത്യ സ്‌കോര്‍ 71-71ലും പിന്നീട് രണ്ട് പോയിന്റ് നേടി ലീഡും സ്വന്തമാക്കി. എന്നാല്‍ രണ്ട് പോയിന്റ് തിരിച്ചുപിടിച്ച് കസാഖിസ്ഥാന്‍ പോയിന്റ് നില 73-73ലാക്കി. ഒടുവില്‍ കളിയുടെ അവസാന സെക്കന്‍ഡുകളില്‍ കടുത്ത പോരാട്ടം പുറത്തെടുത്ത ഇന്ത്യന്‍ വനിതകള്‍ 75-73 എന്ന സ്‌കോറില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. തിരിച്ചടിക്കാനുള്ള അവസരം എതിരാളിക്ക് നല്‍കാതെയാണ് ഇന്ത്യന്‍ ടീം മത്സരം വരുതിയിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."