അത്ലറ്റിക് ഫെഡറേഷന്റെ കള്ളക്കളിയില്‍ ചിത്രം വിചിത്രം
തിരുവനന്തപുരം: ലണ്ടനിലെ ലോക അത്ലറ്റിക് ട്രാക്കില്‍ പി.യു ചിത്രയെന്ന കേരളത്തിന്റെ അഭിമാന താരത്തിന്റെ പ്രകടനം കാണാന്‍ സാധിക്കില്ല. ചിത്രയെ ആ ട്രാക്കിലോടിക്കില്ലെന്ന് വശിപ്പിടിച്ച് അതിനായി അക്ഷീണം പരിശ്രമിച്ച് ചരടു വലികള്‍ നടത്തിയ അത്ലറ്റിക് ഫെഡറേഷനിലെ താപ്പാനകളുടെ കള്ളക്കളികളും ഇപ്പോള്‍ ഒന്നൊന്നായി പുറത്തു വരുന്നു. 23 ന് പ്രഖ്യാപിച്ച ടീമില്‍ ഇല്ലാതിരുന്ന 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് താരമായ സുധാസിങ് ഇടം നേടിയതോടെയാണ് വളര്‍ന്നു വരുന്ന താരത്തെ ഇല്ലാതാക്കാന്‍ ഫെഡറേഷന് നടത്തിയ തട്ടിപ്പുകളും പുറത്തായത്. സെലക്ഷന് കമ്മിറ്റി തള്ളിയ സുധാസിങ് എങ്ങനെ ടീമില്‍ ഉള്‍പ്പെട്ടു എന്നതിന് വ്യക്തമായ ഉത്തരം നല്കാന് അത്ലറ്റിക് ഫെഡറേഷന് കഴിഞ്ഞിട്ടില്ല.
ദുരൂഹത ഉയര്‍ത്തി പട്ടിക മൂന്ന് ദിവസം പൂഴ്ത്തിവച്ചാണ് അത്ലറ്റിക് ഫെഡറേഷന് തട്ടിപ്പ് നടത്തിയത്. ഫെഡറേഷന് ഉന്നതരും കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷകയും ഉള്‍പ്പടെ ഉള്ളവര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് ഇതോടെ ഉറപ്പായി. ആദ്യ പട്ടികയില്‍ ഇല്ലാതിരുന്ന സുധയുടെ പേര് രണ്ടാമതൊരു എന്‍ട്രി നല്കി രാജ്യാന്തര ഫെഡറേഷന് നല്‍കിയതായാണ് വിവരം. ഏഷ്യന്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ സുധ സ്വര്‍ണം നേടിയിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഉള്‍പ്പടെ നടത്തിയ സമ്മര്‍ദ്ദമാണ് സുധാസിങിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഫെഡറേഷനെ നിര്‍ബന്ധിതമാക്കിയത്. പി.യു ചിത്രയെയും അജയ്കുമാര്‍ സരോജിനെയും ഒഴിവാക്കാന്‍ കാര്യമായ ശ്രമം നടന്നു എന്നതിന്റെ വ്യക്തമായ തെളിവായി സുധാസിങിന്റെ എന്‍ട്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."