നേര്‍വഴിക്ക് ഓടണം ഫെഡറേഷന്‍
'2030 ല്‍ 50 ഒളിംപിക് മെഡലുകളിലേക്ക് ഇന്ത്യന്‍ കായിക രംഗം എത്തുമെന്ന് നീതി ആയോഗ് പറയുന്നു'. സ്വപ്നങ്ങള്‍ കാണാന്‍ പണച്ചലവില്ല. ആ സ്വപ്നങ്ങള്‍ പൂവണിയാന്‍ കഠിനാധ്വാനം വേണം. ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെയും ഫെഡറേഷന്റെയും നിലവിലെ അവസ്ഥയില്‍ സ്വന്തമായി മെഡല്‍ നിര്‍മിച്ച് അണിയേണ്ടി വരും.
സാര്‍വദേശീയ കായിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സ്വയം ഭരണാധികാരമുള്ള ഒരു സ്വതന്ത്ര സംഘടനയാണ്. രാഷ്ട്രീയ ഭരണകൂട ഇടപെലുകള്‍ ഒന്നുമില്ലാതെ സ്വതന്ത്രമായി തന്നെ അത് പ്രവര്‍ത്തിക്കണം. എങ്കിലും രാജ്യത്തെ അത്‌ലറ്റിക്‌സിന്റെ അവസാന വാക്കായ ഫെഡറേഷന്‍ നായകര്‍ക്ക് രാജ്യത്തെ നിയമങ്ങളോടും നീതിന്യായ വ്യവസ്ഥയോടും വിധേയത്വം വേണ്ടെന്നാണോ. പി.യു ചിത്രയെ ലണ്ടനിലേക്ക് അയക്കണമെന്ന് കേരള ഹൈക്കോടതി പറഞ്ഞിട്ടും അവര്‍ക്ക് കുലുക്കമില്ല. എ.എഫ്.ഐയുടെ സെക്രട്ടറി ജനറല്‍ സി.കെ വത്സനും പ്രസിഡന്റ് സുമരിവാലയും കോടതി വിധി നടപ്പാകില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. ഒടുവില്‍ കേന്ദ്ര കായിക മന്ത്രിക്ക് ഭീഷണിയുടെ സ്വരം പുറത്തെടുക്കേണ്ടി വന്നു.
ചിത്രയെ ഉള്‍പ്പെടുത്താന്‍ രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന് കത്ത് അയക്കാമെന്ന് അര്‍ധ സമ്മതം നടത്തി. ഒളിംപ്യന്‍ പി.ടി ഉഷ പോലും ഫെഡറേഷനാണ് ആനയെന്ന് പ്രഖ്യാപിച്ചു. ഫെഡറേഷന് മുന്നില്‍ കോടതിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന വെല്ലുവിളിയും. കുമിഞ്ഞുകൂടിയ പണത്തിന് മുകളില്‍ ഒരു പരുന്തും പറക്കില്ലെന്ന വിശ്വാസത്തില്‍ നിറഞ്ഞാടിയ ഒരു കായിക സംഘടന ഈ രാജ്യത്തുണ്ട്. ബി.സി.സി.ഐ എന്ന ലോക ക്രിക്കറ്റിലെ കിരീടം വയ്ക്കാത്ത രാജാക്കന്‍മാര്‍. രാജ്യത്തെ നിയമ വ്യവസ്ഥകളൊന്നും ബാധകമായിരുന്നില്ല. ബി.സി.സി.ഐയുടെ ഇന്നത്തെ സ്ഥിതി എന്ത്. ജസ്റ്റിസ് ലോധ കമ്മിറ്റിയെ നിയോഗിച്ച് സുപ്രിംകോടതി ക്രിക്കറ്റ് ബോര്‍ഡിനെ മണിച്ചിത്രത്താഴിട്ട് പൂട്ടി. എല്ലാം പൊളിച്ച് എഴുതി. അത്‌ലറ്റിക് ഫെഡറേഷനെ പിടിച്ചു കെട്ടേണ്ട കാലവും അതിക്രമിച്ചു. താപ്പാനകളെ പിഴുതെറിഞ്ഞ് ശുദ്ധി കലശത്തിന് സുപ്രിംകോടതി ഇടപെടല്‍ അനിവാര്യമാണ്.
അന്ന് ബോബിയെങ്കില്‍ ഇന്ന് ചിത്ര
ഒളിംപ്യന്‍ ബോബി അലോഷ്യസ്. ഏതന്‍സ് ഒളിംപിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിച്ച താരം. ഹൈ ജംപില്‍ നിരവധി ദേശീയ റെക്കോര്‍ഡിന് ഉടമ. പി.യു ചിത്ര ഇപ്പോള്‍ നേരിടുന്ന അവഗണന മികച്ച പ്രകടനം നടത്തിയിട്ടും മുന്‍പ് ബോബിയും അനുഭവിച്ചു. ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ ഗോഡ്ഫാദര്‍മാര്‍ ഇല്ലെങ്കില്‍ എന്തും സംഭവിക്കും എന്ന് ബോബിയും അറിഞ്ഞു. 1998ലാമ് ബോബിക്ക് ആദ്യ ദുരന്തം നേരിടേണ്ടി വന്നത്. ജപ്പാനിലെ ഫുക്കോവയില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തി ബോബി അലോഷ്യസ് നാലാമത് എത്തിയിരുന്നു. തൊട്ടു പിന്നാലെ എത്തിയ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസ് ടീമില്‍ നിന്ന് ബോബി പുറത്തായി. ബാങ്കോക്കില്‍ വെങ്കലം നേടിയ താരം ബോബിയുടെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് പ്രകടനത്തിന് ഒപ്പം എത്തിയില്ല.
ഒഴിവാക്കലുകളില്‍ തളരാതെ പോരാടിയ ബോബി സിഡ്‌നി ഒളിംപിക്‌സിലേക്ക് യോഗ്യത നേടി.
ഫെഡറേഷന്‍ മേലാളര്‍ അടങ്ങിയില്ല. ചാട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ ക്രോസ് ബാര്‍ വെച്ചതില്‍ മില്ലി മീറ്ററിന്റെ കുറവ് കണ്ടെത്തി. ഹൈ ജംപില്‍ ചാടുന്നതിന് മുന്‍പാണ് ഉയരം അളക്കേണ്ടതെന്ന സാമാന്യ വിവരം ഇല്ലാത്തവര്‍. അക്കാലത്ത് ഫെഡറേഷന്‍ ഗോസായിമാരുടെ വിവരക്കേടില്‍ ബോബി അലോഷ്യസിന് നഷ്ടമായത് കായിക ജീവിതത്തിലെ രണ്ട് വലിയ ചാംപ്യന്‍ഷിപ്പുകളാണ്.
പി.ടി ഉഷയും കായിക മേഖലയിലെ നെറികേടുകളെ ചോദ്യം ചെയ്ത് പോരാടിയ താരമാണ്. വിവേചനങ്ങളോട് എക്കാലവും പൊരുതിയ ഉഷക്ക് 1983 ലെ ഏഷ്യന്‍ മീറ്റിന് കോച്ചിനെ കൂട്ടാന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ സമീപിക്കേണ്ടി വന്നു. പെണ്ണായതിനാല്‍ ശബ്ദം താഴ്‌ത്തേണ്ടെന്നാണ് ഇന്ദിരാഗാന്ധി ഉപദേശിച്ചത്. ഉഷ വിവേചനങ്ങള്‍ക്കെതിരേ പൊരുതി. അതേ ഉഷ ഇപ്പോള്‍ എ.എഫ്.ഐയുടെ വക്താവായി മാറുന്ന കാഴ്ചയും കായിക ലോകം കണ്ടു. ഫെഡറേഷനെ പിണക്കിയാല്‍ ചിത്രയുടെ കായിക ഭാവി എന്തായി മാറുമെന്ന ഭീഷണിയുടെ സ്വരം പുറപ്പെടുവിക്കുന്നു. പഴമയിലും കളിക്കളങ്ങളില്‍ ചതിയുടെ ആള്‍രൂപങ്ങളായി ഫെഡറേഷന്‍ ഉണ്ടായിരുന്നുവെന്ന് തിരിച്ചറിവുള്ള ഉഷ തന്നെ വിവാദത്തിന്റെ ഒരറ്റത്ത് നിന്നാല്‍ പി.യു ചിത്രയും അജയ്കുമാര്‍ സരോജും ഇരകളായി മാറിയില്ലെങ്കിലേ അത്ഭുതമുള്ളു.
http://suprabhaatham.com/indian-sports-background-sotries-part-2/
തട്ടിപ്പിന്റെ ആശ്രിത ടൂറിസം
2014 ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ്. ഏഷ്യന്‍ ഒളിംപിക് കൗണ്‍സിലിന് ഇന്ത്യന്‍ സംഘത്തിന്റെ പട്ടിക സമര്‍പ്പിക്കണം. താരങ്ങളും ഒഫിഷ്യല്‍സും ഉള്‍പ്പെട്ട വമ്പന്‍ പട്ടിക സായി ഡയറക്ടര്‍ ജനറല്‍ ജിജി തോംസണിന്റെ മുന്നില്‍ എത്തി. ഇഞ്ചിയോണിലേക്ക് പറക്കാന്‍ സംഘത്തിന് അനുമതി വേണം. അനുമതി നല്‍കാതെ ജിജി തോംസണ്‍ പട്ടിക തടഞ്ഞുവച്ചു. എന്‍ട്രി നല്‍കേണ്ട സമയം മണിക്കൂറുകള്‍ക്ക് ഉള്ളില്‍ അവസാനിക്കുമെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ ഉള്‍പ്പടെ വാദിച്ചു. ഏറെ സമ്മര്‍ദ്ദം ഉയര്‍ന്നിട്ടും അനുമതി കിട്ടിയില്ല. ഒടുവില്‍ പട്ടിക പരിശോധിക്കാന്‍ തീരുമാനമായി. പട്ടികയില്‍ ഉള്‍പ്പെട്ട കായിക ഒഫിഷ്യലുകളെ കുറിച്ചുള്ള അന്വേഷണത്തില്‍ ജിജി തോംസണ്‍ ഞെട്ടി. കായിക മേലാളരുടെ വീട്ടു ജോലിക്കാരും ആശ്രിതരും. വീട്ടില്‍ പാചക വാതക സിലിണ്ടര്‍ എത്തിക്കുന്ന പയ്യന്‍ വരെ ഇഞ്ചിയോണിലേക്ക് പറക്കാനുള്ള പട്ടികയില്‍ കയറികൂടി.
ലോക ചാംപ്യന്‍ഷിപ്പും ഒളിംപിക്‌സും മാത്രമല്ല വിദേശത്ത് നടക്കുന്ന എല്ലാ ചാംപ്യന്‍ഷിപ്പുകളും ഒഫിഷ്യല്‍സ് എന്ന പേരില്‍ കായിക വിനോദ സഞ്ചാരത്തിന് ഖജനാവിലെ പണം ധൂര്‍ത്തടിക്കാനുള്ളതാക്കി മാറ്റി. ഒറ്റപ്പെട്ട സംഭവമല്ലിത്. ഇങ്ങനെ എത്രയെണ്ണം. ഈ തട്ടിപ്പിന് ആര് തടയിടും. ഫെഡറേഷനെ നേര്‍വഴിക്ക് നയിക്കേണ്ട കേന്ദ്ര സര്‍ക്കാരും കായിക മന്ത്രാലയവും മൗനത്തിലാണ്.
സ്വതന്ത്ര സംവിധാനം അനിവാര്യം
തിരുവായ്ക്ക് എതിര്‍വായില്ലാതെ ഫെഡറേഷന്‍ നായകര്‍ രാജാക്കാന്‍മാരായി വാഴുന്ന അത്‌ലറ്റിക്‌സ് ലോകത്ത് താരങ്ങള്‍ നിസഹായരാണ്. പരാതികള്‍ പറയാനും നീതികിട്ടാനും സംവിധാനമില്ല. ആശ്രയം നീതിപീഠങ്ങള്‍ മാത്രം. അന്താരാഷ്ട്ര നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍. സാങ്കേതിക കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ട ചുമതല അവര്‍ക്ക് തന്നെ. സര്‍ക്കാരിനും താരങ്ങള്‍ക്കും ഇടയില്‍ ഒരു സംവിധാനമില്ല. ഒരു രാജ്യത്തും ഇന്ത്യയിലെ പോലെ സാഹചര്യങ്ങള്‍ കായിക താരങ്ങള്‍ക്ക് നേരിടേണ്ടി വരുന്നുമില്ല. സായിക്ക് പരാതി എത്തുമെങ്കിലും അന്വേഷണം വരുമ്പോഴേക്കും താരങ്ങളെ നിശബ്ദരാക്കിയിട്ടുണ്ടാകും. കായിക മേഖലയിലെ ചൂഷണങ്ങളും പ്രശ്‌നങ്ങളും അവതരിപ്പിക്കാന്‍ ഒരു സ്വതന്ത്ര സമിതി ഉണ്ടാകേണ്ടത് അനിവാര്യമാണ്. കൃത്യമായൊരു കായിക നയം പോലും നടപ്പാക്കാനായിട്ടില്ല.
ആത്മവിശ്വാസമില്ലാതെയാണ് ലോക മീറ്റുകളില്‍ എന്നു വേണ്ട പ്രാദേശിക ചാംപ്യന്‍ഷിപ്പുകളില്‍ പോലും നമ്മുടെ താരങ്ങള്‍ മത്സരിക്കാനിറങ്ങുന്നത്. തോറ്റാല്‍ തോറ്റു ജയിച്ചാല്‍ ജയിച്ചു. ആരും ചോദിക്കില്ല. പ്രൊഫഷനലിസം ഇല്ലാത്തതിന്റെ ഗതികേട്. തങ്ങളുടെ മുന്നില്‍ എത്തുന്ന പരാതികളില്‍ സായി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. അതിനപ്പുറം ഒന്നും സംഭവിക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഖേലോ ഇന്ത്യയുടെ തലപ്പത്ത് ഉള്ളവരാണ് പി.ടി ഉഷയും അഞ്ജു ബോബി ജോര്‍ജും. കായിക രംഗത്തെ പ്രശ്‌നങ്ങള്‍ നിരീക്ഷിച്ചും പഠിച്ചും കേന്ദ്ര സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിക്കേണ്ടവര്‍.
സ്വന്തം ഉത്തരവാദിത്വം ഇവര്‍ നിര്‍വഹിക്കുന്നുണ്ടോ. അത് ചെയ്തിരുന്നെങ്കില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ യോഗ്യതാ മാര്‍ക്കില്‍ 10 സെക്കന്‍ഡ് മാത്രം വ്യത്യാസമുള്ള ചിത്രയും അജയ്കുമാര്‍ സരോജും ലണ്ടന്‍ ട്രാക്കില്‍ ഉണ്ടാകുമായിരുന്നു. താരങ്ങളെ കാലുവച്ച് വീഴ്ത്തുന്ന കളിക്കളങ്ങളിലെ ചതികള്‍ക്ക് അന്ത്യം കാണാന്‍ 'ഇതിഹാസ'ങ്ങളായി വാഴ്ത്തപ്പെടുന്നവര്‍ക്കും ബാധ്യതയുണ്ട്.
ചിത്രക്ക് നല്‍കിയ വാഗ്ദാനം പാലിക്കപ്പെടുമോ?
പി.യു ചിത്രക്ക് ജോലി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് കായിക മന്ത്രി എ.സി മൊയ്തീന്‍. ചിത്രയെ ദത്തെടുക്കുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍. നല്ലകാര്യം തന്നെ. രണ്ട് രാജ്യാന്തര മെഡലുകള്‍ നേടിയ പി.യു ചിത്രയെ തിരിച്ചറിയാന്‍ കേരളത്തിലെ ഭരണാധികാരികള്‍ക്ക് വിവാദങ്ങള്‍ വേണ്ടി വന്നു. വെറും പ്രഖ്യാപനങ്ങളല്ല ചിത്രയുടെ കാര്യത്തില്‍ വേണ്ടത്. ക്രിയാത്മകമായ നടപടികള്‍ ഉണ്ടാകണം.
കേരളത്തില്‍ ഒരു ജോലിക്കായി ഒളിംപ്യന്‍ ഒ.പി ജെയ്ഷ പത്ത് മാസമായി അലയുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പരിശീലകയായി നിയമിക്കണമെന്ന ആവശ്യത്തിന് ഇനിയും തീരുമാനമില്ല. ദേശീയ ക്യാംപില്‍ പങ്കെടുക്കുന്ന താരത്തിന് 1200ന് മേലെയാണ് പ്രതിദിന ബത്ത. കിറ്റും പോഷകാഹാരവും മെഡിക്കല്‍ അലവന്‍സും വേറെയും.
സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ എലൈറ്റ് സ്‌കീമിന്റെ ഗതി എന്താണ്.
പ്രഖ്യാപനങ്ങള്‍ നടത്തുന്നവര്‍ അന്വേഷിക്കാറുണ്ടോ. കഴിഞ്ഞ വര്‍ഷത്തെ കിറ്റിന്റെ സ്ഥിതി എന്ത്. പ്രതിദിനബത്തയും പോഷകാഹാരവും ലഭ്യമല്ല. മെഡിക്കല്‍ അലവന്‍സ് സ്വപ്നത്തില്‍ മാത്രം. സാധാരണ ഭക്ഷണം കഴിച്ചാണ് എലൈറ്റ് താരങ്ങളുടെ പരിശീലനം.
ലോക ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടിയ മുഹമ്മദ് അനസും അനു രാഘവനും അനില്‍ഡ തോമസും എലൈറ്റ് താരങ്ങളാണ്. വിദേശ പരിശീലനത്തിന് എന്ത് സഹായം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കി. ഇന്ത്യന്‍ സ്പ്രിന്റര്‍ ശ്രാബനി നന്ദ ആസ്‌ത്രേലിയയിലും ജമൈക്കയിലുമാണ് പരിശീലനം നടത്തിയത്. ഒഡിഷ സര്‍ക്കാരായിരുന്നു ശ്രാബനിയുടെ സ്‌പോണ്‍സര്‍. കേരളത്തില്‍ എല്ലാം കടലാസില്‍ മാത്രമാണ്. ഇവിടെയും ഒരു മാറ്റം അനിവാര്യമാണ്.
(അവസാനിച്ചു)
http://suprabhaatham.com/patyala-camp/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."