പശുവിനെച്ചൊല്ലി യു.പിയില്‍ ആള്‍ക്കൂട്ട കലാപം; ഇന്‍സ്പെക്ടർ അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു
ബുലാന്ദ്ഷര്‍: പശുവിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷറില്‍ ആള്‍ക്കൂട്ട ആക്രമണം. പൊലിസുകാരനും പ്രദേശവാസിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ 25 പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടതോടെയാണ് കലാപം തുടങ്ങിയത്.
ആള്‍ക്കൂട്ടത്തിന്റെ കല്ലേറില്‍ സുബോധ് കുമാര്‍ സിങ് എന്ന പൊലിസ് ഇന്‍സ്പെക്ടറാണ് കൊല്ലപ്പെട്ടത്. മറ്റൊരു പൊലിസുകാരന് ഗുരുതരമായ പരുക്കുണ്ട്. സുനിത് (20) എന്നയാളാണ് കൊല്ലപ്പെട്ട നാട്ടുകാരന്.
പശു കശാപ്പ്, തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ട ആക്രമണം എന്നിവ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണം സംഘത്തെ നിയമിച്ചു. മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അഞ്ച് കംപനി ദ്രുതകര്‍മ സേനയും ആറു കമ്പനി പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റബുലറിയെയും വിന്യസിച്ചിട്ടുണ്ട്.
പടിഞ്ഞാറേ ഉത്തര്‍പ്രദേശ് മേഖലയിലാണ് കലാപം. ബുലാന്ദ്ഷര്‍ ഗ്രാമത്തിനു പുറത്തെ വനമേഖലയില്‍ പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ തള്ളിയത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആക്രമണം തുടങ്ങിയത്. പ്രത്യേക വിഭാഗത്തിലുള്ളവരാണ് കൂട്ട പശുക്കശാപ്പിനു പിന്നിലെന്ന് ആരോപിച്ച് സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
നിരവധി വാഹനങ്ങള്‍ അക്രമികള്‍ തീവച്ചു നശിപ്പിച്ചു. പശുവിന്റെ അവശിഷ്ടങ്ങള്‍ റോഡില്‍ കൊണ്ടിടുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. ഇത് എടുത്തുനീക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലിസിനു നേരെ കല്ലേറുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."