അഞ്ഞൂറ് ഇന്ത്യക്കാരുടെ ജിമെയില്‍ വിഴുങ്ങിയത് സര്‍ക്കാര്‍ പിന്തുണയുള്ള ഹാക്കര്‍മാര്‍, 149 രാജ്യങ്ങളിലെ 12,000 ഉപയോക്താക്കളുടെ വിവരങ്ങളാണ് മൂന്നുമാസത്തിനുള്ളില്‍ റാഞ്ചിയത്
മുംബൈ: 500 ഇന്ത്യക്കാരുടെ ഗൂഗിള്‍ മെയിലുകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പിന്തുണയുള്ള ഹാക്കര്‍മാരാണ് ജിമെയില്‍ ഉള്ളടക്കങ്ങള്‍ ചോര്‍ത്തിയതെന്ന് ഗൂഗിള്‍ തന്നെയാണ് വ്യക്തമാക്കിയത്. 149 രാജ്യങ്ങളിലെ 12,000 ഉപയോക്താക്കളുടെ വിവരങ്ങള്‍ ജൂലൈ, സെപ്റ്റംബര്‍ കാലയളവിലെ മൂന്നുമാസത്തിനുള്ളില്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നാണ് ഗൂഗിളിന്റെ റിപ്പോര്‍ട്ട്. ചോര്‍ത്തലിന് വിധേയമായവരില്‍ 500 പേര്‍ ഇന്ത്യക്കാരാണെന്നും ഗൂഗിള്‍ അറിയിച്ചു.
ഇസ്രയേല്‍ ചാരസോഫ്റ്റവെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ഉള്‍പ്പെടെയുള്ള 121 പേരുടെ വാട്‌സാപ്പ് വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തിന്റെ വിവാദം കെട്ടടങ്ങും മുന്‍പെയാണ് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി ഗൂഗിളിന്റെ വെളിപ്പെടുത്തല്‍.
ഇതുസംബന്ധിച്ച മുന്നറിയിപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കിയതായി ഗൂഗിള്‍ ത്രെറ്റ് അനാലിസിസ് അറിയിച്ചു. വിവരങ്ങള്‍ ചോര്‍ത്തല്‍, ബൗദ്ധികസ്വത്ത് മോഷണം, സാമൂഹിക പ്രവര്‍ത്തകരെയും ഭരണകൂട വിമര്‍ശകരെയും ലക്ഷ്യംവെയ്ക്കല്‍, വിനാശകരമായ സൈബര്‍ ആക്രമണങ്ങള്‍, സംഘടിതമായി വ്യാജപ്രചാരണങ്ങള്‍ നടത്തല്‍ തുടങ്ങിയവയാണ് ഹാക്കര്‍മാരുടെ പ്രധാന ലക്ഷ്യങ്ങള്‍. ഇന്ത്യക്ക് പുറമെ അമേരിക്ക, കാനഡ, അഫ്ഗാനിസ്താന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്കും മുന്നറിയിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."