കിയാല്‍ സര്‍ക്കാര്‍ കമ്പനി തന്നെയെന്ന് കേന്ദ്രം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളം സ്വകാര്യ കമ്പനിയാണെന്ന വാദമുയര്‍ത്തി വിമാനത്താവള കമ്പനിയിലെ സി.എ.ജി ഓഡിറ്റ് തടഞ്ഞത് നിയമവിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര കമ്പനികാര്യ മന്ത്രാലയം ഇക്കാര്യം കണ്ണൂര്‍ വിമാനത്താവള കമ്പനിയേയും സംസ്ഥാന സര്‍ക്കാരിനെയും അറിയിച്ചു.
കിയാല്‍, കൊച്ചി വിമാനത്താവള കമ്പനി പോലെ സ്വകാര്യ കമ്പനിയാണെന്നും സി.എ.ജി ഓഡിറ്റ് അനുവദിക്കാനാവില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇക്കാര്യം നിയമസഭയിലും വ്യക്തമാക്കിയിരുന്നു. 2016ല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തും വരെ സി.എ.ജിയാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഡിറ്റ് നടത്തിയിരുന്നത്.
ഓഡിറ്റര്‍മാരെ കിയാല്‍ അധികൃതര്‍ തടയുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും എ.ജി പലതവണ കത്തയച്ചിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്ന് ഡല്‍ഹിയില്‍ സി.എ.ജി ഇക്കാര്യം നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. കമ്പനി നിയമം ലംഘിച്ച് ഓഡിറ്റ് തുടര്‍ച്ചയായി തടസപ്പെടുത്തുന്നുവെന്ന് സി.എ.ജി അറിയിച്ചതോടെയാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം കിയാലിന് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിനും പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കുമായി 63 ശതമാനം ഓഹരിയുള്ളതിനാല്‍ കിയാല്‍ സര്‍ക്കാര്‍ കമ്പനിക്ക് തുല്യമാണെന്നും ഓഡിറ്റിനുള്ള നിയമപരമായ അധികാരം സി.എ.ജിക്കാണെന്നും ഈ മാസം 25 ന് കിയാല്‍ എം.ഡിക്ക് അയച്ച കത്തില്‍ കമ്പനികാര്യ മന്ത്രാലയം വ്യക്തമാക്കി.
സി.എ.ജി ഓഡിറ്റ് തടസപ്പെടുത്തിയത് കമ്പനി നിയമപ്രകാരം ഗുരുതരമായ കുറ്റമാണെന്ന് കത്തില്‍ പറയുന്നു. സി.എ.ജി ഓഡിറ്റ് തടസപ്പെടുത്തിയതിന് കമ്പനിയെയും ചുമതലക്കാരെയും പ്രോസിക്യൂട്ട് ചെയ്യുമെന്നും കേന്ദ്ര കമ്പനികാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."