തിരുവങ്ങൂരിലെ ഗോഡൗണിനെതിരേ മനുഷ്യാവകാശ കമ്മിഷന്‍
കൊയിലാണ്ടി: ചേമഞ്ചേരി തിരുവങ്ങൂരില്‍ പ്രവര്‍ത്തിക്കുന്ന ഇരുമ്പു പൈപ്പുകളുടെ ഗോഡൗണിലെ ശബ്ദ മലിനീകരണം കണക്കിലെടുത്ത് നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ജുഡിഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടു.
പരാതിക്കാരനും എതിര്‍കക്ഷിക്കും നോട്ടിസ് നല്‍കും. ഇരു കക്ഷികളെയും കേട്ടശേഷം നടപടി സ്വീകരിക്കുകയോ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുകയോ ചെയ്ത് പരാതി പരിഹരിക്കണമെന്ന് കമ്മിഷന്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് നിര്‍ദേശം നല്‍കി.
തിരുവങ്ങൂര്‍ സ്വദേശി സി.പി ദിനേശന്‍ നല്‍കിയ പരാതിയിലാണ് നടപടി. ശങ്കര ബില്‍ഡിങ്‌സ് എന്ന സ്ഥാപനത്തിനെതിരേയാണ് പരാതി. പരാതിക്കാരന്റെ വീടും ഗോഡൗണും തമ്മില്‍ 15 മീറ്റര്‍ അകലം മാത്രമാണുള്ളത്. അതിരാവിലെ മുതല്‍ രാത്രിവരെ കൂറ്റന്‍ പൈപ്പുകള്‍ ലോറിയില്‍ നിന്ന് ഇറക്കുകയും കയറ്റുകയും ചെയ്യുന്നത് കാരണമുണ്ടാകുന്ന ശബ്ദം അസഹനീയമാണെന്ന് പരാതിയില്‍ പറയുന്നു. സ്ഥാപനത്തിന് ലൈസന്‍സ് നല്‍കുന്നതിന് മുന്‍പ് തനിക്ക് നോട്ടിസ് നല്‍കുകയോ തന്നെ കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്നു പരാതിയില്‍ പറയുന്നു.
എന്നാല്‍ സ്ഥാപനത്തില്‍ ശബ്ദ മലിനീകരണമുണ്ടെന്ന ആക്ഷേപം വാസ്തവ വിരുദ്ധമാണെന്ന് കമ്പനി ഉടമ അറിയിച്ചു. രാവിലെ ഒന്‍പതര മുതല്‍ അഞ്ചരവരെയാണ് പൈപ്പ് ഇറക്കുന്നതെന്നും വാദിച്ചു.
ശബ്ദമലിനീകരണമില്ലെന്ന് ചേമഞ്ചേരി പഞ്ചായത്തും കമ്മിഷനെ അറിയിച്ചു. സ്ഥാപനത്തിന് ശബ്ദ മലിനീകരണം കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ബോര്‍ഡ് കമ്മിഷനെ അറിയിച്ചു.
ഷീറ്റുകള്‍ സൂക്ഷിക്കുന്ന സ്ഥലം പരാതിക്കാരന്റെ വീടിന് സമീപത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്ഥാപന ഉടമ അംഗീകരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മെറ്റല്‍ പൈപ്പുകള്‍ കൂട്ടിമുട്ടുമ്പോഴുള്ള ശബ്ദം അസഹനീയമാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്ന് കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് ലംഘിക്കുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അടിയന്തരമായി തടയണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."