പഠനം അനായാസമാക്കാന്‍ കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ വിജയോത്സവം
ബാലുശ്ശേരി: കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം തരക്കാര്‍ക്ക് പഠനവും പരീക്ഷയും ഉത്സവം തന്നെ. വിജയോത്സവത്തിന്റെ ഭാഗമായുള്ള സംഘപഠന സായാഹ്നങ്ങളും കൂട്ടുകാരും അമ്മമാരും നടത്തുന്ന പരീക്ഷകളും പഠനത്തിന് നല്‍കുന്നത് ഉത്സവഛായ. ദിവസവും വൈകിട്ട് നാലുപേരടങ്ങുന്ന സംഘങ്ങള്‍ ഒരുമിച്ചിരുന്ന് വായനയും ലഘു പരീക്ഷയും ചര്‍ച്ചയും ചോദ്യപ്പയറ്റുമെല്ലാം നടത്തും. ഓരോ പിയര്‍ ഗ്രൂപ്പിനെയും നയിക്കാന്‍ പിയര്‍ ലീഡര്മാരുമുണ്ട്. ചിലപ്പോള്‍ അവര്‍ അധ്യാപക വേഷമിട്ട് സഹപാഠികളെ പഠിപ്പിക്കും. എല്ലാ മാസവും അതത് പാഠഭാഗത്തെ അടിസ്ഥാനമാക്കി നടത്തുന്ന പരീക്ഷകള്‍ക്കും പുതുമകളേറെ. അമ്മമാര്‍ പരീക്ഷ നടത്തിപ്പുകാരായെത്തിയത് വിജയോത്സവ പരിപാടിയില്‍ ശ്രദ്ധേയമായി. അധ്യയന വര്‍ഷാരംഭത്തില്‍ ആവിഷ്കരിച്ച പത്തുപേര്‍ക്ക് ഒരു ടീച്ചറെന്ന നിലയില്‍ ദത്തു നല്കല് പദ്ധതി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികളെ മുഖ്യധാരയിലെത്തിക്കാന്‍ സഹായകമായതായി പി.ടി.എ ഭാരവാഹികള്‍ സുപ്രഭാതത്തോടു പറഞ്ഞു.
പ്രതിമാസ പരീക്ഷയില്‍ കൂടുതല്‍ സ്കോര്‍ നേടിയവരെ പങ്കെടുപ്പിച്ചുള്ള എ പ്ലസ് ക്ലബുകള്‍, സമ്പൂര്‍ണ വിജയം ഉറപ്പാക്കുന്നതിന് പഠന പിന്നാക്കക്കാര്‍ക്ക് ആവിഷ്കരിച്ച തെളിച്ചം പദ്ധതി, എസ്.സി.ഇ.ആര്.ടി പാഠപുസ്തക സമിതിയംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുള്ള അതിഥി ക്ലാസുകള്‍, പത്താംതരക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രഭാത കഞ്ഞി തുടങ്ങിയ പദ്ധതികള്‍ ഈ സര്‍ക്കാര്‍ വിദ്യാലയത്തെ വേറിട്ടു നിര്‍ത്തുന്നു. അധ്യാപകര്‍ തന്നെ തയാറാക്കിയ പ്രവര്‍ത്തനാധിഷ്ഠിത പഠനരീതിയിലുള്ള മൊഡ്യൂളാണ് പരീശീലനത്തിന്റെ രണ്ടാം ഘട്ടത്തിലുപയോഗിക്കുന്നത്. ആദ്യഘട്ടം നടന്ന പൊതു പരിശീലനത്തില്‍ രണ്ടായിരത്തോളം രക്ഷിതാക്കള്‍ പങ്കെടുത്തു. ടി.എം സനീഷ്, ആര്.കെ വാണിശ്രീ എന്നിവര്‍ കണ്‍വീനര്‍മാരായ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."