വയലുകള്‍ നികത്തി ഗെയില്‍ പൈപ്പ്‌ലൈന്‍ പ്രവൃത്തി
നടുവണ്ണൂര്‍: ഗെയില്‍ പ്രകൃതിവാതകത്തിന്റെ പ്രസരണ പൈപ്പ്‌ലൈന്‍ പ്രവൃത്തിക്കായി കോട്ടൂരില്‍ കിലോമീറ്ററുകളോളം വയലുകള്‍ നികത്തുന്നു.
കോട്ടൂര്‍ പഞ്ചായത്തിലെ ആവറാട്ട് മുക്കിനും കൂട്ടാലിടക്കും ഇടക്കുള്ള പൊക്കിട്ടാത്ത്, നാത്താലില്ലത്ത്, പള്ളിയേല്‍, അഴോത്ത് വയലുകളാണ് മണ്ണിട്ടു നശിപ്പിക്കുന്നത്. നികത്തിയ വയലിലെ റോഡിലൂടെ കൊണ്ടുവന്ന പൈപ്പുകളുടെ വെല്‍ഡിങ് ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഈ പൈപ്പുകള്‍ മണ്ണില്‍ താഴ്ത്താനായി നാലു മീറ്റര്‍ വീതിയിലും രണ്ടര മീറ്റര്‍ ആഴത്തിലും വലിയ കിടങ്ങുകളും ഉണ്ടാക്കിയിട്ടുണ്ട്. കിലോമീറ്ററുകള്‍ നീണ്ട വയലിലെ ഈ കിടങ്ങില്‍ വെള്ളം കെട്ടിനില്‍ക്കുകയാണ്. ഈ വെള്ളക്കെട്ടിലാണ് ഇപ്പോള്‍ പൈപ്പുകള്‍ ഇറക്കി വയ്ക്കുന്നത്. കരാര്‍ പ്രകാരം കൃഷിയോഗ്യമായ മേല്‍മണ്ണ് മാറ്റില്ലെന്നും വലിയ കിടങ്ങുകള്‍ കുഴിച്ച് ജലസ്രോതസുകള്‍ നശിപ്പിക്കില്ലെന്നും പറയുന്നുണ്ടെങ്കിലും ഇതിനെയൊക്കെ കാറ്റില്‍ പറത്തിയാണ് പ്രവൃത്തി പുരോഗമിക്കുന്നത്. മുടങ്ങാതെ കൃഷി നടക്കുന്ന വയലിനു സമീപം നിറയെ വീടുകളുണ്ട്. ഇവിടങ്ങളിലെ കിണറുകള്‍ക്കും നാത്താലില്ലത്ത് വയലിലെ ജലനിധി കുടിവെള്ള പദ്ധതിയുടെ കിണറിനും പ്രവൃത്തികള്‍ ഭീഷണിയാകുന്നുണ്ട്.വെള്ളം വറ്റാത്ത വയലുകളും തണ്ണീര്‍ത്തടങ്ങളുമാണ് നശിപ്പിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."