ട്രോളിങ് നിരോധനം നീങ്ങി; പ്രതീക്ഷകളുമായി കടലിലേക്ക്
കൊല്ലം: ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ കഴിഞ്ഞദിവസം അര്‍ധരാത്രി മുതല്‍ നൂറുകണക്കിന് ബോട്ടുകളാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മത്സ്യബന്ധനത്തിനായി പുറംകടലിലേക്ക് പോയിരിക്കുന്നത്.
ഇന്നലെ അര്‍ധരാത്രി നീണ്ടകര പാലത്തിന് കുറുകെ കെട്ടിയിരുന്ന ചങ്ങല നീക്കിയതോടെയാണ് 47 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനത്തിന് അറുതിയായത്. ഇതോടെ തൊഴിലാളികള്‍ അര്‍ധരാത്രി മുതല്‍ കടലില്‍ പോയി തുടങ്ങി.
കാലാവസ്ഥ അനുകൂലമായാല്‍ മികച്ച നേട്ടമാണു ഇക്കുറി മത്സ്യ തൊഴിലാളികള്‍ പ്രതീക്ഷിക്കുന്നത്.
ബോട്ടുകള്‍ കടലിലിറങ്ങിയതോടെ ഹാര്‍ബറുകള്‍ സജീവമാകും. എന്നാല്‍ ബോട്ട് വ്യവസായം നഷ്ടത്തിലായതിനാല്‍ ഇത്തവണ ബോട്ടിന്റെയും വലകളുടെയും അറ്റകുറ്റപ്പണികള്‍ കാര്യമായി നടത്തിയിട്ടില്ലെന്ന് ബോട്ടുടമകള്‍ പറയുന്നു.
ജി.എസ്.ടിയുടെ വരവും ഈ മേഖലയിലെ വല ,റോപ്പ് ഉള്‍പ്പടെ ഉള്ള സാധനങ്ങളുടെ വില വര്‍ധനവിനും കാരണമായി. ഇത്തവണ ഐസിനും വില വര്‍ധിച്ചിട്ടുണ്ട്.
നിയമം കര്‍ക്കശമാക്കിയതിനാല്‍, ബഹുഭൂരിപക്ഷം ബോട്ടുകളും പുതിയ കളര്‍കോഡിലേക്ക് മാറിയിട്ടുണ്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ബോട്ടുകള്‍ക്ക് മുകള്‍ ഭാഗത്ത് വീല്‍ഹൗസ് ഓറഞ്ചും, താഴെ നീലയുമാണ് നിറം നിശ്ചയിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മൂവായിരത്തോളം മല്‍സ്യ ബന്ധന ബോട്ടുകളില്‍ പകുതിയിലേറെയും നീണ്ടകര തുറമുഖം കേന്ദ്രീകരിച്ചാണ് ഉള്ളത്. ഇതില്‍ നൂറില്‍പ്പരം ബോട്ടുകള്‍ ഇതര സംസ്ഥാനത്തു നിന്നുള്ളതാണ്. ട്രോളിങ് നിരോധനം പിന്‍വലിക്കുന്ന ദിവസമായ ഇന്നലെ രാവിലെ മുതല്‍ കുളച്ചല്‍ ഉള്‍പ്പടെയുള്ള ഇതര ദേശങ്ങളില്‍ നിന്നും നീണ്ടകര, ശക്തിക്കുളങ്ങര, തങ്കശ്ശേരി എന്നിവിടങ്ങളിലേയ്ക്ക് തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും പ്രവാഹമായിരുന്നു.
രാവിലെ മുതല്‍ കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ നിന്നുള്ള ബസ്സുകളില്‍ ഇതു കാരണം തിരക്കനുഭവപ്പെട്ടു. രണ്ട് ദിവസം മുമ്പ് തന്നെ മറുനാടുകളില്‍ നിന്നുള്ള തൊഴിലാളികള്‍ എത്തിയിരുന്നുവെങ്കിലും ഏറെപ്പേരും ഇന്നലെ രാവിലെയോടെയാണ് എത്തിച്ചേര്‍ന്നത്.
കൊല്ലം ജില്ലയില്‍ 1,300ന് അടുത്ത് ബോട്ടുകളാണ് കടലിലേക്കു പോവുന്നത്.മത്സ്യബന്ധനത്തിന് പേരുകേട്ട നീണ്ടകരയില്‍ മാത്രം നാന്നൂറോളം ബോട്ടുകളാണ് കടലില്‍ ഇറങ്ങുന്നത്. വായ്പ എടുത്താണ് ഇവരില്‍ പല ബോട്ടുടമകളും ട്രോളിങ് നിരോധനകാലത്ത് അറ്റകുറ്റപ്പണി നടത്തിയത്. നിരോധനകാലത്തു ചെറിയ വള്ളങ്ങള്‍ക്ക് അത്യാവശ്യം നല്ല രീതിയില്‍ മീന്‍ ലഭിച്ചിരുന്നുവെന്നതാണ് ഇവരുടെ പ്രതീക്ഷ.
തമിഴ്‌നാട് കൂടാതെ, ഒഡീഷ, പശ്ചിമബംഗാള്‍, കര്‍ണ്ണാടക, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ബോട്ടുകളില്‍ ജോലിചെയ്യുന്നുണ്ട്. അതേസമയം ഇക്കുറി നിരോധനകാലത്ത് കടലില്‍ നിന്ന് പ്രതീഷിച്ചതുപോലെ മത്സ്യം ലഭിച്ചില്ലെന്ന് പരമ്പരാഗത തൊഴിലാളികള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."