വീരേന്ദ്രകുമാറിനും മകനുമെതിരേ ത്വരിതാന്വേഷണത്തിന് ഒരുമാസം കൂടി
തലശ്ശേരി: ആദിവാസികള്‍ക്കു പതിച്ചുനല്‍കാനുള്ള ഭൂമി അനധികൃതമായി കൈവശം വയ്ക്കുകയും മറിച്ചുവില്‍ക്കുകയും ചെയ്തെന്ന പരാതിയില്‍ എം.പി വീരേന്ദ്രകുമാര്‍ എം.പിക്കും മകന് എം.വി ശ്രേയാംസ് കുമാറിനുമെതിരേ ത്വരിതാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുമാസം കൂടി ആവശ്യമാണെന്ന വിജിലന്‍സിന്റെ ഹരജി തലശ്ശേരി വിജിലന്‍സ് കോടതി സ്പെഷല്‍ ജഡ്ജി വി. ജയറാം അനുവദിച്ചു. എറണാകുളം പാലാരിവട്ടത്തെ എസ്.എന്‍.ഡി.പി യൂനിയന്‍ കണ്‍വീനറും മാതൃഭൂമി മുന്‍ ജീവനക്കാരനുമായ പി.രാജന് നല്കിയ പരാതിയെ തുടര്‍ന്നാണു കോടതി നേരത്തെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.
വയനാട് വിജിലന്‍സ് ഡിവൈ.എസ്.പിക്കാണു കോടതി അന്വേഷണ ചുമതല നല്‍കിയിരുന്നത്. ഓഗസ്റ്റ് എട്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു കോടതി ജൂലൈ എട്ടിന് ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഒരുമാസം കൂടി അധികം അനുവദിക്കണമെന്നു ഡിവൈ.എസ്.പി കോടതിയില്‍ രേഖാമൂലം ആവശ്യപ്പെടുകയായിരുന്നു. ഈ ഹരജി കോടതി ഇന്നലെ അനുവദിക്കുകയും ചെയ്തു. മുന്‍ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദന്, ഉമ്മന്‍ചാണ്ടി എന്നിവരും പരാതിയിലെ എതിര്‍കക്ഷികളാണ്. ഇവര്‍ക്കെതിരേയും അന്വേഷണം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."