തുവ്വൂര്‍ പഞ്ചായത്തിനെതിരേ അഴിമതിയാരോപണം
തുവ്വൂര്‍: ഗ്രാമപഞ്ചായത്തിലെ കിളിക്കോട് കുടിവെള്ള പദ്ധതിയിലും റോഡ് നിര്‍മാണത്തിലും വ്യാപക അഴിമതി നടത്തിയിട്ടുണ്ടെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്ത്. ഇത് സംബന്ധിച്ച് ഗ്രാമവികസന വകുപ്പിന് യു.ഡി.എഫ് നല്കി പരാതിയുടെ അടിസ്ഥാനത്തില്‍ വകുപ്പ് അധികൃതര്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചു.
കിളിക്കോട് എസ്.സി കോളനി കുടിവെള്ള പദ്ധതിക്കായി തുവ്വൂര്‍ ഗ്രാമപഞ്ചായത്ത് 3.5 ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാല്‍ 25 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയുടെ നിര്‍മാണത്തിനായി എഴുപതിനായിരം രൂപ പോലും വിനിയോഗിച്ചിട്ടില്ലന്നും പദ്ധതിയുടെ പ്രയോജനം ഇവിടുത്തെ കുടുംബങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നുമാണ് യു.ഡി.എഫി ന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് അംഗം മഠത്തില്‍ അലവിക്ക് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയില്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ വിശദമാക്കുന്നുണ്ട്.
കുടിവെള്ള പദ്ധതിക്കു പുറമെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഏഴു ലക്ഷം രൂപയും എ.പി. അനില്‍കുമാര്‍ എം.എല്‍.എ അനുവദിച്ച ആറു ലക്ഷം രൂപയും ഉള്‍പ്പടെ 13 ലക്ഷം രൂപ ചിലവില്‍ ടാറിങ് പ്രവര്‍ത്തി പൂര്‍ത്തികരിച്ച പൊടുവണ്ണി- മുക്കട്ട റോഡിന് ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപ അനുവദിച്ചതായും ഈ തുക ഉപയോഗിച്ചുള്ള യാതൊരു പ്രവര്‍ത്തിയും റോഡില്‍ നടന്നിട്ടില്ലന്നും പരാതിയില്‍ പറയുന്നുണ്ട്. ഇല്ലാത്ത പദ്ധതികളുടെ പേരില്‍ തീവെട്ടി കൊള്ളയാണ് തുവ്വൂര്‍ ഗ്രാമപഞ്ചായത്തില്‍ നടക്കുന്നതെന്നും കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി പി.വി സുരേഷ് ബാബു,എം.അലവി, സി.ടി. മുത്തു, പി. കബീര്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."