മാര്‍ച്ചോടെ സമ്പൂര്‍ണ വൈദ്യുതീകരണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
പാലക്കാട്: വാസയോഗ്യമായ ഇടങ്ങളില്‍ വൈദ്യുതി നല്‍കുന്നതിന് സങ്കേതികപ്രശ്‌നങ്ങള്‍ തടസമാകില്ലെന്ന് വൈദ്യുത-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഓഗസ്റ്റ് 31 വരെ ആള്‍ത്താമസം ഉണ്ടായിരുന്ന വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കി 2017 മാര്‍ച്ചോടെ സംസ്ഥാനത്ത് സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. സമ്പൂര്‍ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ എം.എല്‍.എമാരുടെ സാന്നിധ്യത്തില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ വിളിച്ച്‌ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സമ്പൂര്‍ണവൈദ്യുതീകരണം പൂര്‍ത്തീക്കരിക്കാന്‍ ജില്ലാ, നിയമസഭാമണ്ഡലം, പഞ്ചായത്ത് എന്നീ മൂന്ന് തലങ്ങളില്‍ വിപുലമായ ജനകീയ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കും.
ജില്ലയില്‍ ചുമതലയുള്ള മന്ത്രി ചെയര്‍മാനും ജില്ലാ കലക്ടറ്റര്‍ കണ്‍വീനറും ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ ജോയിന്റ് കണ്‍വീനര്‍മാരുമായുള്ളതായിരിക്കും ജില്ലാസമിതി. നിയമസഭാമണ്ഡലങ്ങളില്‍ എം.എല്‍.എ ചെയര്‍മാനും പഞ്ചായത്ത്തലത്തില്‍ പ്രസിഡന്റ് അധ്യക്ഷനുമായിരിക്കും.
ജില്ലയിലെ നിയമസഭാസമിതികള്‍ 10 ദിവസത്തിനകം സമിതി രൂപീകരിക്കണം. ശേഷമുളള 10 ദിവസത്തിനകം പഞ്ചായത്ത് സമിതികള്‍ രൂപീകരിക്കണം. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി പഞ്ചായത്ത്തലത്തില്‍ വാര്‍ഡ് അംഗവും കുടുംബശ്രീ പ്രവര്‍ത്തകരും സംയുക്ത സര്‍വേ നടത്തും. സെപ്റ്റംബര്‍ മൂന്ന്, നാല് തിയതികളിലായി വൈദ്യുതി ഇല്ലാത്ത ഭവനങ്ങളെ കണ്ടെത്തി രേഖപ്പെടുത്തും. സെപ്റ്റംബര്‍ ഒന്‍പതിന് ലിസ്റ്റിന്റെ കരട് പ്രസിദ്ധീകരിക്കും. 20ന് അന്തിമപട്ടിക തയാറാക്കി സെക്ഷന്‍ ഓഫിസുകളിലും പഞ്ചായത്ത് ഓഫിസുകളിലും പ്രസിദ്ധപ്പെടുത്തണമെന്നും മന്ത്രി അറിയിച്ചു. വൈദ്യുതികമ്പി വലിയ്ക്കുന്നതിന് അനുവാദം ആവശ്യമുള്ള ഇടങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ എ.ഡി.എമ്മിന് ചുമതല നല്‍കി പ്രശ്‌നങ്ങള്‍ പരിഹരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."