മാണി മുന്നണി വിട്ടത് വ്യക്തമായ കാരണങ്ങളില്ലാതെ: ചെന്നിത്തല
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫ് വിട്ടുപോയത് വ്യക്തമായ കാരണങ്ങളില്ലാതെയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കെ.എം മാണി ധനമന്ത്രിയായിരിക്കെ പ്രതിപക്ഷം രാജി ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ സന്ദര്‍ഭത്തില്‍ യു.ഡി.എഫ് ചങ്കുകൊടുത്ത് സംരക്ഷിച്ചാണ് അദ്ദേഹത്തിന് ബജറ്റ് അവതരിപ്പിക്കാന്‍ സൗകര്യമുണ്ടാക്കിക്കൊടുത്തതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യു.ഡി.എഫുമായുള്ള 34 വര്‍ഷത്തെ ബന്ധം ഉപേക്ഷിക്കാന്‍ മാണി പറഞ്ഞതൊന്നും മതിയായ കാരണങ്ങളല്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ യു.ഡി.എഫില്‍ ഉന്നയിക്കാമായിരുന്നു. മുന്നണിക്കകത്ത് ചര്‍ച്ചയോ കോണ്‍ഗ്രസുമായി ഉഭയകക്ഷി ചര്‍ച്ചയോ ആവാമായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന യു.ഡി.എഫ് യോഗത്തില്‍ മാണി ഒന്നും പറഞ്ഞില്ല.
നിയമസഭയില്‍ അദ്ദഹത്തിന്റെ പാര്‍ട്ടി യു.ഡി.എഫിന്റെ പൊതു നിലപാടുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. മൂന്നു തവണ സംയുക്ത നിയമസഭാകക്ഷി യോഗം വിളിച്ചപ്പോഴും പറഞ്ഞില്ല. മുന്നണി വിടാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത പത്രങ്ങള്‍ വഴിയാണ് അറിയുന്നത്. ഒരു പ്രകോപനവും കോണ്‍ഗ്രസില്‍ നിന്നോ യു.ഡി.എഫില്‍ നിന്നോ ഉണ്ടായിട്ടില്ല.
കേരള കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന മാണിയുടെ ആരോപണം തെറ്റാണ്. ബാര്‍കോഴക്കേസിന്റെ പേരില്‍ അന്നത്തെ പ്രതിപക്ഷം മാണിക്കെതിരേ തിരിഞ്ഞപ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. അന്നത്തെ പ്രതിപക്ഷനേതാവ് വിജിലന്‍സ് ഡയറക്ടര്‍ക്കു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ത്വരിതപരിശോധന നടന്നിരുന്നു. അതില്‍ ആഭ്യന്തരമന്ത്രിയായിരുന്ന താന്‍ ഇടപെട്ടിട്ടില്ലെന്നതു ശരിയാണ്. അന്വേഷണം നടത്തരുതെന്ന് മന്ത്രിക്കു പറയാനാവില്ല. ആരെയെങ്കിലും കേസില്‍ കുടുക്കാനോ കേസില്‍ നിന്ന് രക്ഷിക്കാനോ താന്‍ ശ്രമിച്ചിട്ടില്ല. മാണിക്കെതിരേയും കെ. ബാബുവിനെതിരേയും നടന്ന ത്വരിത പരിശോധന തമ്മില്‍ വ്യത്യാസമുണ്ട്. മാണിക്കെതിരായ കേസില്‍ തെളിവെടുപ്പിന് സാക്ഷികളാരും എത്തിയില്ല. അവരെ വിളിച്ചുവരുത്തണമെങ്കില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട് എന്നതിനാല്‍ അങ്ങനെ ചെയ്തു. എന്നാല്‍ ബാബുവിനെതിരായ കേസില്‍ സാക്ഷികള്‍ എത്തി ആരോപണം ശരിയല്ലെന്ന് മൊഴി കൊടുത്തു.
അന്വേഷണം നടത്തി വിജിലന്‍സ് കോടതിയില്‍ മാണി നിരപരാധിയാണെന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് സമര്‍പ്പിച്ചത്. യു.ഡി.എഫിന്റെ കാലത്താണ് മാണിക്ക് അഗ്നിശുദ്ധി നേടാനായത്. ഭരണം മാറിയിയിട്ടും വിജിലന്‍സിന് അതേ നിലപാടാണ്. മാണി നിരപരാധിയാണെന്ന നിലപാടാണ് യു.ഡി.എഫിന് അന്നും ഇന്നുമുള്ളത്. അതിന്റെ പേരില്‍ താന്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. തനിക്ക് മാണിയോട് ഒരു വിരോധവുമില്ല. ബാര്‍കോഴക്കേസില്‍ ഗൂഢാലോചന നടന്നു എന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് കേരള കോണ്‍ഗ്രസിന്റെ കൈവശമുണ്ടെങ്കില്‍ അത് പുറത്തുവിടട്ടെ. മാണി നിരപരാധിയാണെന്നു തന്നെയാണ് താന്‍ ഇപ്പോഴും പറയുന്നത്.
തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളുടെ കാലുവാരിയ ചരിത്രം കോണ്‍ഗ്രസിനില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തിനു ജയിച്ചത് പി.ജെ ജോസഫാണെന്ന് ഓര്‍ക്കണം. കോണ്‍ഗ്രസിന് വലിയ പരാജയമാണുണ്ടായത്. അതിന് ആരോടാണ് പരാതി പറയേണ്ടത്? കേരള കോണ്‍ഗ്രസിനോട് നേരത്തെയുള്ള സമീപനം തുടരും. എന്നാല്‍ യു.ഡി.എഫിനോ കോണ്‍ഗ്രസിനോ എതിരേ ആരോപണമുന്നയിച്ചാല്‍ മറുപടി പറയേണ്ടിവരും. മാണിയുമായി ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് എപ്പോഴും തയാറാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാണിയുടെ പാര്‍ട്ടിയുമായി ഭാവിയിലെ ബന്ധം എപ്രകാരമായിരിക്കുമെന്ന് ചര്‍ച്ച ചെയ്തു തീരുമാനിക്കും. ചില കോണ്‍ഗ്രസ് നേതാക്കള്‍ ധാര്‍ഷ്ട്യത്തോടെയാണ് സംസാരിക്കുന്നതെന്ന ജോണി നെല്ലൂരിന്റെ ആരോപണം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍, ആ ധാര്‍ഷ്ട്യം കൊണ്ടാണല്ലോ മുന്നണി വിട്ടുപോയ ജോണി തിരിച്ചെത്തിയപ്പോള്‍ യു.ഡി.എഫിന്റെ സെക്രട്ടറിയാക്കിയതെന്ന് ചെന്നിത്തല പറഞ്ഞു.
മാണിക്ക് രഹസ്യ അജന്‍ഡ;
തിരിച്ചുവിളിക്കേണ്ട: യൂത്ത് കോണ്‍ഗ്രസ്
കൊച്ചി: യു.ഡി.എഫ് വിട്ടുപോയ കെ.എം.മാണിക്ക് രഹസ്യ അജന്‍ഡയുണ്ടെന്നും അതു കാത്തിരുന്നു കാണാമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. കേരള കോണ്‍ഗ്രസ് എമ്മിനോട് പുകഞ്ഞകൊള്ളി പുറത്ത് എന്ന നയം യു.ഡി.എഫ് സ്വീകരിക്കണം. കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയും മാണിയോട് മൃദുസമീപനം വച്ചുപുലര്‍ത്തരുത്. കേരളാ കോണ്‍ഗ്രസിനെ യു.ഡി.എഫ് അല്ല ചതിച്ചത്. മറിച്ച് യു.ഡി.എഫിനെ കേരളാകോണ്‍ഗ്രസ് വഞ്ചിക്കുകയും ചതിക്കുകയുമാണ് ചെയ്തത്. ആരും പ്രകോപിപ്പിച്ച് പുറത്താക്കിയതല്ല മാണി ഗ്രൂപ്പിനെ. പുതിയ മേച്ചില്‍പ്പുറം തേടിപ്പോയവരെ തിരിച്ചുവിളിക്കരുതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
രാഷ്ട്രീയവെല്ലുവിളിയായി ഏറ്റെടുത്ത് ഈ അവസരം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രയോജനപ്പെടുത്തണമെന്നും ഡീന്‍ കൂട്ടിച്ചേര്‍ത്തു. താഴേത്തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ മാണി ഗ്രൂപ്പ് നേതൃത്വം അടിച്ചേല്‍പ്പിച്ച തീരുമാനമാണിത്. കേരളാ കോണ്‍ഗ്രസ് (എം) യു.ഡി.എഫ് വിട്ടതിനെതിരേ യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞദിവസം നടത്തിയ പ്രതിഷേധങ്ങള്‍ സ്വാഭാവിക പ്രതികരണമായി കണ്ടാല്‍ മതിയെന്നും ഡീന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."