ജാഫറലിയുടെ വിയോഗം; കണ്ണീരടക്കാനാകാതെ നാട്
പരപ്പനങ്ങാടി: കെട്ടുങ്ങല്‍ അഴിമുഖത്ത് കുളിക്കുന്നതിനിടെ മുങ്ങിമരിച്ച മാപ്പൂട്ടില്‍ റോഡിലെ പരേതനായ പുത്തന്‍മാക്കാനകത്ത് സൈതാലിയുടെ മകന്‍ ജാഫറലി(16)ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ജാഫറലിയുടെ മയ്യിത്ത് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ ഉച്ചയോടെ പനയത്തില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി.
ഞായറാഴ്ച്ച ഉച്ചക്ക് പന്ത്രണ്ടരയോടെ ഉറ്റചങ്ങാതിമാരായ ജിഫ്‌സല്‍, സഅദ്, ദില്‍ഷാദ്, സല്‍മാന്‍ എന്നിവരോടൊപ്പം കുളിക്കുന്നതിനിടെയാണ് ജാഫറലിയെ മരണം തട്ടിയെടുത്തത്. രാവിലെ പത്രവിതരണം നടത്താറുള്ള ജാഫറലി അന്നത്തെ വിതരണം കഴിഞ്ഞു വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് ഭക്ഷണം ഒരുക്കി കാത്തിരുന്ന ഉമ്മ ഞെട്ടലോടെ കേട്ടത് പൊന്നുമോന്റെ മരണവാര്‍ത്തയായിരുന്നു. ചെറുപ്പത്തിലേ ഉപ്പ മരിച്ച ഇളയ മകന്‍ ജാഫറലിക്ക് ഒരു സഹോദരനും നാല് സഹോദരിമാരുമാണുള്ളത്. പരപ്പനങ്ങാടി ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ജാഫറലി ചിത്രരചനയില്‍ മിടുക്കനാണ്. കൂട്ടുകാരന്റെ ചലനമറ്റ ശരീരം ഒരു നോക്ക് കാണാന്‍ സഹപാഠികള്‍ നിറകണ്ണുകളോടെ വീട്ടിലേക്കൊഴുകി. സ്‌കൂളില്‍ അനുസ്മരണ യോഗം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."