ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതിനെ വിമര്‍ശിച്ച് എല്‍.ഡി.എഫ്
തിരുവനന്തപുരം: ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രിയെയും സംസ്ഥാന പൊലിസ് മേധാവിയെയും വിളിച്ചുവരുത്തിയതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ്. ചരിത്രത്തില്‍ തന്നെ വളരെ അപൂര്‍വമായ സംഭവമാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തുന്നത്. ഫെഡറല്‍ സംവിധാനത്തിനുമേലുള്ള കടന്നുകയറ്റമാണെന്നു ബോധ്യമുണ്ടായിട്ടും മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണര്‍ ഈ നടപടിക്കു മുതിര്‍ന്നത് കേന്ദ്രത്തിന്റെ ശക്തമായ ഇടപെടലിന്റെ ഭാഗമാണെന്നാണ് എല്‍.ഡി.എഫിന്റെ വിമര്‍ശനം.
ഇക്കാര്യത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതു ഭരണഘടനാ ലംഘനമാണെന്നാണ് കാനം പറഞ്ഞത്. സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കൈകടത്തുന്നതു ശരിയല്ലെന്നും മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയത് തെറ്റായെന്നും വൈക്കം വിശ്വനും ആരോപിച്ചു.
കഴിഞ്ഞ ദിവസം തലസ്ഥാനത്തടക്കം ചില ജില്ലകളില്‍ ഉണ്ടായ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിന്റെയും ശ്രീകാര്യത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടതിന്റെയും പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും വിളിച്ചുവരുത്തിയത്. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം കൊണ്ടുവരാന്‍ എടുത്ത നടപടികളെ കുറിച്ചാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആരാഞ്ഞത്. കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡി.ജി.പിയോടും നിര്‍ദേശിച്ചു.
എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ സ്വാധീനം കേരളത്തിലേക്കും വ്യാപിപ്പിക്കാനുള്ള തന്ത്രപരമായ നീക്കമാണ് ബി.ജെ.പി നടത്തുന്നതെന്നാണ് എല്‍.ഡി.എഫിന്റെ വിലയിരുത്തല്‍. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നതായി വരുത്തിത്തീര്‍ക്കുകയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഇതിന്റെ മറപിടിച്ച് സംസ്ഥാന സര്‍ക്കാരിനെ വരെ പുറത്താക്കാനുള്ള നീക്കമാണു നടക്കുന്നതെന്നും എല്‍.ഡി.എഫ് കണക്കുകൂട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."