ജി.എസ്.ടി ബില്‍ പാസായി; ഉപഭോക്താവ് ഇനി രാജാവ്: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യസഭ പാസാക്കിയ ജി.എസ്.ടി (ചരക്കുസേവന നികുതി)ബില്‍ ലോക്‌സഭ ഏകപക്ഷീയമായി പാസാക്കി. ഹാജരായ 429 എം.പിമാരും പ്രധാന ബില്ലിനെ അനുകൂലിച്ചു.
എ.ഡി.എം.കെ എംപിമാര്‍ മാത്രം വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയി. ഇനി മൂന്നു അനുബന്ധ ബില്ലുകള്‍ കൂടി പാര്‍ലമെന്റില്‍ പാസാക്കും. തുടര്‍ന്ന് രാജ്യത്തെ പകുതിയിലേറെ സംസ്ഥാന നിയമസഭകളില്‍ കൂടി ഇനി പാസാക്കിയ ശേഷമേ ജി.എസ്.ടി നിയമമായി നടപ്പാക്കാനാകൂ. എന്നാല്‍, എന്‍.കെ. പ്രേമചന്ദ്രന്റെ ഭേദഗതികള്‍ ശബ്ദവോട്ടോടെ സഭ തള്ളി. പുതിയ നികുതി പരിഷ്‌കരണം മാറ്റത്തിലേക്കുള്ള ചുവടുവെയ്പ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജി.എസ്.ടി ബില്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. ബില്‍ വിഷയത്തില്‍ സോണിയാ ഗാന്ധിയോടും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോടും ഉപദേശം തേടിയതായും എല്ലാവരുടെയും സഹകരണത്തേടെയാണ് ബില്‍ പാസാക്കിയതെന്നും മോദി പ്രസംഗത്തിനിടെ പറഞ്ഞു.
ദരിദ്രരെ ഉയര്‍ത്തികെണ്ടുവരുകയെന്ന സര്‍ക്കാറിന്റെ ലക്ഷ്യം ജി.എസ്.ടി ബില്ലിലൂടെ സാധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താവാണ് ഇനി രാജാവ്. വികസിത രാജ്യങ്ങളില്‍ പോലും ധനബില്ലുകള്‍ പാസാക്കാന്‍ പ്രയാസപ്പെടുമ്പോള്‍ ഇത്രയും സുപ്രധാന ബില്‍ സമവായത്തോടെ ഏകകണ്ഠമായി പാസാക്കാനായതു ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വിജയമാണ്.
മദ്യം, പെട്രോളിയം ഉത്പന്നങ്ങള്‍ എന്നിവ ഒഴികെയുള്ളവയാണു ഏകീകൃത ചരക്കു സേവന നികുതി ബില്ലിന്റെ പരിധിയില്‍ വരിക. ഭക്ഷ്യ വസ്തുക്കളെയും മരുന്നുകളെയും ജി.എസ്.ടി നികുതിയില്‍ നിന്നൊഴിവാക്കിയതിനാല്‍ പാവപ്പെട്ടവരെ ബാധിക്കില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. ചെറുകിട കച്ചവടക്കാര്‍ക്കും ജി.എസ്.ടിയില്‍ ആവശ്യമായ സംരക്ഷണം നല്‍കും.
ബില്‍ കഴിഞ്ഞവര്‍ഷം മെയില്‍ ലോക്‌സഭ പാസാക്കിയിരുന്നെങ്കിലും പിന്നീട് രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ലില്‍ ഭേദഗതി വരുത്തിയതിനാലാണ് വീണ്ടും ലോക്‌സഭയില്‍ കൊണ്ടുവരുന്നത്. ലോക്‌സഭയില്‍ സര്‍ക്കാരിനു മൂന്നിലൊന്ന് ഭൂരിപക്ഷമുള്ളതിനാല്‍ ബില്‍ പാസാകുമെന്ന് ഉറപ്പായിരുന്നു. ഇരു പാര്‍ട്ടികളും സഭയില്‍ വേണമെന്നാവശ്യപ്പെട്ട് വിപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് ജി.എസ്.ടി സംബന്ധിച്ച 122ാം ഭരണഘടനാ ഭേഗഗതി ബില്‍ രാജ്യസഭയില്‍ പാസായത്.
കേരളം, ബംഗാള്‍ ധനമന്ത്രിമാര്‍ ചൂണ്ടിക്കാട്ടിയ ആദ്യ ബില്ലിലെ നേരിയ തെറ്റുകള്‍ തിരുത്തിയതായി ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ മന്ത്രി ജയ്റ്റ്‌ലി വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി തുടങ്ങിയ ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നുള്ള പി. കരുണാകരന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, സി.എന്‍. ജയദേവന്‍, ജോയിസ് ജോര്‍ജ് എന്നിവരും സംസാരിച്ചു. മുസ്‌ലിം ലീഗ് നേതാവ് ഇ. അഹമ്മദും യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസ്എമ്മിലെ ജോസ് കെ. മാണിയും ബില്ലിനെ അനുകൂലിച്ചു.
ലോക്‌സഭയുടെ അംഗീകാരം കിട്ടിയതോടെ ബില്‍ സംസ്ഥാന നിയമസഭകളുടെ അംഗീകാരത്തിനു വിടും. ആകെയുള്ള 29ല്‍ ചുരുങ്ങിയത് 15 സംസ്ഥാനങ്ങളെങ്കിലും ബില്‍ അംഗീകരിച്ചിരിക്കണം. പാര്‍ലമെന്റിന്റെ അനുമതികിട്ടി 30 ദിവസത്തിനുള്ളിലാണ് നിയമസഭകള്‍ ബില്ലിനെ പിന്തുണയ്‌ക്കേണ്ടത്. പകുതിയിലേറെ നിയമസഭകളുടെ അംഗീകാരംകൂടികിട്ടിയ ശേഷം രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ രാജ്യമാകെ ഒറ്റവിപണിയും ഒറ്റ നികുതിയും എന്ന സംവിധാനത്തിലേക്കു മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."