പവാറും കോണ്‍ഗ്രസിലെ ഇത്തിരിക്കുഞ്ഞന്മാരും
ഗത്യന്തരമില്ലാതെ മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനത്തുനിന്നു ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചപ്പോള്‍ കോണ്‍ഗ്രസിലെ ചില ഉന്നതനേതാക്കള്‍ വീമ്പിളക്കിയത് ഓര്‍ക്കുന്നോ. 'ഞങ്ങളോടു കളിച്ചാല്‍ ഇങ്ങനിരിക്കും' എന്ന മട്ടിലായിരുന്നു അവരുടെ പ്രതികരണം.
രണ്ടുദിവസം മുമ്പ്, അമ്മാവനെ ചതിച്ചു മറുകണ്ടം ചാടിയ അജിത് പവാര്‍ പിന്തുണക്കാത്തതിന്റെ ബലത്തില്‍ ഫഡ്‌നാവിസ് മുഖ്യമന്ത്രിക്കസേരയില്‍ ചാടിക്കയറിയപ്പോള്‍ ഇതേ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞ വാക്കുകളും മറക്കരുത്. 'എന്‍.സി.പി ചതിച്ചു, അവരുടെ പ്രേരണയാല്‍ ശിവസേനയോടു കൂട്ടുകൂടാന്‍ തീരുമാനിച്ചതു തെറ്റായിപ്പോയി' എന്നായിരുന്നു അന്നത്തെ പ്രതികരണം.
രണ്ടുദിനം കൊണ്ടെങ്ങനെ നിലപാട് കീഴ്‌മേല്‍ മറിഞ്ഞു. ബി.ജെ.പിയെ അധികാരത്തില്‍നിന്നു വലിച്ചു താഴെയിറക്കുന്നതില്‍ ഈ നേതാക്കളുടെ പങ്കെന്തായിരുന്നു. കോണ്‍ഗ്രസിനു പഴയ പ്രതാപത്തിലേയ്ക്കു തിരിച്ചുവരവുണ്ടാവണമെങ്കില്‍ ഇപ്പോള്‍ ആ പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്ന അവശരും ആര്‍ത്തരും ആലംബഹീനരുമായ നേതാക്കള്‍ തീര്‍ച്ചയായും വീണ്ടുവിചാരം നടത്തേണ്ടതുണ്ട്. തങ്ങള്‍ പണ്ടു ചെയ്ത അക്ഷന്തവ്യമായ ചതിയുടെ ആഴം അവര്‍ തിരിച്ചറിയേണ്ടതുണ്ട്.
ബി.ജെ.പി വിരുദ്ധ ചേരിയില്‍ ആരുടെ വിജയമാണ് മഹാരാഷ്ട്രയിലുണ്ടായത് ? ഒരു സംശയവും വേണ്ട, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തി വിട്ട ഒരു നേതാവിന്റെയും വിജയമല്ല. ഇപ്പോള്‍ മുഖ്യമന്ത്രിക്കസേരയിലിരിക്കുന്ന ഉദ്ധവ് താക്കറെയുടെയുമല്ല, ആ വിജയത്തിന് ഉടമ ഒരേയൊരാള്‍ മാത്രമാണ്, ശരദ് പവാര്‍.
പവാറിന്റെ തന്ത്രജ്ഞത മൂലം മഹാരാഷ്ട്രയില്‍ കര്‍ണാടകയും ഗോവയും ആവര്‍ത്തിച്ചില്ല എന്നതൊരു രാഷ്ട്രീയനേട്ടം. സുപ്രധാന നേട്ടം അതല്ല, നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും നേതൃത്വത്തില്‍ അഞ്ചുവര്‍ഷമായി രാജ്യത്തുടനീളം നടന്ന ജൈത്രയാത്രയുടെ അന്ത്യത്തിന് ആരംഭം കുറിച്ചിരിക്കുന്നുവെന്നതാണ്. മഹാരാഷ്ട്രയിലെ വീഴ്ചയോടെ, ബി.ജെ.പിക്കകത്ത് മുറുമുറുപ്പു തുടങ്ങിക്കഴിഞ്ഞുവെന്നാണ് ഉപശാലകളില്‍ നിന്നുള്ള വിവരങ്ങള്‍.
തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിച്ച ബി.ജെ.പിയും ശിവസേനയും ഭൂരിപക്ഷം സീറ്റുകളും നേടിയെടുത്തപ്പോള്‍ തോല്‍വി സമ്മതിച്ചു പ്രതിപക്ഷത്തിരിക്കുമെന്നു പ്രഖ്യാപിച്ച നേതാവാണ് ശരദ്പവാര്‍. മുഖ്യമന്ത്രിക്കസേരയ്ക്കു ശിവസേന വാശിപിടിച്ചപ്പോഴും ബി.ജെ.പി വിട്ടുകൊടുക്കാതിരുന്നത് ശിവസേനയെ പിന്തുണയ്ക്കാന്‍ പവാര്‍ എത്തില്ലെന്നും ശിവസേന ഒടുവില്‍ ഗതികെട്ടു തങ്ങളുടെ കാല്‍ക്കീഴില്‍ വരുമെന്നുമുള്ള വിശ്വാസത്താലായിരുന്നു.
മന്ത്രിസഭാ രൂപീകരണത്തിനുള്ള ആദ്യാവസരത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയാതെ ബി.ജെ.പി പിന്‍വാങ്ങുകയും അടുത്ത ഊഴം ശിവസേനയ്ക്കു ലഭിക്കുകയും ചെയ്തപ്പോള്‍ മാത്രമാണു പവാര്‍ അതിലെ സുവര്‍ണാവസരം ദര്‍ശിക്കുന്നത്. മഹാരാഷ്ട്രാ വിജയം മാത്രമായിരുന്നില്ല പവാറിന്റെ മനസിലെന്നുറപ്പ്, അതിനു രാജ്യതലസ്ഥാനത്തോളം വ്യാപ്തിയുണ്ടായിരുന്നു. താനുള്‍പ്പെടെയുള്ള പ്രതിപക്ഷത്തെ ഉന്നതനേതാക്കളെ അഴിക്കുള്ളിലാക്കി എക്കാലവും അധികാരത്തിലിരിക്കാമെന്ന ബി.ജെ.പി തന്ത്രം തകര്‍ക്കാന്‍ മഹാരാഷ്ട്ര ആയുധമാക്കണമെന്നു പവാര്‍ തീരുമാനിച്ചു.
അതുകൊണ്ടാണ് മുഖ്യമന്ത്രിക്കസേര ശിവസേനയ്ക്കു വിട്ടുകൊടുക്കാനും ശിവസേനയുമായി അടുക്കാന്‍ മടിച്ച കോണ്‍ഗ്രസില്‍ തുടര്‍ച്ചയായി സമ്മര്‍ദം ചെലുത്താനും പവാര്‍ തീരുമാനിച്ചത്. പവാര്‍ ആഗ്രഹിച്ചുരുന്നെങ്കില്‍ അദ്ദേഹം നിര്‍ദേശിക്കുന്നവര്‍ക്ക് പാതികാലത്തേയ്‌ക്കെങ്കിലും, ഒരുപക്ഷേ അഞ്ചുവര്‍ഷം പൂര്‍ണമായും, മുഖ്യമന്ത്രിക്കസേര വിട്ടുകൊടുക്കാന്‍ ഉദ്ധവ് താക്കറെ തയാറാകുമായിരുന്നു. കാരണം, ശിവസേനയുടെ അപ്പോഴത്തെ അജന്‍ഡ ബി.ജെ.പിയെ നാണം കെടുത്തുകയെന്നതു മാത്രമായിരുന്നു.
തീര്‍ച്ചയായും, പവാര്‍ മനസില്‍ കാണുന്നത് മാനത്തുകാണുന്നവരാണ് മോദിയും അമിത്ഷായും. തങ്ങളെ തകര്‍ത്ത് അധികാരം പിടിച്ചെടുക്കാനുള്ള പവാറിന്റെ തന്ത്രം തകര്‍ക്കാന്‍ അവര്‍ പടയൊരുക്കിയത് എന്‍.സി.പി പാളയത്തില്‍ തന്നെ. എന്‍.സി.പിയിലെ രണ്ടാമനും പവാറിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായ സഹോദരപുത്രന്‍ അജിത് പവാറിനെ അഴിമതിക്കുരുക്കില്‍ ഭീഷണിപ്പെടുത്തി അവര്‍ ഒപ്പംകൂട്ടി. എന്‍.സി.പിയുടെ പരിപൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്ന കത്ത് സ്വന്തമാക്കി രായ്ക്കുരാമാനം അധികാരത്തില്‍ കയറി. അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കി ബന്ധം വിട്ടുപോകില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
ഓര്‍ക്കാപ്പുറത്തുള്ള വന്‍തിരിച്ചടിയാണത്. ആരും പതറിപ്പോകും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ പാര്‍ട്ടിയെ അനാഥമാക്കി കോണ്‍ഗ്രസ് പ്രസിഡന്റ് ഒളിച്ചോടിയതു കണ്ടതാണല്ലോ. അത്തരം രാഷ്ട്രീയപക്വതയില്ലായ്മ പവാറില്‍ നിന്നുണ്ടായില്ല. ആ ചാണക്യന്റെ മനസ് മറുതന്ത്രം മെനഞ്ഞു. മറുകണ്ടം ചാടിയ എം.എല്‍.എമാരെ തിരിച്ചുപിടിച്ചു. ബി.ജെ.പിക്ക് കൂച്ചുവിലങ്ങിട്ടില്ലെങ്കില്‍ സംഭവിക്കാവുന്ന അപകടം സോണിയയെ ബോധ്യപ്പെടുത്തി. അധികാരം ത്രികക്ഷി സഖ്യത്തിന്റെ ഉള്ളംകൈയില്‍ വച്ചുകൊടുത്തു. മോദി, അമിത്ഷാ അച്ചുതണ്ടിന്റെ കുതന്ത്രങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ഇന്ത്യയിലെ ഏക നേതാവ് താനാണെന്നു ശരദ്പവാര്‍ തെളിയിച്ചിരിക്കുകയാണ്, മഹാരാഷ്ട്രാ പോരാട്ടത്തിലൂടെ. മഹാരാഷ്ട്രാവിജയം പ്രതിപക്ഷത്തിന് ഉണര്‍വു പകര്‍ന്നുവെന്നതു സത്യം.
ഈ ഘട്ടത്തിലും, കോണ്‍ഗ്രസുകാര്‍ക്കു വീണ്ടുവിചാരമുണ്ടാകുമോ എന്നറിയില്ല. ഉണ്ടായാലുമില്ലെങ്കിലും ഒരുകാര്യം അവരെ ഓര്‍മിപ്പിക്കേണ്ടതുണ്ട്. അതു പഴയൊരു ചതിയുടെ കഥയാണ്. രാജീവ്ഗാന്ധിയുടെ ആകസ്മിക വേര്‍പാടിനു തൊട്ടുപിന്നാലെ നടന്ന ഒരു കുതികാല്‍വെട്ടിന്റെ കഥ.
ശ്രീപെരുംപുത്തൂരിലുണ്ടായ സ്‌ഫോടനത്തില്‍ രാജീവ്ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ നാഥനില്ലാത്ത അവസ്ഥയിലായിരുന്നു കോണ്‍ഗ്രസ്. ഭര്‍തൃവിരഹത്തില്‍ മനംതകര്‍ന്ന സോണിയാഗാന്ധി രാഷ്ട്രീയത്തിലേയ്‌ക്കേ ഇല്ല എന്ന ഉറച്ചനിലപാടില്‍. രാഹുലും പ്രിയങ്കയും രാഷ്ട്രീയത്തില്‍ പറക്കമുറ്റാത്തവര്‍. അധികാരം ഉള്ളംകൈയില്‍ കിട്ടുമെന്നുറപ്പായ ഘട്ടത്തില്‍ പ്രധാനമന്ത്രിക്കസേരമോഹികള്‍ ഏറെപ്പേരുണ്ടായിരുന്നു. തങ്ങള്‍ക്ക് അതിനുള്ള ത്രാണിയുണ്ടോ എന്നൊന്നും നോക്കാതെ അവര്‍ അതിനായി വടംവലി നടത്തി. രാജീവില്ലാത്ത കോണ്‍ഗ്രസിനെ നയിക്കാന്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയചാണക്യന്‍ ശരദ്പവാറല്ലാതെ മറ്റാരുമില്ലെന്നു നല്ലൊരു പങ്ക് കോണ്‍ഗ്രസുകാരും വിശ്വസിച്ചിരുന്നു. അവര്‍ അതിനായി ശ്രമം നടത്തി. പവാറും അധികാരം സ്വപ്നം കണ്ടുവെന്നതു സത്യം.
എന്നാല്‍, പവാറിനെതിരേ അന്നു നമ്പര്‍ 10 ജനപഥ് കേന്ദ്രീകരിച്ച് കരുനീക്കം നടത്തി. പവാറിനെ തുരത്താന്‍ അവര്‍ കണ്ടത്, രാജീവ്ഗാന്ധി അത്തവണത്തെ തെരഞ്ഞെടുപ്പില്‍ മാറ്റിനിര്‍ത്തിയ നരസിംഹ റാവുവിനെയായിരുന്നു. അങ്ങനെ സോണിയയുടെ അനുഗ്രഹാശിസ്സുകളോടെ റാവു പ്രധാനമന്ത്രിയായി. നോവിച്ചാല്‍ വെറുതെ വിടുന്നവനല്ല പവാര്‍. തഴഞ്ഞിട്ടും ഏറെനാള്‍ മൗനം ഭജിച്ച പവാര്‍ അവസരം കിട്ടിയപ്പോള്‍ 1998 ല്‍ വെടിപൊട്ടിച്ചു, 'വിദേശവനിത പ്രധാനമന്ത്രിയാകാന്‍ പാടില്ലെന്ന്.
ആ സംഭവത്തോടെ പവാര്‍ കോണ്‍ഗ്രസിനു പുറത്തുപോയി പുതിയ പാര്‍ട്ടിയുണ്ടാക്കി. വൈതാളികന്മാര്‍ നിറഞ്ഞ കോണ്‍ഗ്രസാകട്ടെ അതോടെ കാലക്രമേണ തകര്‍ന്നുകൊണ്ടിരുന്നു. എന്‍.സി.പിക്കു രാജ്യത്തു പച്ചപിടിക്കാനായില്ല. നേട്ടമുണ്ടാക്കിയത് ബി.ജെ.പി. എങ്കിലും ഒരു കാര്യം ഉറപ്പാണ്, പ്രതിസന്ധി ഘട്ടത്തിലും നേതൃപാടവം തെളിയിക്കാനായ നേതാവാണു താനെന്നു പവാര്‍ തെളിയിച്ചിരിക്കുന്നു. അന്നു നരസിംഹറാവുവിനു പകരം പവാറായിരുന്നു അധികാരത്തിലിരുന്നതെങ്കില്‍ ബാബരിമസ്ജിദിന്റെയും രാജ്യത്തിന്റെയും കോണ്‍ഗ്രസിന്റെയും ചരിത്രം മറ്റൊന്നാകുമായിരുന്നു എന്നു വിശ്വസിക്കുന്നവര്‍ ഏറെയുണ്ടെന്നു കൂടി പറഞ്ഞുവയ്ക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."