പഴയങ്ങാടിയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു
പഴയങ്ങാടി: പഴയങ്ങാടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി എരിപുരം മാടായി സ്‌കൂള്‍ മുതല്‍ ബസ്സ്റ്റാന്‍ഡ് വരെയുള്ള കെ.എസ്.ടി.പി റോഡിന്റെ ഇരുവശത്തും അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ പഴയങ്ങാടി പൊലിസിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ മാറ്റി. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പുതിയ ബസ്സ്റ്റാന്‍ഡിനു സമീപത്തെ ഒരു ഏക്കറോളം വരുന്ന സ്ഥലത്ത് ഏഴോം പഞ്ചായത്ത് പേ പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. റോഡരികില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് പഴയങ്ങാടി എസ്.ഐ പി.ബി സഞ്ജീവന്‍ പറഞ്ഞു. മാടായി പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ആബിദ, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് ഡി. വിമല ബ്ലോക്ക് അംഗം അബ്ദുല്‍ റഷീദ് നേതൃത്വം നല്‍കി. പഴയങ്ങാടിയിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി മെക്കാഡം ടാറിങ് ചെയ്യുന്നതിന്റെ മുന്നോടിയായി പഴയങ്ങാടി മുതല്‍ ബി.വി റോഡ് റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള റോഡില്‍ ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച കമ്മിറ്റിയുടെ ആദ്യ യോഗം മാടായി ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ടി.വി.രാജേഷ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ആദ്യഘട്ടമായി ഡ്രെയിനേജ് ഉള്‍പ്പെടെ റോഡ് വീതി കൂട്ടി നിര്‍മിക്കുന്നതിന് 10 മീറ്റര്‍ വീതിയില്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനിയറെ ചുമതലപ്പെടുത്തി. ഇതിനു ശേഷം കെട്ടിട ഉടമകളുടെയും വ്യാപാരികളുടെയും യോഗം ചേരുന്നതിനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."