സ്‌കൂട്ടിയില്‍ ബസിടിച്ച് വിദ്യാര്‍ഥി മരിച്ചു
ഉദുമ(കാസര്‍കോട്): സ്‌കൂട്ടിയില്‍ ബസിടിച്ച് വിദ്യാര്‍ഥി മരിച്ചു. അപകടത്തില്‍ മറ്റു രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.
ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥി ബെണ്ടിച്ചാല്‍ മൂഡംബയല്‍ എടയാട്ടെ പരേതനായ മഹ്മൂദ്,നസീമ എന്നിവരുടെ മകന്‍ ജാന്‍ഫിഷാന്‍ (15) ആണ് മരിച്ചത്.
സഹപാഠികളായ കൂളിക്കുന്നിലെ അര്‍ജ്ജുന്‍ രമേശ്(15), മുബഷിര്‍(15) എന്നിവരെ സാരമായ പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7.30 ഓടെ ഉദുമ കളനാട് റയില്‍വേ ഓവര്‍ ബ്രിഡ്ജിനു സമീപത്താണ് അപകടം നടന്നത്. പാലക്കുന്നിലെ ടൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടിയില്‍ ബസ് ഇടിക്കുകയായിരുന്നു. ജാന്‍ഫിഷാന്‍ സംഭവസ്ഥലത്ത് വച്ച് മരിച്ചു. പരവനടുക്കത്തെ സ്വകാര്യ സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോകുന്ന വിദ്യാര്‍ഥികളെ കയറ്റുന്നതിനു വേണ്ടി പോകുകയായിരുന്നു ബസ്. സ്‌കൂട്ടിയില്‍ ഇടിച്ചതിനോടൊപ്പം ഒരു കാറിനു പിന്നിലും ബസ് ഇടിച്ചു.
ജാന്‍ഫിഷാന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചു. വിദ്യാര്‍ഥിയുടെ വിയോഗത്തില്‍ ദുഖഃസൂചകമായി ചട്ടഞ്ചാല്‍ സ്‌കൂളിന് ഇന്നലെ അവധി നല്‍കി. സഹോദരങ്ങള്‍: ജസീല്‍ (ബംഗളൂരു), ജംഷു (മെക്കാനിക്കല്‍ എന്‍ജിനിയര്‍), ജംഷാദ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."