ബാബരി വിധി പുനഃപരിശോധനാ ഹരജി മുസ്‌ലിം കക്ഷികള്‍ യോജിച്ച നിലപാട് എടുക്കണമെന്ന് മെക്ക
കൊച്ചി: അഞ്ചംഗ സുപ്രിം കോടതിയുടെ വിധി സ്വീകരിക്കുകയും നീതിന്യായ വ്യവസ്ഥയെ മാനിച്ച് സംയമനത്തോടും സഹവര്‍ത്തിത്വത്തോടും നിലകൊള്ളുന്ന 20 കോടി ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അവരുടെ വിശ്വാസം സംരക്ഷിക്കുന്ന തരത്തിലുള്ള പുനഃപരിശോധനയ്ക്ക് ബാബരി കേസിലെ മുസ്‌ലിം കക്ഷികള്‍ യോജിച്ച നിലപാടെടുത്ത് സമയപരിധിക്കകം റിവ്യൂ ഹരജി നല്‍കുവാന്‍ സത്വര നിലപാടെടുക്കണമെന്ന് എറണാകുളത്ത് ചേര്‍ന്ന മെക്ക സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
പരമോന്നത നീതിപീഠത്തിന് മുന്‍പാകെ നിയമാനുസൃത റിവ്യൂ ഹരജിയിലൂടെ എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്ന പുനഃപരിശോധനക്ക് ശ്രമിക്കണം.
പുനഃപരിശോധനാ ഹരജിയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കുന്ന കാര്യത്തില്‍ മുസ്‌ലിം കക്ഷികളുടെ ഭാഗത്തുനിന്നും അന്തിമ തീരുമാനമുണ്ടാകരുതെന്നും മെക്ക ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ഥിച്ചു.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ അര്‍ഹവും അനുവദനീയവുമായ എല്ലാ പരിഹാരമാര്‍ഗങ്ങളും നീതിക്ക് വേണ്ടിയുള്ള വാദഗതികളും ഉയര്‍ത്തി അന്തിമ പോരാട്ടത്തിനുള്ള അവസരം വിനിയോഗിക്കുവാന്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ തയാറാവണം.
സംസ്ഥാന സര്‍ക്കാര്‍ സര്‍വിസിലെ മുസ്‌ലിം-പിന്നാക്ക പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിന് എന്‍.സി.എ നിയമന പ്രക്രിയയിലടക്കം കേരള പി.എസ്.സി അനുവര്‍ത്തിച്ചുവരുന്ന ചട്ടവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കുവാന്‍ ബന്ധപ്പെട്ടവര്‍ സത്വര നടപടികള്‍ സ്വീകരിക്കണം.
ജാതി സെന്‍സസും ഉദ്യോഗസ്ഥരുടെ ജാതിതിരിച്ചുള്ള കണക്കെടുപ്പും നടത്തുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാവണം. സാമൂഹ്യ-സാമ്പത്തിക സര്‍വേ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം. പത്തുശതമാനം മുന്നാക്ക സംവരണം സംബന്ധിച്ച് സുപ്രിം കോടതിയിലുള്ള കേസില്‍ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ ദേവസ്വം ബോര്‍ഡിലടക്കം സംസ്ഥാനത്ത് ഒരിടത്തും മുന്നോക്ക സാമ്പത്തിക സംവരണത്തിന് സര്‍ക്കാര്‍ ശ്രമിക്കരുതെന്നും മെക്ക ആവശ്യപ്പെട്ടു. മെക്ക സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ യോഗവും തെരഞ്ഞെടുപ്പും ഡിസംബര്‍ 14ന് നടത്തുവാനും തീരുമാനിച്ചു.
പ്രസിഡന്റ് പ്രൊഫ. ഇ.അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.കെ അലി റിപ്പോര്‍ട്ടും പ്രമേയങ്ങളുമവതരിപ്പിച്ചു.
സി.ബി കുഞ്ഞുമുഹമ്മദ്, എ.എസ് റസാഖ്, എം.എ ലത്തീഫ്, പി.എം.എ ജബ്ബാര്‍, സി.എച്ച് ഹംസ മാസ്റ്റര്‍, ടി.എസ് അസീസ്, കെ.എം അബ്ദുല്‍ കരീം, വി.കെ അലി, ഉമര്‍ മുള്ളൂര്‍ക്കര എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."