തോക്കും ചാക്കുമായി വന്നത് മോഷ്ടിക്കാന്‍, അവസാനം പണം നിലത്ത് വീണതറിയാതെ സഞ്ചിയുമായി ഓടി
കുന്ദമംഗലം: കാരന്തൂരിനടുത്ത് കൊളായ്താഴത്ത് പെട്രോള്‍ പമ്പില്‍ തോക്ക് ചൂണ്ടി കവര്‍ച്ചാശ്രമം. പണം നിലത്ത് വീണതറിയാതെ മോഷ്ടാവ് സഞ്ചിയുമായി ഓടിരക്ഷപ്പെട്ടു.
കാരന്തൂര്‍-മെഡിക്കല്‍ കോളജ് റോഡില്‍ കൊളായിത്താഴത്തുള്ള ഭാരത് പെട്രോളിയത്തിന്റെ ഔട്ട്‌ലെറ്റില്‍ തോക്ക് ചൂണ്ടി പണമടങ്ങിയ സഞ്ചി ജീവനക്കാരനില്‍നിന്ന് തട്ടിയെടുത്ത മോഷ്ടാവിനെ സഹജീവനക്കാര്‍ നേരിട്ടതിനെ തുടര്‍ന്ന് പണം തിരിച്ചുകിട്ടി.തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
പമ്പ് അടച്ച ശേഷം പണം സഞ്ചിയിലാക്കി തൊട്ടടുത്ത ഉടമയുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ മെലിഞ്ഞ ശരീരപ്രകൃതമുള്ള ഒരാള്‍ തോക്ക് ചൂണ്ടി ഓഫിസിന്റെ പിന്നിലൂടെ പ്രത്യക്ഷപെടുകയും പണമടങ്ങിയ സഞ്ചി ബലമായി പിടിച്ചുവാങ്ങുകയുമായിരുന്നവത്രെ. ഇത് കണ്ട സഹജീവനക്കാരന്‍ ഓടിയെത്തിയതോടെ പിടിവലിയായി. ഇതിനിടയില്‍ സഞ്ചികീറുകയും ഓടുന്നതിനിടെ മോഷ്ടാവിന്റെ പക്കല്‍നിന്നും സഞ്ചിയില്‍ സൂക്ഷിച്ച പണം നിലത്ത് വീഴുകയുമായിരുന്നു. സഞ്ചിയുമായി മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. പണം മുഴുവനായും പമ്പ് ജീവനക്കാര്‍ ശേഖരിച്ചു. പിന്നീട് പെട്രോള്‍പമ്പ് അധികൃതര്‍ വിവരം അറിയിച്ചതിനേതുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസും പരിസരവാസികളും തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല.
ഇന്നലെ പൊലിസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പമ്പിലുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. കഴിഞ്ഞ മെയ് 10ന് സമാന രീതിയില്‍ കെട്ടാങ്ങലിലെ പെട്രോള്‍ പമ്പില്‍ മോഷണം നടന്നിരുന്നു. 1,08,000 രൂപയാണ് അന്ന് നഷ്ടമായത്. അസി. സിറ്റി പൊലിസ് കമ്മിഷണര്‍ പ്രിഥ്വിരാജിന്റെ മേല്‍നോട്ടത്തില്‍ ഈ കേസിന്റെ അന്വേഷണം നടത്തി വരവെയാണ് പൊലിസിനെ ഞെട്ടിച്ച് വീണ്ടും മോഷണ ശ്രമം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."