വന്യമൃഗശല്യം ബി.ജെ.പി മാര്‍ച്ചില്‍ സംഘര്‍ഷം; പൊലിസ് ലാത്തിവീശി മാര്‍ച്ച് നടത്തിയത് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫിസിലേക്ക്
സുല്‍ത്താന്‍ ബത്തേരി: വന്യമൃഗശല്യത്തിന് പരിഹാരം കാണാത്ത സര്‍ക്കാര്‍ അനാസ്ഥയില്‍പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാകമ്മിറ്റി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫിസിലേക്ക് നടത്തിയ കുടില്‍കെട്ടല്‍ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. രാവിലെ 10.30ഓടെ സ്വതന്ത്രമൈതാനിയില്‍ സംഘടിച്ച പ്രവര്‍ത്തകര്‍ വിശദീകരണയോഗത്തിന് ശേഷമാണ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് പൊലിസ് വലയം മറികടന്ന് പ്രവര്‍ത്തകര്‍ ഓഫിസിലേക്ക് തള്ളിക്കയറുകയായിരുന്നു. ഇതോടെ പൊലിസും പ്രവര്‍ത്തകരും ഉന്തുംതള്ളുമായി. ഇതിനിടെ പുറത്തുനിന്ന് കോംപൗണ്ടിലേക്ക് കല്ലേറുണ്ടായി. ഈ സമയം അകത്തുകടന്ന പ്രവര്‍ത്തകര്‍ കോംപൗണ്ടിനുള്ളില്‍ ടാര്‍പോളിന്‍ വലിച്ചു കുടില്‍കെട്ടുകയും അടുപ്പ്പൂട്ടി തീകത്തിക്കുകയും ചെയ്തു.
പുറത്ത് നിന്നു കൂടുതല്‍ പ്രവര്‍ത്തകര്‍ അകത്തേക്ക് തള്ളികയറാന്‍ ശ്രമിച്ചതോടെ പൊലിസ് ലാത്തിവീശി.
കല്ലേറിലും പൊലിസുമായുണ്ടായ ബലപ്രയോഗത്തിലും പ്രവര്‍ത്തകര്‍ക്കും പൊലിസുകാര്‍ക്കും പരുക്കേറ്റു. അരമണിക്കൂറോളം സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. സമരം ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്തു.
സമരത്തിന് കേരളാകോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ പി.സി തോമസ്, കര്‍ഷക മോര്‍ച്ച ദേശീയ നേതാവ് പി.സി മോഹനന്‍ മാസ്റ്റര്‍, ജില്ലാപ്രസിഡന്റ് സജി ശങ്കര്‍, പി.ജി ആനന്ദ്കുമാര്‍, കെ സദാനന്ദന്‍, കൂട്ടാറ ദാമോദരന്‍, കെ.പി മധു, വി മോഹനന്‍, പ്രശാന്ത് മലയവയല്‍, രാധാസുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."