സംരക്ഷണ ഭിത്തി തകര്‍ന്നു അപകട ഭീഷണിയുയര്‍ത്തി ട്രാന്‍സ്‌ഫോര്‍മര്‍
കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്തില്‍ കടത്തൂര്‍ മണ്ണടിശ്ശേരി ക്ഷേത്രത്തിന് സമീപം പ്രശസ്തമായ മനുഷ്യകുളത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്നു വീണതിനെ തുടര്‍ന്ന് ട്രാന്‍സ്‌ഫോര്‍മര്‍ അപകട ഭീഷണിയില്‍. മനുഷ്യകുളത്തിന്റെ അരികിലായിട്ടാണ് 11 കെ.വി. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിരിക്കുന്നത്. കുളത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായതിനെ തുടര്‍ന്ന് പരിസര വാസികള്‍ ഭീതിയില്‍ കഴിയുകയാണ്.
മനുഷ്യകുളത്തിന്റെ പാര്‍ശ്വഭിത്തി നിര്‍മാണത്തിന് 310000 രൂപ മുടക്കി എട്ട് വര്‍ഷത്തിന് മുന്‍പാണ് മനുഷ്യക്കുളത്തിന് ചുറ്റും ഭിത്തി കെട്ടി സംരക്ഷിച്ചത്. എസ്റ്റിമേറ്റ് പ്രകാരം കുളത്തിന്റെ അടിഭാഗത്തെ തറനിരപ്പില്‍ നിന്ന് ഒന്നര മീറ്റര്‍ താഴ്ചയില്‍ ഫൗണ്ടേഷന്‍ കെട്ടി വേണം സംരക്ഷണഭിത്തി കെട്ടേണ്ടിയിരുന്നത്.
എന്നാല്‍ അത്തരത്തില്‍ അല്ല പണി നടന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പണി കഴിഞ്ഞ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കുളത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണിരുന്നു.ഇത് കൂടാതെയാണ് മണ്ണടിശ്ശേരി ടി.ബി. ജങ്ഷന്‍ റോഡിന്റെ ഭാഗത്ത് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിരിക്കുന്നതിനോട് ചേര്‍ന്നുള്ള സംരക്ഷണഭിത്തിയും കഴിഞ്ഞ ദിവസം തകര്‍ന്ന് വീഴുകയായിരുന്നു.
നീര്‍ത്തട പദ്ധതിയില്‍ കുളം സംരക്ഷിക്കാനുള്ള നടപടിയാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ കൈക്കൊണ്ടത് . 19 സെന്റ് വിസ്തൃതി ഉണ്ടായിരുന്ന കുളമാകട്ടെ കൈയേറ്റം മൂലം കേവലം 8 സെന്റായി ചുരുങ്ങിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."