കള്ളനോട്ടടി; പ്രതികള്‍ സൗഹൃദത്തിലായത് ജയിലില്‍നിന്ന്
ബാലുശ്ശേരി: ബാലുശ്ശേരിയില്‍ പിടിയിലായ കള്ളനോട്ട് കേസിലെ പ്രതികളുടെ സൗഹൃദം ആരംഭിച്ചത് കോഴിക്കോട് ജില്ലാ ജയിലില്‍ വച്ച്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബാലുശ്ശേരി പോസ്റ്റ് ഓഫിസ് റോഡിലെ മീത്തലെ മണഞ്ചേരി എന്ന ഇരുനില വീട്ടില്‍ കള്ളനോട്ടടി നടക്കുന്നതായി ബാലുശ്ശേരി സി.ഐ സുഷീറിനു രഹസ്യവിവരം ലഭിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ സി.ഐയും സംഘവും വീട്ടിലെത്തി അകത്തുകയറി നോട്ടടി ജോലിയില്‍ വ്യാപൃതരായ മൂന്നു പ്രതികളെ കീഴടക്കുകയായിരുന്നു. വീട്ടുടമയായ മീത്തലെ മണിഞ്ചേരിയില്‍ മുത്തു എന്ന രാജേഷ് കുമാറിനെയും കൂട്ടുപ്രതികളായ എറണാകുളം വൈറ്റില സ്വദേശിയായ വില്‍ബര്‍ട്ടിനെയും കോഴിക്കോട് നല്ലളം സ്വദേശി വൈശാഖിനെയും പൊലിസ് കസ്റ്റഡിയിലെടുത്തു.
കള്ളനോട്ടടിയില്‍ അതീവ വൈദഗ്ധ്യം ലഭിച്ച വില്‍ബര്‍ട്ട് നിരവധി കള്ളനോട്ട് കേസുകളിലെ പ്രതിയാണ്. ഒരു കേസില്‍ മലപ്പുറം ജയിലില്‍ ശിക്ഷയനുഭവിക്കുന്നതിനിടെ വില്‍ബര്‍ട്ടിനെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റുകയായിരുന്നു. കുറ്റ്യാടിയില്‍ എന്‍.ഡി.എഫ് പ്രവര്‍ത്തകനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയാണ് വൈശാഖ്. ഏറെക്കാലമായി കുടുംബത്തോടൊപ്പം വിദേശത്തു ജോലി ചെയ്തിരുന്ന മുത്തു കുറച്ചുമാസങ്ങള്‍ക്കു മുന്‍പാണ് നാട്ടിലെത്തിയത്. ഇതിനിടെ വയനാട്ടില്‍ നിന്ന് മാനിറച്ചി കടത്തിയ കേസില്‍ പിടിയിലായി കോഴിക്കോട് ജില്ലാ ജയിലില്‍ എത്തുകയായിരുന്നു. ഇവിടെ വച്ചുള്ള സൗഹൃദമാണ് നോട്ടടിയിലെത്തിച്ചത്. ഇതിനുള്ള അത്യാധുനിക യന്ത്രസാമഗ്രികളും മറ്റും എത്തിച്ചത് വില്‍ബര്‍ട്ടാണെന്ന് പൊലിസ് പറഞ്ഞു.
2000, 500 എന്നീ നോട്ടുകളാണ് ഇരുനില വീടിന്റെ മുകളിലത്തെ നിലയിലുള്ള മുറിയില്‍ ഇവര്‍ അടിച്ചുകൊണ്ടിരുന്നത്. അടിച്ചുവച്ച നോട്ടുകളും നിര്‍മാണത്തിനുപയോഗിച്ച മെഷിനും 75 കെട്ട് പേപ്പറുകളും അനുബന്ധ ഉപകരണങ്ങളും പൊലിസ് പിടിച്ചെടുത്തു. കള്ളനോട്ട് നിര്‍മാണം തുടങ്ങുന്നതേയുള്ളൂവെന്നാണ് പ്രതികള്‍ പൊലിസിനോടു പറഞ്ഞത്. എന്നാല്‍ ഏതാനും പേപ്പര്‍ കെട്ടുകള്‍ പൊളിച്ചിരിക്കുന്നത് നോട്ടടി നേരത്തെ ആരംഭിച്ച് പല സ്ഥലങ്ങളിലും വിതരണം നടത്തിയിട്ടുണ്ടാകുമെന്നും സംശയിക്കുന്നു. കോഴിക്കോട്ടുനിന്ന് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിച്ചു വരുന്നതായും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."