സി.എല്‍.ആര് പ്യൂണ്‍ സ്ഥിര നിയമനം: അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു
തേഞ്ഞിപ്പലം: സി.എല്‍.ആര് പ്യൂണ്‍ സഥിരനിയമനം ആവശ്യപ്പെട്ടു കാലിക്കറ്റ് സര്‍വകലാശാലാ ഭരണകാര്യാലയത്തിനു മുന്നില്‍ യൂത്ത്കോണ്‍ഗ്രസ് നടത്തിവന്ന നിരാഹാര സമരം അവസാനിച്ചു. റിയാസ് മുക്കോളിക്കും സി.എല്‍.ആര് തൊഴിലാളി അലീമയ്ക്കും ജില്ലാപഞ്ചായത്തഗം എ.കെ അബ്ദുര്റഹിമാന് ഇളനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.
തുടര്‍ന്നു റിയാസ് മുക്കോളിയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിയാസ് മുക്കോളിയും പി.ആര് രോഹില്നാഥുമാണ് നിരാഹാര സമരം നടത്തിയിരുന്നത്. മൂന്നാം ദിവസത്തില്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്നു രോഹില്നാഥിനെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഏഴാം ദിവസത്തിലേക്കു കടന്ന റിയാസ് മുക്കോളിയുടെ ആരോഗ്യനില മോശമാണെന്നു രാവിലെ പരിശോധിച്ച ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വിവരമറിഞ്ഞു രാവിലെ പത്തരയോടെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭരണകാര്യാലയം ഉപരോധിച്ചു.
ഒരു മണിക്കൂര്‍ നീണ്ട ഉപരോധത്തിനു ശേഷം തിരൂരങ്ങാടി സി.ഐ ബാബുരാജ്, വി.സിയും പി.വി.സിയുമായി സമരക്കാര്‍ക്കു വി.സിയുടെ ഔദ്യോഗിക വസതിയില്‍ ചര്‍ച്ചയ്ക്കു വഴിയൊരുക്കി. സി.എല്‍.ആര് പ്യൂണ്‍ സ്ഥിരനിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനം ലഭിക്കത്തക്ക രീതിയില്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ഹൈക്കോടതി വിധി വന്ന ഉടന്‍തന്നെ സിന്‍ഡിക്കേറ്റ് യോഗം വിളിച്ച് ഉചിത നടപടി സ്വീകരിക്കുമെന്നും വി.സി അദ്ദേഹത്തിന്റെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ എഴുതിനല്‍കി. തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
22 ദിവസമായി തുടരുന്ന സി.എല്‍.ആര് തൊഴിലാളികളുടെ നിരാഹാര സമരവും അവസാനിപ്പിച്ചു. ചര്‍ച്ചയില്‍ എ.കെ അബ്ദുര്റഹിമാന്, പി. നിധീഷ്, പി. പ്രേമരാജന്‍, കെ.എഫ് മനോജ്, എന്‍.പി ഗോപിനാഥന് എന്നിവര്‍ പങ്കെടുത്തു.
ഉപരോധസമരത്തിന് സി. ഉണ്ണിമൊയ്തു, നിസാര്‍ ചോനാരി, സി. ബ്രിജേഷ് കുമാര്‍, ലത്വീഫ് കൂട്ടാലുങ്ങല്‍, അഷ്റഫ് പറക്കുത്ത്, അലിമോന് തടത്തില്‍, കെ.വി ഹുസൈന്‍കുട്ടി, അജിത് പുളിക്കല്‍, സനീഷ് മതിലഞ്ചീരി, ലത്വീഫ് ചീക്കോട്, അന്‍വര്‍ അരുര്, ലത്വീഫ് കല്ലിടുമ്പന്‍, റിയാസ് കല്ലന്, ചെമ്പന്‍ ഹനീഫ, പി. പ്രതീഷ് ബാബു, അസീസ് അരിമ്പ്ര, അസീസ് കൈപ്രന്‍, സലാം പടിക്കല്‍, ഷഫീല്‍ പടിക്കല്‍, അനുമോദ് കാടശ്ശേരി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."