HOME
DETAILS
MAL
റഷ്യക്ക് നാറ്റോയുടെ താക്കീത്; പോളണ്ടിനെ ആക്രമിച്ചാല്‍ തിരിച്ചടിക്കും
backup
December 04 2019 | 04:12 AM
വാര്‍സൊ: പോളണ്ടിനെയോ മറ്റേതെങ്കിലും ബാല്‍ക്കന്‍ രാജ്യത്തെയോ ആരെങ്കിലും ആക്രമിക്കുകയാണെങ്കില്‍ നാറ്റോ തിരിച്ചടിക്കുമെന്ന് സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബെര്‍ഗ്. പോളണ്ടിലും മറ്റു ബാല്‍ട്ടിക് രാജ്യങ്ങളിലുമുള്ള നാറ്റോ സേനയിലൂടെ ഞങ്ങള്‍ റഷ്യക്ക് വ്യക്തമായ സൂചന നല്‍കുകയാണ്, പോളണ്ടിനെയോ മറ്റു ബാല്‍ട്ടിക് രാജ്യങ്ങളെയോ ആക്രമിച്ചാല്‍ നാറ്റോ സഖ്യം ശക്തമായി തിരിച്ചടിക്കും. നാറ്റോക്ക് ശത്രുക്കളുടെ പട്ടികയില്ല. എന്നാല്‍ ആവശ്യം വന്നാല്‍ പ്രതികരിക്കും- ഒരു അഭിമുഖത്തില്‍ നാറ്റോ മേധാവി പറഞ്ഞു.
യൂറോപ്യന്‍ യൂനിയന്‍ ശക്തമായ ഒരു പ്രതിരോധ സംവിധാനമുണ്ടാക്കുന്നതിനെ താന്‍ എതിര്‍ക്കുന്നില്ലെങ്കിലും അതിനെ നാറ്റോയുടെ ബദലാക്കാന്‍ ശ്രമിക്കരുതെന്നും സ്‌റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളായ സാഹചര്യത്തില്‍ രണ്ടാം ലോകയുദ്ധം ആരംഭിച്ചത് പോളണ്ടാണെന്ന് റഷ്യ കുറ്റപ്പെടുത്തിയിരുന്നു.
രണ്ടാം ലോകയുദ്ധത്തിന്റെ 80ാം വാര്‍ഷികത്തില്‍ പോളണ്ടില്‍ നടന്ന അനുസ്മരണ പരിപാടിയിലേക്ക് ജര്‍മന്‍ ചാന്‍സലര്‍ ആന്‍ഗെല മെര്‍ക്കലിനെയും യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെയും ഉള്‍പ്പെടെ ലോകനേതാക്കളെ ക്ഷണിച്ചെങ്കിലും റഷ്യയെ ക്ഷണിച്ചിരുന്നില്ല.
റഷ്യയില്‍ നിന്നുള്ള പ്രകൃതിവാതക ഇറക്കുമതി പോളണ്ട് നിര്‍ത്തുകയാണെന്ന് പോളണ്ടിലെ ദേശീയ വാതക കമ്പനി വ്യക്തമാക്കുകയും ചെയ്തു. രാജ്യത്ത് ഒരുവര്‍ഷം ആവശ്യമുള്ള 1,400 കോടി ക്യുബിക് മീറ്റര്‍ പ്രകൃതിവാതകത്തില്‍ 1,000 കോടി ക്യുബിക് മീറ്റര്‍ റഷ്യയില്‍ നിന്നാണ് പോളണ്ട് ഇറക്കുമതി ചെയ്തിരുന്നത്.
റഷ്യയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് പോളണ്ടില്‍ യു.എസ് സൈനികരെ വിന്യസിച്ചിട്ടുണ്ട്. പോളണ്ടിന്റെ രക്ഷയ്ക്കായി നാറ്റോ ഇടപെടണമെന്നും ട്രംപ് നിര്‍ദേശിച്ചിരുന്നു.
അതേസമയം നാറ്റോയുമായി സഹകരിക്കാന്‍ റഷ്യ തയാറാണെന്ന് പ്രസിഡന്റ് പുടിന്‍ പറഞ്ഞു.
വൈ.പി.ജിയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചില്ലെങ്കില്‍
ബാല്‍ട്ടിക് പ്രതിരോധ പദ്ധതിയെ എതിര്‍ക്കുമെന്ന് തുര്‍ക്കി
അങ്കാറ: കുര്‍ദിഷ് പീപിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചില്ലെങ്കില്‍ ബാല്‍ട്ടിക് രാജ്യങ്ങളുടെ പ്രതിരോധത്തിനായി നാറ്റോ തയാറാക്കിയ പദ്ധതിയെ എതിര്‍ക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ഗുദാന്‍. നാറ്റോയുടെ 70ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യു.എസിനെ അവഗണിച്ച് റഷ്യയില്‍ നിന്ന് വിമാനവേധ മിസൈല്‍ സംവിധാനം വാങ്ങിയതും ഉത്തര സിറിയയില്‍ ആക്രമണം നടത്തിയതും തുര്‍ക്കിയെ മറ്റു നാറ്റോ രാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തിയിരുന്നു.
കുര്‍ദിഷ് പീപിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റിന് (വൈ.പി.ജി) എതിരായ പോരാട്ടത്തിന് നാറ്റോ സഖ്യം തുര്‍ക്കിക്ക് നിരുപാധിക പിന്തുണ നല്‍കണമെന്ന് നാറ്റോ യോഗത്തില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് പോകുന്നതിനു മുന്‍പായി ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു. ഭീകരസംഘടനകളുടെ ഭീഷണിക്കെതിരേ നാറ്റോ പ്രതികരിക്കണം. ഞങ്ങള്‍ നേരിടുന്ന ഭീഷണിക്കെതിരേ ഞങ്ങളുടെ സഖ്യം ഉറച്ച പിന്തുണ നല്‍കണമെന്നാണ് തുര്‍ക്കി ആഗ്രഹിക്കുന്നത്- അദ്ദേഹം പറഞ്ഞു.
സിറിയയില്‍ തുര്‍ക്കി ആക്രമണം നടത്തിയതിനെ ഫ്രാന്‍സുള്‍പ്പെടെ നിരവധി നാറ്റോ രാജ്യങ്ങള്‍ എതിര്‍ത്തിരുന്നു. നാറ്റോയുടെ പ്രതിരോധപദ്ധതിയെ പിന്തുണയ്ക്കാന്‍ യു.എസ് തുര്‍ക്കിയോട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."