ഖനന ഭീതിയൊഴിയാതെ കിനാനൂര്‍ കരിന്തളം
നീലേശ്വരം: തലയടുക്കത്തെ കെ.സി.സി.പി.എല്ലിന്റെ ബോക്‌സൈറ്റ് ഖനത്തിനെതിരേ നടന്ന ഖനനവിരുദ്ധ സമരത്തിന്റെ വിജയ വാര്‍ഷികത്തില്‍ കിനാനൂര്‍ കരിന്തളത്ത് മറ്റൊരു ഖനഭീതി വന്നത് ജനങ്ങളെ ആശങ്കയിലാക്കി.
എന്നന്നേക്കുമായി ഖനനംഅവസാനിച്ചു എന്നു കരുതിയിരിക്കുമ്പോഴാണു കടലാടിപ്പാറയില്‍ മറ്റൊരു ശ്രമത്തിന് കോപ്പുകൂട്ടി ആശാപുരയെത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂലായ് പത്തിനാണ് തലയടുക്കത്തെ ഖനി സമരക്കാര്‍ ജനകീയ പൂട്ടിട്ടു പൂട്ടിയത്. 163 ദിവസം പിന്നിട്ട സമരത്തിനു ശേഷമായിരുന്നു അത്. തുടര്‍ന്ന് ജൂലായ് 24 ന് അന്നത്തെ വ്യവസായ വകുപ്പു മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി തലയടുക്കത്തെ ഖനനം അവസാനിപ്പിച്ചതായി നിയമസഭയെ അറിയിക്കുകയും ചെയ്തു. എം.എല്‍.എ ആയിരുന്ന ഇ.ചന്ദ്രശേഖരന്റെ സബ്മിഷനെ തുടര്‍ന്നായിരുന്നു ഈ പ്രഖ്യാപനം. ഇതോടെ പഞ്ചായത്തിലെ റവന്യൂ ഭൂമിയുടെ ലഭ്യത ഉപയോഗിച്ച് വികസനം വരുമെന്ന പ്രതീക്ഷയില്‍ ജനങ്ങള്‍ ഇരിക്കുമ്പോഴായിരുന്നു കടലാടിപ്പാറയില്‍ ഖനനത്തിനു അനുമതി ലഭിച്ചതായി ആശാപുര ജനറല്‍ മാനേജര്‍ സന്തോഷ് മേനോന്റെ പ്രസ്താവന വന്നത്. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് കടലാടിപ്പാറയില്‍ പോളിടെക്‌നിക് അനുവദിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ മാറിയതോടെ അതും ഇല്ലാതായി. സൗരോര്‍ജ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനായി ഈ പ്രദേശം തെരഞ്ഞെടുത്തിരുന്നെങ്കിലും നിലവില്‍ അതും ഉപേക്ഷിച്ച മട്ടാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ റവന്യൂ ഭൂമിയുള്ള പഞ്ചായത്തു കൂടിയാണു കിനാനൂര്‍ കരിന്തളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."