വലിയ വിമാനങ്ങളുടെ സര്‍വിസ്; കരിപ്പൂരില്‍ ഉത്സവപ്രതീതി
കൊണ്ടോട്ടി: കരിപ്പൂരിലെ വലിയ വിമാന സര്‍വിസുകളുടെ മടങ്ങിവരവ് രാഷ്ട്രീയ സാസ്‌കാരിക സംഘടനകള്‍ മത്സരിച്ച് ആഘോഷമാക്കിയപ്പോള്‍ യാത്രക്കാര്‍ക്ക് ഉത്സവക്കാഴ്ചയായി. ഇന്നലെ രാവിലെ മുതല്‍ കേക്ക് മുറിച്ചും മധുരപലഹാരം വിതരണം ചെയ്തുമാണ് രാഷ്ട്രീയ സാംസ്‌കാരിക സംഘടനകള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.
സഊദി എയര്‍ലൈന്‍സിന്റെ വിമാനം ലാന്‍ഡിങിനായി കരിപ്പൂരിന് മുകളിലെത്തിയപ്പോള്‍ തന്നെ ടെര്‍മിനലിനുമുന്നില്‍ വാദ്യമേളങ്ങളുടെ പെരുമ്പറ മുഴങ്ങിയിരുന്നു.
മുസ്‌ലിംലീഗ്, യൂത്ത് കോണ്‍ഗ്രസ്, മലബാര്‍ ഡെവലപ്‌മെന്റ് ഫോറം, കെ.എം.സി.സി, ഒ.ഐ.സി.സി, തുടങ്ങിയ സംഘടനകളെല്ലാം ബാനറുകളും ഫ്‌ളക്‌സുകളുമായി വിമാനത്താവളത്തിലെത്തിയിരുന്നു. നിശ്ചയിച്ച ഷെഡ്യൂളിലും ആറ് മിനുട്ട് നേരത്തെ വിമാനം റണ്‍വേയില്‍ തൊട്ടിരുന്നു. യാത്രക്കാരുടെ എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനായി. വിമാനത്തിലെ യാത്രക്കാരെ എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ രാഘവന്‍, പി.വി അബ്ദുല്‍വഹാബ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ശ്രീനിവാസറാവു, വിമാനക്കമ്പനി പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ബൊക്കെ നല്‍കിയാണ് സ്വീകരിച്ചത്.
ഇന്ത്യയിലെ സൗദി അംബാസഡര്‍ ഡോ. സൗദ് മുഹമ്മദ് അല്‍സാഥി, സഊദി എയര്‍ ലൈന്‍സ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് നവാഫ് അല്‍ ജക്തൂമി, കണ്‍ട്രി മാനേജര്‍മാരായ ഇബ്രാഹീം അല്‍ കൂബി, ഹാനി ഉല്‍ ജുലു എന്നിവരും യാത്രക്കാരെ സ്വീകരിക്കാനെത്തിയിരുന്നു. കേക്ക് മുറിച്ചും യാത്രക്കാര്‍ക്ക് ഉപഹാരം നല്‍കിയും സൗദിഎയര്‍ ലൈന്‍സും ആഘോഷത്തില്‍ പങ്കാളികളായി. വിമാനത്താവളത്തിനു പുറത്തിറങ്ങിയ യാത്രക്കാരെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ മധുര പലഹാരങ്ങള്‍ നല്‍കിയാണ് വിവിധ സംഘടനാ പ്രതിനിധികള്‍ വരവേറ്റത്. കരിപ്പൂരില്‍നിന്നു വലിയവിമാനങ്ങളുടെ സര്‍വിസ് പുനരാംരംഭിക്കുന്നതിനു വേണ്ടി പ്രയത്‌നിച്ച ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റീസ് എംപ്ലോയീസ് യൂനിയന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തിനു പുറത്ത് പ്രത്യേക സ്വീകരണവും നല്‍കി.
കരിപ്പൂരില്‍ വലിയ വിമാനം ഇറങ്ങിയതിന്റെ ഭാഗമായി വിമാനത്താവളം ദീപാലങ്കാരം നടത്തിയിരിക്കുകയാണ് എയര്‍പോര്‍ട്ട് അതോറിറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."