പെരിന്തല്‍മണ്ണ നഗരസഭ: നിരാലംബര്‍ക്ക് ഭവനസമുച്ചയത്തിന് ലൈഫ്മിഷന്‍ 20 കോടി അനുവദിച്ചു
പെരിന്തല്‍മണ്ണ: എല്ലാവര്‍ക്കും ഭവനവും ജീവിതോപാധികളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ലൈഫ്മിഷന്റെ മാതൃകാപദ്ധതി പെരിന്തല്‍മണ്ണയില്‍ യാഥാര്‍ഥ്യമാകുന്നു. നഗരസഭയിലെ ഭൂമിയും വീടുമില്ലാത്ത നിരാലംഭരായ 400പേര്‍ക്ക് ഭവനസമുച്ചയും ജീവിതഉപാധികളുമൊരുക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ നഗരസഭ തയാറാക്കിയ വിശദ പദ്ധതിരേഖ അംഗീകരിച്ച സര്‍ക്കാര്‍, പദ്ധതിക്ക് ലൈഫ് മിഷനില്‍നിന്നു 20കോടി രൂപ അനുവദിച്ച് ഉത്തരവിറക്കി.
നഗരസഭയിലും ലൈഫ്മിഷനിലും അപേക്ഷ നല്‍കിയ വീടും ഭൂമിയുമില്ലാത്ത 683 ഗുണഭോക്താക്കളില്‍നിന്നു തെരഞ്ഞെടുത്ത 400പേര്‍ക്കാണ് ഭവന സമുച്ചയത്തില്‍ ഫ്‌ളാറ്റ് നല്‍കുന്നത്. ഭവനസമുച്ചയ നിര്‍മാണത്തിനായി കഴിഞ്ഞ വര്‍ഷം നഗരസഭ എരവിമംഗലത്ത് 6.93 ഏക്കര്‍ സ്ഥലം വിലക്കുവാങ്ങിയിട്ടുണ്ട്. ഈ സ്ഥലത്ത് മൂന്നു നിലകളിലായി പന്ത്രണ്ട് ഭവനങ്ങളടങ്ങുന്നതാണ് ഒരു ഫ്‌ളാറ്റ്. ഇത്തരത്തില്‍ 34 ഫ്‌ളാറ്റുകളും അനുബന്ധ സൗകര്യങ്ങളായ റോഡ്, വെള്ളം, വൈദ്യുതി, പൊതുകൂടിച്ചേരല്‍ ഹാള്‍, അങ്കണവാടി, തൊഴില്‍ പരിശീലന കേന്ദ്രം, കൊമേഴ്ഷ്യല്‍ ഷോപ്പുകള്‍ എന്നിവയടങ്ങുന്നതാണ് ഭവനസമുച്ചയം. 60കോടി രൂപയാണ് ഭവനസമുച്ചയ നിര്‍മാണത്തിന്റെ ആകെ ചെലവ്. ഇതില്‍ ഭൂമി അനുബന്ധ സൗകര്യങ്ങള്‍ എന്നിവക്കായുള്ള 20കോടി രൂപ നഗരസഭ വഹിക്കും. ഒരു ഭവനത്തിനു 10ലക്ഷം രൂപ ചെലവില്‍ 400 ഭവനങ്ങളടങ്ങുന്ന 34 ഭവന സമുച്ചയ നിര്‍മാണത്തിന് 40കോടി രൂപ ചെലവ് വരും. ഇതില്‍ ലൈഫ്മിഷനും (20കോടി), പി.എം.എ.വൈ വിഹിതം (ആറു കോടി), തൊഴിലുറപ്പ് വിഹിതം (രണ്ട് കോടി), സര്‍ക്കാര്‍ വിഹിതം (28 കോടി) എന്നിങ്ങനെയും ബാക്കി 12കോടി രൂപ നഗരസഭ വിവിധ സ്രോതസുകളില്‍നിന്നു സംഭാവന സ്വീകരിച്ചുമാണ് നിര്‍മാണം പൂര്‍ത്തീകരിക്കുക. 2019 ജനവരി ഒന്നിന് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ച് നവംബര്‍ മാസത്തില്‍ പൂര്‍ത്തീകരിക്കാനാണ് പ്രോജക്ട് കലണ്ടര്‍ ലക്ഷ്യം വയ്ക്കുന്നത്. രണ്ട് ബെഡ്‌റൂം, ഒരു ഹാള്‍, ഒരു ടോയ്‌ലറ്റ്, അടുക്കള, ബാല്‍ക്കണി എന്നിവയടങ്ങുന്ന 599 സ്‌ക്വയര്‍ ഫീറ്റാണ് ഒരു ഭവനത്തിന്റെ വിസ്തീര്‍ണം. കോണി റൂം, മറ്റു പൊതു സൗകര്യങ്ങളും ചേരുന്നതോടെ ഒരാള്‍ക്ക് 718.33 സ്‌ക്വയര്‍ ഫീറ്റ് വിഹിതമായി മാറും. 12 ഭവനങ്ങളടങ്ങുന്ന ഒരു ഫ്‌ളാറ്റിന് 11500 സ്‌ക്വയര്‍ ഫീറ്റ് വരും. 25ലക്ഷം മാര്‍ക്കറ്റ് വിലയുള്ള ഫ്‌ളാറ്റാണ് ഇത്തരം ഒരു പദ്ധതിയിലൂടെ ഗുണഭോക്താവിന് ലഭിക്കുന്നത്.
ഫ്‌ളാറ്റ് യാഥാര്‍ഥ്യമാകുന്നതോടെ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മുഴുവന്‍ പേര്‍ക്കും ഭവനം ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് പൂര്‍ത്തീകരിക്കാനിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."