വിളക്കോടും ആറളത്തും കാട്ടാന വിളയാട്ടം: വ്യാപക കൃഷിനാശം
ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് കാപ്പുംകടവിലും ആറളം പഞ്ചായത്തിലെ പെരുമ്പഴശ്ശിയിലും കാട്ടാനകൂട്ടം വന്‍ കൃഷിനാശം വരുത്തി. കാപ്പുംകടവില്‍ കാട്ടാനക്കൂട്ടം മൂന്നര ഏക്കറോളം സ്ഥലത്തെ കൈതച്ചക്ക കൃഷി പൂര്‍ണമായും നശിപ്പിച്ചു. ചുണ്ടന്‍ തട്ടത്തില്‍ ബാബുവിന്റെ കൃഷിയിടത്തിലാണ് കാട്ടാനകള്‍ നാശം വരുത്തിയത്. ആറളം ഫാമില്‍ നിന്നാണ് ആനക്കൂട്ടം ജനവാ മേഖലയും കടന്ന് കൃഷിയിടത്തില്‍ എത്തിയത്. ഒരു മാസത്തിനിടെ മൂന്നു തവണയാണ് ഇവിടെ ആനക്കൂട്ടം എത്തുന്നതെന്ന് ബാബു പറഞ്ഞു. സ്ഥലം പാട്ടത്തിനെടുത്ത് ബാങ്കില്‍ നിന്നു വായ്പയെടുത്താണ് ബാബു കൃഷി ചെയ്തിരുന്നത്. ആറളം പെരുമ്പഴശ്ശിയില്‍ നിരവധി പേരുടെ കപ്പ, തെങ്ങ്, വാഴ എന്നിവ ആന നശിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ സ്ഥലം പാട്ടത്തിനെടുത്ത് നട്ട എള്ള് കൃഷിയും വ്യാപകമായി നശിപ്പിച്ചു. അനില്‍കുമാര്‍, കുന്നുമ്മല്‍ വാസു, പാലയാടില്‍ ബാലന്‍, പാലയാടില്‍ സുജാത, എന്നിവരുടെ കൃഷിക്കാണ് നാശം വരുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആനക്കൂട്ടം ആറളം ഫാമില്‍ നിന്നു പുഴകടന്ന് ജനവാസ മേഖലയിലെത്തിയത്. കഴിഞ്ഞദിവസം ഫാമിലെ മുപ്പതോളം തെങ്ങുകള്‍ ആനക്കൂട്ടം ചവിട്ടി വീഴ്ത്തിയിരുന്നു. നാല് ആനകളാണ് മാസങ്ങളായി ഫാമിന്റെ അധീന മേഖലയില്‍ തമ്പടിച്ചിരിക്കുന്നത്. ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താനുള്ള ഒരു നടപടിയും വനം വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."