കോമ്പിങ്ങിനിടെ മോഷണം; പൊലിസിന് തലവേദനയാകുന്നു
പാലാ: പൊലീസിന്റെ കോമ്പിങ്ങിനിടെ വാഹനം മോഷണം പോയത് വിവാദമാകുന്നു. കോട്ടയം എസ്.പി.യുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം രാത്രി പാലാ സബ്ഡിവിഷനു കീഴിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരും വഴിയില്‍ വാഹന പരിശോധന നടത്തവേയാണ് പിഴക് പെരുമാട്ടിക്കുന്നേല്‍ സെബാസ്റ്റ്യന്റെ (പാപ്പച്ചന്‍) വീട്ടിലെ കാര്‍പോര്‍ച്ചില്‍ ഇട്ടിരുന്ന സ്‌കോര്‍പ്പിയോ മോഷണം പോയത്. വീടിന്റെ ഗേറ്റ് തകര്‍ത്തായിരുന്നു മോഷണം.
പാലാ ഭാഗത്തേക്കാണ് കളവ് നടത്തിയ വാഹനം കടത്തിയതെന്ന് സൂചന ലഭിച്ചെങ്കിലും പിടികൂടാന്‍ പാലാ പൊലിസ് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ഇതേത്തുടര്‍ന്ന് പാലാ പൊലിസിനെയും രാമപുരം പൊലിസിനെയും വയര്‍ലെസ് സെറ്റിലൂടെ കോട്ടയം എസ്.പി ശാസിക്കുകയും താക്കീത് ചെയ്യുകയും ചെയ്തു.
പൊലിസിന്റെ കോമ്പിങ്ങിനിടെ വാഹനം മോഷണം പോയത് ജില്ലാ പൊലിസിനു തന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. പാലാ സി.ഐ, എസ്.ഐ എന്നിവര്‍ സംഭവസമയം പാലാ തൊടുപുഴ റൂട്ടില്‍ വാഹനചെക്കിങ് നടത്തിയെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇവരുടെ കണ്‍മുന്നിലൂടെ മോഷ്ടിച്ച വാഹനം കടത്തിക്കൊണ്ടുപോയിട്ടും പിടികൂടാനാവാത്തതില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പോലും ആശ്ചര്യപ്പെടുന്നു.
ഇക്കാര്യത്തില്‍ പാലാ പൊലീസ് ഗുരുതരമായ കൃത്യവിലോപമാണ് കാട്ടിയതെന്ന് പൊലിസ് രഹസ്യാന്വേഷണ വിഭാഗം ഉന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്ന് പാലാ സി.ഐ, എസ്.ഐ. എന്നിവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവം നടന്നത് രാമപുരം പൊലിസ് സ്‌റ്റേഷന്റെ പരിധിയിലായതിനാല്‍ രാമപുരം പൊലിസും വീഴ്ച വരുത്തിയതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ ഡി.വൈ.എഫ്.ഐ. നേതാവിന് മര്‍ദ്ദനമേറ്റതുമായി ബന്ധപ്പെട്ട് രാമപുരം സി.ഐ, എസ്.ഐ എന്നിവരോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയും ഇവര്‍ക്കെതിരെ വകുപ്പുതല നടപടി ഉടന്‍ ഉണ്ടാകുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ വാഹനം മോഷണം പോയ സംഭവത്തില്‍ തല്‍ക്കാലം ഇവര്‍ക്കെതിരേ നടപടിയില്ല.
പാലാ പൊലിസ് രാത്രികാല പട്രോളിങ് നടത്തുന്ന കാര്യത്തിലും വീഴ്ച വരുത്തുന്നതായി ഉന്നത പൊലിസ് അധികാരികള്‍ക്ക് റിപ്പോര്‍ട്ട് പോയിട്ടുണ്ട്. പാലാ ടൗണില്‍ പകല്‍ പോലും മോഷണം നടക്കുന്നത് പൊലിസിന്റെ കൃത്യവിലോപത്തിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം പാലാളാലം പഴയ പള്ളിയില്‍ പകല്‍ മോഷണത്തിന് ശ്രമിച്ചയാളെ പള്ളിയില്‍ എത്തിയ ജനങ്ങളാണ് പിടികൂടി പൊലിസിനെ ഏല്‍പ്പിച്ചത്. എന്നാല്‍ തങ്ങള്‍ പിന്തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു എന്നാണ് പാലാ പൊലിസിന്റെ വിശദീകരണം. കൊല്ലം, ചടയമംഗലം, കോലേടം, പാലൂര്‍ ബാബുരാജ് (രഞ്ജന്‍ -50) ആണ് പിടിയിലായത്.
ഇയാള്‍ കൊലപാതകം ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയാണെന്ന് പാലാ സി.ഐ. ടോമി സെബാസ്റ്റിയന്‍, എസ്.ഐ. അഭിലാഷ് എന്നിവര്‍ പറഞ്ഞു. പാലാ ടൗണിലും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകമായിട്ടും പൊലിസ് വേണ്ട നടപടി സ്വീകരിക്കാത്തതില്‍ പരക്കെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."