തന്നെ നാലു വൈദികര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു, കന്യാസ്ത്രീ പ്രസവിച്ചതിന്റെ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചു, ക്രൈസ്തവ സഭയെ വെട്ടിലാക്കി മറ്റൊരു ആത്മകഥകൂടി, ഭീഷണിയുടെ നിഴലില്‍ സിസ്റ്റര്‍ ലൂസിയുടെ ജീവിതം
കല്‍പ്പറ്റ: സന്യാസ മഠങ്ങളിലെ ഉള്ളറകളിലേക്കും ദുരൂഹതകളിലേക്കും വെളിച്ചം വീശി മറ്റൊരു ആത്മകഥ കൂടി പുറത്തു വരുന്നതോടെ ക്രൈസ്തവസഭയുടെ നെറ്റി ചുളിയുന്നു. സിസറ്റര്‍ ലൂസി കളപ്പുരയാണ് സ്‌ഫോടനാത്മകമായ വിവരങ്ങള്‍ തുറന്നു പറഞ്ഞ് 'കര്‍ത്താവിന്റെ നാമത്തില്‍' എന്ന ആത്മകഥയെഴുതിയിരിക്കുന്നത്. നേരത്തെ സിസ്റ്റര്‍ ജെസ്മി, ജോമോന്‍ പുത്തന്‍ പുരക്കല്‍ എന്നിവരുടെ ആത്മകഥകളും പുറത്തുവന്നപ്പോഴുണ്ടായ അവസ്ഥയിലാണിപ്പോള്‍ സിസ്റ്റര്‍ ലൂസി കളപ്പുര.
ആത്മകഥ വിവാദമായതിന് പിന്നാലെ സിസ്റ്റര്‍ ലൂസിയുള്ള വയനാട് കാരയ്ക്കാമല എഫ്സിസി മഠത്തിലേക്ക് ഒരുകൂട്ടം ആളുകള്‍ പ്രതിഷേധപ്രകടനവും നടത്തി. ക്രൈസ്തവ സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചുള്ള പ്രകടനത്തില്‍ സിസ്റ്റര്‍ ലൂസിക്കെതിരെ മുദ്രാവാക്യം മുഴക്കുകയും അസഭ്യം പറയുകയും ചെയ്തതായാണ് ആരോപണം. ഇതില്‍ നാല്‍പ്പതോളം പേര്‍ പങ്കെടുത്തതായാണ് പൊലിസ് പറയുന്നത്.
സന്യാസ ജീവിതം ആരംഭിച്ച ശേഷം നാല് തവണ തന്നെ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആത്മകഥയില്‍ സിസ്റ്റര്‍ ലൂസി തുറന്നു പറയുന്നു. മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നാണ് സിസ്റ്റര്‍ ലൂസി മറയില്ലാതെ തുറന്നു പറയുന്നത്. മഠത്തിലുള്ള ഒരു കന്യാസ്ത്രീ പ്രസവിച്ചു. ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചിട്ടുണ്ട്.
കൊട്ടിയൂര്‍ കേസിലെ പ്രതി ഫാദര്‍ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു ഇങ്ങനെ ഒട്ടനവധി സംഭവങ്ങളുടെ ഉള്ളറകളിലേക്കാണ് ആത്മകഥയുടെ തുറന്നെഴുത്ത്. അതേസമയം ആത്മകഥ പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ സിസ്്റ്റര്‍ക്കെതിരേ ഭീഷണിയും ശക്തമായി. പുസ്തകത്തെ നിയമപരമായി തടയാനുള്ള ശ്രമം വിജയിക്കാതായതോടെയാണ് ഭീഷണിയുണ്ടായിരിക്കുന്നതെന്നാണ് സിസ്റ്റര്‍ തന്നെ വെളിപ്പെടുത്തുന്നത്.
അച്ചടിയും വിതരണവും തടയണമെന്നാവശ്യപ്പെട്ട് ഹരജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ പൊലിസിനെ സമീപിക്കേണ്ടതെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. തനിക്കെതിരായ പ്രതിഷേധങ്ങള്‍ ഭീഷണിയുടെ സ്വരത്തിലുളളതാണെന്ന് സിസ്റ്റര്‍ ലൂസി പറയുന്നു. സഭയുടെ പിന്തുണയോടെയാണ് തനിക്കെതിരേ പ്രതിഷേധങ്ങള്‍ നടക്കുന്നതെന്നും സിസ്റ്റര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."