കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത പരിഷ്‌കാരം
കാഞ്ഞങ്ങാട്: നഗരത്തിലെ ഗതാഗത കുരുക്കൊഴിവാക്കാന്‍ പരിഷ്‌കാരം തുടങ്ങി. ഇന്നലെ മുതലാണു വാഹന പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഷ്‌കരിച്ചു കൊണ്ട് അധികൃതര്‍ രംഗത്തിറങ്ങിയത്. കാല്‍നടയാത്രക്കാര്‍ പലയിടങ്ങളില്‍ നിന്നായി റോഡ് കുറുകെ കടക്കുന്നതു വേലി കെട്ടി തടഞ്ഞു. പകരം ബസ് സ്റ്റാന്‍ഡ് പരിസരത്ത് റോഡ് കുറുകെ കടക്കാന്‍ ഒരു സ്ഥലം മാത്രം നിശ്ചയിച്ചു.
പൊലിസ് എയ്ഡ് പോസ്റ്റിന്റെ എതിര്‍ഭാഗത്തെ വടക്കു വശത്തെ കട്ടിങ്ങാണ് കാല്‍നടക്കാര്‍ ഉപയോഗിക്കേണ്ടത്. ഓട്ടോകള്‍ നടപ്പാതയോടു ചേര്‍ന്നു നിര്‍ത്തിയിടണം. റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് ഓട്ടോ പാര്‍ക്കിങിനും നിയന്ത്രണമുണ്ട്. ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നു പടിഞ്ഞാറു ഭാഗത്തെ റോഡ് വഴി വടക്കു ഭാഗത്തേക്കു പോകാന്‍ പഴയ എല്‍.ഐ.സി ഓഫിസ് പരിസരത്ത് പുതിയ കട്ടിങ് ഉണ്ടാക്കി. ഇതോടെ ബസ് സ്റ്റാന്‍ഡ് പരിസരത്തെ കട്ടിങ് അടച്ചു.ബസുകള്‍ യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. മലയോരത്തു നിന്നു വന്നു കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്തു യാത്ര അവസാനിപ്പിക്കുന്ന ബസുകള്‍ ഗിരിജാ ജ്വല്ലറിക്കു മുന്നില്‍ യാത്രക്കാരെ ഇറക്കി ടൗണ്‍ ഹാള്‍ പരിസരത്തു പാര്‍ക്ക് ചെയ്യണം.
പാണത്തൂര്‍ ഭാഗത്തേക്കുള്ള ബസുകളുടെ പാര്‍ക്കിങ് കോട്ടച്ചേരി പെട്രോള്‍ പമ്പിന് എതിര്‍വശത്തേക്കും മാറ്റി. മറ്റു ഭാഗത്തേക്കുള്ള ബസുകളുടെ പാര്‍ക്കിങില്‍ മാറ്റമില്ല. ടൂറിസ്റ്റ് വാഹനങ്ങളുടെ പാര്‍ക്കിങ് പഴയ കൈലാസ് തിയറ്ററിനു മുന്‍വശത്തേക്കും മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."