ഓട്ടോകള്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ യാത്രക്കാരില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി
കല്ലമ്പലം: വര്‍ക്കല, ചിറയിന്‍കീഴ് താലൂക്കുകളിലെ ഓട്ടോറിക്ഷകളില്‍ ഫെയര്‍ മീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടി വേണമെന്ന് യാത്രക്കാര്‍.
നിലവില്‍ ഒന്നര കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ മിനിമം ചാര്‍ജായ ഇരുപത് രൂപയാണ്. എന്നാല്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ ഓട്ടോറിക്ഷകളില്‍ തോന്നിയപാടാണ് ചാര്‍ജ് ഈടാക്കുന്നത്. പലപ്പോഴും ഇത് ഇരട്ടി തുക കടക്കുന്നതായും പരാതിയുണ്ട്.
രണ്ട് താലൂക്കുകളിലായി രണ്ട് നഗരസഭയുണ്ട് നഗരസഭ പ്രദേശങ്ങളില്‍ ഓടുന്ന ഓട്ടോറിക്ഷകളിലും ഫെയര്‍ മീറ്റര്‍ അലങ്കാര വസ്തു തന്നെ. ഓട്ടോറിക്ഷയുടെ ഇടത് വശത്ത് സ്ഥാപിച്ചിരിക്കുന്ന ഫെയര്‍ മീറ്റര്‍ എല്ലാ ഓട്ടോറിക്ഷകളിലും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരെണ്ണം പോലും പ്രവര്‍ത്തിപ്പിക്കാറില്ല.
യാത്രക്കാര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തതിനെക്കുറിച്ച് യാത്രക്കാര്‍ ചോദിച്ചാല്‍ ഇവിടെ അതിന്റെ ആവശ്യ മില്ലെന്നാണ് ഡ്രൈവര്‍മാരുടെ ഭാഷ്യം. രണ്ട് താലൂക്കുകളില്‍ മുപ്പതിനായിരത്തില്‍പ്പരം ഓട്ടോറിക്ഷകള്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
ഓട്ടോറിക്ഷകള്‍ക്ക് സ്റ്റാന്റിന്റെ പേരും നമ്പരും അടങ്ങിയ സ്റ്റിക്കര്‍ അതാത് പൊലിസ്റ്റേഷന്‍ വഴി നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നുമില്ലാത്ത ഓട്ടോറിക്ഷകള്‍ നിരവധിയുണ്ട്.
എല്ലാ വര്‍ഷവും ഓട്ടോറിക്ഷ ടെസ്റ്റ് നടത്തണം ഈ സമയം ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തന യോഗ്യമാക്കി വെക്കണം. ഇതിനായി പരിശോധിച്ച അധികൃതരുടെ സര്‍ട്ട്ഫിക്കറ്റ് കൂടി ടെസ്റ്റ് സമയത്ത് ഹാജരാക്കേണ്ടതുണ്ട്.
മീറ്റര്‍ പരിശോധിച്ച് സര്‍ട്ട്ഫിക്കറ്റ് നല്‍കാന്‍ ആറ്റിങ്ങലിലും, പുത്തന്‍ ചന്തയിലും ലീഗല്‍ മേട്രോളജിയുടെ ഓഫിസും പ്രവര്‍ത്തിക്കുന്നുണ്ട്.ഇവിടെ മീറ്റര്‍ പരിശോധനയും സര്‍ട്ട്ഫിക്കറ്റ് വിതരണവും മുറപോലെ നടക്കുന്നുണ്ടെങ്കിലും ടെസ്റ്റ് എന്ന കടമ്പ കഴിഞ്ഞാല്‍ പിന്നെ ഒരു ഓട്ടോറിക്ഷകളിലും മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാറില്ല.
റോഡില്‍ നിത്യവും നിരവധിയിടങ്ങളില്‍ പൊലിസും ആര്‍.ടി.ഒ അധികൃതരും വാഹന പരിശോധന നടത്തുമെങ്കിലും ആരും തന്നെ മീറ്ററിനെ കുറിച്ച് ഒന്നും തന്നെ പരിശോധിക്കാറില്ല.
ഈ അവസരം മുതലെടുത്ത് തന്നെ ഓട്ടോറിക്ഷക്കാര്‍ തോന്നുംപടിചാര്‍ജ് ഈടാക്കുന്നു. അമിത ചാര്‍ജ് ഈടാക്കുന്നതിനെതിരേ ഓട്ടോറിക്ഷയുടെ നമ്പര്‍ സഹിതം പൊലിസില്‍ പരാതി നല്‍കിയാലും യാതൊരു നടപടിയും ഉണ്ടാകാറില്ലെന്ന് യാത്രക്കാര്‍ പറയുന്നു.
വര്‍ക്കല പാപനാശത്ത് ഇനി മൂന്ന് മാസക്കാലം വിദേശ സ്വദേശ സഞ്ചാരികളുടെ വന്‍ തിരക്കാണ്. ഇവര്‍ക്കെതിരേയും വ്യാപക ചൂഷണം നടക്കുന്നെങ്കിലും ബന്ധപ്പെട്ടവര്‍ക്ക് അനക്കമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."