യുവാവിന്റെ തെറ്റായ സന്ദേശം ഫയര്‍ഫോഴ്‌സിനെ വട്ടം കറക്കി
പേരൂര്‍ക്കട: യുവാവിന്റെ തെറ്റായ സന്ദേശം ഫയര്‍ഫോഴ്‌സിനെ മണിക്കൂറുകള്‍ വട്ടം കറക്കി. കുടപ്പനക്കുന്ന് ഇരപ്പുകുഴിയില്‍ ഒരാള്‍ കിണറ്റില്‍ വീണുവെന്നും ഉടനെത്തി രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ചെങ്കല്‍ച്ചുള്ളയിലെ ഫയര്‍ സ്റ്റേഷന്‍ ഓഫിസില്‍ ഇന്നലെ രാവിലെ 11 മണിക്കാണ് സന്ദേശം ലഭിക്കുന്നത്.
എന്നാല്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ മണിക്കൂറുകള്‍ അന്വേഷിച്ചുവെങ്കിലും ആരും കിണറ്റില്‍ വീണതായി അറിയാന്‍ കഴിഞ്ഞില്ല.
ഇരപ്പുകുഴി കടന്ന് രണ്ട് കിലോമീറ്റര്‍ മാറി കിഴക്കേമുക്കോല വരെ പോയ ഫയര്‍ഫോഴ്‌സ് ഒടുവില്‍ തിരികെ കുടപ്പനക്കുന്നിലെത്തി.
തെറ്റായ സന്ദേശം നല്‍കി പൊലിസ് സ്റ്റേഷനിലെ എസ്.ഐമാരെയും 108 ആംബുലന്‍സിനെയും ഫയര്‍ഫോഴ്‌സിനെയും സ്ഥിരമായി കബളിപ്പിക്കുന്ന കുടപ്പനക്കുന്ന് ലക്ഷംവീട് കോളനി സ്വദേശിയാണ് ഇതിനുപിന്നിലെന്ന് ഒടുവില്‍ നാട്ടുകാരില്‍ നിന്നാണ് ഫയര്‍ഫോഴ്‌സ് അറിയുന്നത്.
വിലയേറിയ രണ്ടരമണിക്കൂറാണ് ഇതുമൂലം ഉദ്യോഗസ്ഥര്‍ക്കു നഷ്ടമായത്. കുടപ്പനക്കുന്ന് ലക്ഷംവീട് കോളനി സ്വദേശിയായ 22 കാരനാണ് തെറ്റായ സന്ദേശം നല്‍കി ഫയര്‍ഫോഴ്‌സിനെ പറ്റിച്ചത്. ഇതു മൂന്നാംതവണയാണ് ഇയാള്‍ ഫയര്‍ഫോഴ്‌സില്‍ വിളിക്കുന്നത്.
വിളിയുടെ ഉറവിടം മനസ്സിലാക്കി സ്റ്റേഷന്‍ ഓഫിസര്‍ സി. അശോക്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിന്റെ വീട്ടിലെത്തി. ഇയാള്‍ വിളിച്ച മൊബൈല്‍ നമ്പര്‍ സ്വിച്ച്ഓഫ് ആയ നിലയിലായിരുന്നു.
ഫയര്‍ എന്‍ജിന്‍ സൈറണ്‍ മുഴക്കി പോകുന്നത് കാണുന്നതിനാണ് താന്‍ തെറ്റായ സന്ദേശം നല്‍കുന്നതെന്ന വിചിത്രമായ മറുപടിയാണ് ഇയാളില്‍ നിന്നു ലഭിച്ചത്. പേരൂര്‍ക്കട, മണ്ണന്തല സ്റ്റേഷനുകളിലെ മുന്‍ എസ്.ഐമാരെ ഇയാള്‍ നിരവധി തവണ വിളിച്ചു പറ്റിച്ചിട്ടുണ്ട്.
108 ആംബുലന്‍സിനെ സ്ഥിരമായി വിളിച്ച് കബളിപ്പിക്കുന്നതിനാല്‍ കുടപ്പനക്കുന്നില്‍ നിന്ന് ആവശ്യ സര്‍വിസിന് ആരു വിളിച്ചാലും ഇപ്പോള്‍ ആംബുലന്‍സ് എത്താത്ത അവസ്ഥയാണ്. യുവാവിന് മാനസികപ്രശ്‌നങ്ങളുണ്ടെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ജനുവരിയില്‍ മുക്കോലയില്‍ തീപിടിത്തമുണ്ടായി എന്നും ഉടന്‍ എത്തണമെന്നും തന്റെ പേര് രാധാകൃഷ്ണനാണെന്നും പറഞ്ഞ് യുവാവ് വിളിച്ചിരുന്നു.
അന്നും ഫയര്‍ഫോഴ്‌സ് മണിക്കൂറുകള്‍ വട്ടം കറങ്ങിയിരുന്നു. തെറ്റായ സന്ദേശം നല്‍കിയതുമായി ബന്ധപ്പെട്ട് യുവാവിനെതിരേ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മണ്ണന്തല സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."