ട്രീ കമ്മിറ്റിയില്‍ നിന്ന് സന്നദ്ധ പ്രവര്‍ത്തകരെ ഒഴിവാക്കി ഉത്തരവ്
മാനന്തവാടി: പൊതു നിരത്തുകളിലേയും പൊതു സ്ഥലങ്ങളിലേയും മരങ്ങള്‍ സംരക്ഷിക്കുന്നതിനും അപകട ഭീഷണി ഉയര്‍ത്തുന്നത് മുറിച്ചു മാറ്റുന്നതിനും അനുമതി നല്‍കുന്നതിനായി പ്രാദേശിക തലത്തില്‍ രൂപീകരിക്കുന്ന കമ്മിറ്റികളില്‍ നിന്ന് സന്നദ്ധ സംഘടന പ്രവര്‍ത്തകരെ ഒഴിവാക്കിയ ഉത്തരവ് ആശങ്കക്കിടയാക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി മുഹമ്മദ് റിയാസാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മരങ്ങള്‍ മുറിക്കുന്നതിനായി മുമ്പ് വനം വകുപ്പ് ജില്ലാ തലത്തില്‍ രൂപീകരിച്ച ട്രീ കമ്മിറ്റികളില്‍ കോര്‍പ്പറേഷന്‍ മേയര്‍ നഗരസഭ ചെയര്‍മാന്‍ എന്നിവര്‍ ചെയര്‍മാന്‍മാരും സാമൂഹ്യ വനവല്‍ക്കരണ വിഭാഗം എ.സി.എഫ് കണ്‍വീനറും ടൗണ്‍ പ്ലാനര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ അംഗങ്ങളുമായിരുന്നു. എന്നാല്‍ ജില്ലാ കമ്മിറ്റികളുടെ അനുമതി ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതിന് പരിഹാരമായി രൂപീകരിച്ച പ്രാദേശിക കമ്മിറ്റികളില്‍ നിന്നും സന്നദ്ധ സംഘടന പ്രവര്‍ത്തകരെ ഒഴിവാക്കിയതാണ് ആശങ്ക കിടയാക്കുന്നത്. പുതിയ കമ്മിറ്റിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറും റെയ്ഞ്ച് ഓഫിസര്‍, വില്ലേജ് ഓഫിസര്‍ എന്നിവര്‍ അംഗങ്ങളുമാണ്.
മൂന്ന് അംഗങ്ങള്‍ തികഞ്ഞാല്‍ ക്വാറം ആകുമെന്നും ഇവര്‍ക്ക് തിരുമാനങ്ങള്‍ എടുക്കാമെന്നും ഉത്തരവിലുണ്ട്. ഇത് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് ആരോപണമുയരുന്നത്.
ജില്ലാതല ട്രീ കമ്മിറ്റികളില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ അംഗങ്ങളായതിനാല്‍ തന്നെ അപകട ഭീഷണി എന്ന വ്യാജേന റോഡരികിലെ മരങ്ങള്‍ മുറിച്ച് മാറ്റുന്നത് ഒരു പരിധി വരെ തടയാന്‍ കഴിഞ്ഞിരുന്നു.
എന്നാല്‍ ഇവരെ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള മരംമുറി വര്‍ധിക്കുമെന്നും ഇത് അഴിമതിക്ക് കളമൊരുക്കലാണെന്ന ആരോപണവും ശക്തമാണ്.
പുതിയ കെട്ടിടമോ, വീടോ നിര്‍മിക്കുമ്പോഴോ ഇതിന് മുന്നിലെ മരങ്ങള്‍ അപകട ഭീഷണി എന്ന പേരില്‍ മുറിച്ച് മാറ്റാനുള്ള ശ്രമങ്ങള്‍ പലപ്പോഴും തടയാന്‍ കഴിയുന്നത് ട്രീ കമിറ്റികളില്‍ അംഗങ്ങളായ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഇടപ്പെടലുകള്‍ കൊണ്ടായിരുന്നു. ഇക്കാര്യത്തിന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പുനപരിശോധന നടത്തണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."