കരകവിയാതെ കക്കടവ് പുഴ
വെള്ളമുണ്ട: വെള്ളമുണ്ട പഞ്ചായത്തിലെ പ്രധാന നെല്‍പ്പാടങ്ങള്‍ കൃഷിക്കായി ആശ്രയിക്കുന്ന കക്കടവ് പുഴയില്‍ കര്‍ക്കിടം പാതിയായിട്ടും വെള്ളമൊഴുക്കില്ല. മുന്‍കാലങ്ങളില്‍ ഇടവപ്പാതിയോടെ തന്നെ പുഴ കരകവിയുകയും വൃശ്ചികം വരെ നിറഞ്ഞൊഴുകുകുയും ചെയ്തിരുന്നു.
വാരാമ്പറ്റയില്‍ നിന്നും തുടങ്ങി പുതുശ്ശേരിക്കടവ്, കക്കടവ്, ചെരിയംകൊല്ലി പ്രദേശങ്ങളിലൂടെ ഒഴുകി പനമരം വഴി കബനിയിലെത്തുന്ന പുഴയാണ് ഇന്ന് വെറും നീര്‍ച്ചാലുകള്‍ മാത്രമായി മാറിയത്. ഈ ഭാഗങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ കൃഷിക്കും ദൈനംദിന കാര്യങ്ങള്‍ക്കും ആശ്രയിച്ചിരുന്നത് ഈ പുഴയെ ആയിരുന്നു. പഞ്ചായത്തിലെ പാലയാണ, കക്കടവ്, കരിങ്ങാരി, കൊമ്മയാട്, കാരക്കാമല പാടശേഖരങ്ങള്‍ ഈ പുഴയിലെ വെള്ളത്തെ മാത്രം ആശ്രയിച്ചാണ് നെല്‍കൃഷി നടത്തിയിരുന്നത്. നൂറുകണക്കിന് വരുന്ന ഈ പാടങ്ങളില്‍ നെല്‍കൃഷി മാത്രമെ ചെയ്യാന്‍ കഴിയുവെന്നതിനാല്‍ വെള്ളമില്ലതായതോടെ കര്‍ഷകര്‍ ആശങ്കയിലായിരിക്കുകയാണ്.
ഞാറുനടീല്‍ നടത്തിയെങ്കിലും പറിച്ചുനടാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ വര്‍ഷം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മഴ ലഭിക്കുമെന്ന പ്രവചനത്തില്‍ ആശ്വാസം കൊണ്ടവരാണ് നിരാശയിലായത്. നിലവില്‍ പുഴയുടെ മണല്‍വാരിയ കുഴികള്‍ മൂടിയും നടുഭാഗത്തും മാത്രം നേരിയ തോതിലാണ് വെള്ളമുള്ളത്. ബാണാസുരഡാം അണക്കെട്ട് പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് വേനല്‍കാലത്ത് പുഴ വറ്റാന്‍ തുടങ്ങിയത്. ഷട്ടറുകള്‍ തുറക്കുമ്പോഴും ശക്തമായ കാലവര്‍ഷത്തിലും മാത്രമെ പുഴ നിറഞ്ഞൊഴുകാറുള്ളു. അണക്കെട്ടിലെ വെള്ളം കൃഷി ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കണമെന്നാണ് ആളുകള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."