ആഞ്ഞടിക്കുന്ന തിരമാലകളെയോര്‍ത്ത് ആധിയോടെ ലത്തീഫിന്റെ കുടുംബം
വടകര: കടല്‍ ആഞ്ഞടിക്കുമ്പോള്‍ മുകച്ചേരിഭാഗം-ആവിക്കല്‍ റോഡിനു സമീപത്തെ ലത്തീഫിന്റെ കുടുംബത്തിന്റെ ഉള്ളില്‍ തീയാണ്. മൂന്നു വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് കടല്‍ ഇത്രയേറെ തീവ്രതയില്‍ ആഞ്ഞടിക്കുന്നത്. ഹുങ്കാര ശബ്ദത്തില്‍ ഭിത്തിയും കടന്നു വീടിന്റെ മുറ്റം വരെ തിരമാലകളെത്തുന്നു. തിരകളെ പേടിച്ച് രാത്രി പലപ്പോഴും ഉണര്‍ന്നിരിക്കേണ്ടിവരുന്നു.
കടല്‍ ആഞ്ഞടിച്ച് തീരദേശ റോഡ് ഏകദേശം പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. റോഡിനു തൊട്ടടുത്താണ് ലത്തീഫും കുടുംബവും താമസിക്കുന്നത്. കടലാക്രമണത്തില്‍ പാര്‍ശ്വഭിത്തി തകര്‍ന്നതോടെയാണ് റോഡിനു നാശം നേരിട്ടിരിക്കുന്നത്. രണ്ടു വര്‍ഷമായി ഇതാണ് ഇവിടത്തെ അവസ്ഥ. വേലിയേറ്റ സമയത്ത് നല്ല ഉയരമുള്ള തിരമാലകളാണ് ഭിത്തിയും കടന്നു കരയിലേക്ക് എത്തുന്നത്. ഭിത്തി താഴ്ന്നു കിടക്കുന്നതിനാല്‍ ഇതിനു മീതെ കൂടി തിരമാലകള്‍ എളുപ്പം റോഡും കടന്നെത്തുന്നു. ഇരുപതു മീറ്ററിലേറെ ദൂരത്തില്‍ ഭിത്തിയും റോഡും കടലെടുത്തിരിക്കുകയാണ്.
കാലക്രമേണ ഭിത്തി താഴ്ന്നതോടെയാണ് കടലാക്രമണം ശക്തമായിരിക്കുന്നത്. സ്‌കൂള്‍ കുട്ടികളും രോഗികളുമൊക്കെ കടന്നുപോകുന്ന വഴിയിലാണ് കടലിന്റെ കടന്നുവരവ്. റോഡിന്റെ തകര്‍ച്ചാഭീഷണി ഇവരില്‍ ഭീതി ജനിപ്പിക്കുന്നു.
കുരിയാടിയില്‍ നിന്ന് ആവിക്കല്‍ വഴി താഴെഅങ്ങാടിയിലേക്കുള്ള എളുപ്പവഴിയിലെ റോഡിനാണ് ഇങ്ങനെയൊരു അവസ്ഥ. റോഡ് സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."