ബില്‍ നിയമസഭ പാസാക്കി; പൊലിസ് കംപ്ലയിന്റ് അതോറിറ്റി സ്വതന്ത്രമായി
തിരുവനന്തപുരം: പൊലിസ് കംപ്ലയിന്റ് അതോറിറ്റിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ വ്യവസ്ഥകള്‍ ഉള്‍പെടുത്തി കേരള പൊലിസ് ഭേദഗതി ബില്‍ നിയമസഭ പാസാക്കി. പൊലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍പേഴ്‌സനും അംഗങ്ങള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് വ്യവസ്ഥകള്‍ നിലവിലില്ലാത്ത സാഹചര്യത്തിലാണ് പുതിയ നിയമ നിര്‍മാണം വേണ്ടിവന്നതെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി ബില്ല് അവതരിപ്പിച്ച മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ക്വാറം തികയാതെ ചെയര്‍മാനോ അംഗങ്ങളോ പാസാക്കിയ ഉത്തരവുകള്‍ പലപ്പോഴും തീര്‍ത്തും ഏകപക്ഷീയവും നിയമപരമല്ലാത്തതും ആധികാരികത ഇല്ലാത്തതുമാണെന്ന് ഹൈക്കോടതി വിധിന്യായങ്ങളില്‍ പറഞ്ഞിരുന്നു.
കോടതിവിധി മറികടക്കാന്‍ മാത്രമാണ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചംഗ അതോറിറ്റിയിലെയും ജില്ലാ തലത്തിലെ മൂന്നംഗ അതോറിറ്റിയിലെയും ഓരോ അംഗത്തിനും പ്രത്യേകം സിറ്റിങ്ങുകള്‍ നടത്തി പരാതികള്‍ പരിഹരിക്കാമെന്നതാണ് നിലവിലെ നിയമത്തില്‍ വരുത്തിയ ഭേദഗതി.എന്നാലിത് പൊലിസ് സംവിധാനത്തെ ദുര്‍ബലപ്പെടുത്താനും പൗരന്റെ അവകാശങ്ങള്‍ ഹനിക്കാനും മാത്രമേ ഉപകരിക്കൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അതോറിറ്റിയിലെ രണ്ടംഗങ്ങള്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയും എ.ഡി.ജി.പിയുമായതിനാല്‍ ഔദ്യോഗിക തിരക്കുകള്‍ മൂലം പലപ്പോഴും ഫുള്‍ ക്വാറത്തോടെ പരാതികള്‍ തീര്‍പ്പാക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നും നിലവില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ളത് അടക്കം അറുനൂറോളം പരാതികള്‍ കെട്ടിക്കിടക്കുകയാണെന്നും മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി. ഇത് തരണം ചെയ്യുന്നതിന് അതോറിറ്റി മുന്‍പാകെ ഫയല്‍ ചെയ്ത പരാതികള്‍ സംസ്ഥാന അതോറിറ്റിയുടെയോ ജില്ലാ അതോറിറ്റികളുടെയോ ചെയര്‍പേഴ്‌സനോ അംഗങ്ങള്‍ക്കോ ഒറ്റക്കോ കൂട്ടായോ തീരുമാനമെടുക്കാന്‍ അധികാരം നല്‍കുകയാണ്. നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹായിക്കുമെന്ന ഉദ്ദേശം മാത്രമാണ് ഭേദഗതിയിലൂടെ സര്‍ക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."