പാലക്കായ് ഷെരീഫ വധം; 10 വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല
ഗുരുവായൂര്‍: ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലെ പാലക്കായ് വീട്ടില്‍ ഷെരീഫ(65) എന്ന വൃദ്ധ കൊല്ലപ്പെട്ട സംഭവത്തില്‍ 10വര്‍ഷം കഴിഞ്ഞിട്ടും കുറ്റവാളിയെ പിടികൂടാനായില്ല. ലോക്കല്‍ പൊലിസ് അന്വേഷണം എങ്ങുമെത്താതായപ്പോള്‍ അഞ്ചു വര്‍ഷം മുന്‍പാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.
2008 ഡിസംബര്‍ അഞ്ചിനാണ് ഷെരീഫയുടെ മൃതദേഹം പടിഞ്ഞാറെ നട കമ്പി പാലത്തിനടുത്തുള്ള സ്വന്തം വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുന്നതിനു മുന്‍പ് ദിവസങ്ങള്‍ക്ക് മുന്‍പേ കൊല്ലപ്പെട്ടതായും, ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയിരുന്നതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരിന്നു. സഹോദരിയ്‌ക്കൊപ്പമായിരുന്നു ഷെരീഫ താമസിച്ചു വന്നിരുന്നത്. പ്രായാധിക്യ അവശതകള്‍ മൂലം സഹോദരി നബീസയെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വൃദ്ധ സംരക്ഷണ കേന്ദ്രത്തിത്തിലാക്കിയതിനു ശേഷം ഷെരീഫ ഒറ്റയ്ക്ക് താമസിച്ചു വരുന്നതിനിടെയാണ് കൊല്ലപ്പെട്ടിരുന്നത്. ഷെരീഫയുടെ സഹോദരി നബീസ പിന്നീട് മരണപ്പെട്ടിരുന്നു. പകല്‍ സമയങ്ങളില്‍ പുറമെ പണിയ്ക്ക് പോയി രാത്രി കാലങ്ങളില്‍ ഷെരീഫയുടെ വീടിനു പുറത്ത് അന്തിയുറങ്ങിയിരുന്ന ആലത്തൂര്‍ നെന്‍മാറ സ്വദേശിയെന്ന് പറയപ്പെടുന്ന വിഷ്ണുവെന്ന മധ്യവയസ്‌കനെ മൃതദേഹം കണ്ടെത്തുന്നതിന് മുന്‍പ് കാണാതായിരുന്നു. നോമ്പു കാലങ്ങളില്‍ സക്കാത്ത് ലഭിച്ച പണം ഷെരീഫയുടെ കൈയിലുണ്ടായിരുന്നതായും ഷെരീഫയെ കൊലപ്പെടുത്തി ഇയാള്‍ പണം കൈക്കലാക്കി കടന്നിരിക്കാമെന്ന നിഗമനത്തിലാണ് മുന്‍പ് ലോക്കല്‍ പൊലിസും ഇപ്പോള്‍ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി വരുന്നത്. കൊല്ലപ്പെട്ട ഷെരീഫ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത് എന്നതിനാല്‍ കൂടുതല്‍ എന്തെങ്കിലും നഷ്ടപ്പെട്ടിരുന്നോയെന്ന് ബന്ധുക്കള്‍ക്കും മറ്റും അറിവ് ഉണ്ടായിരുന്നില്ല. ഷെരീഫ കൊല്ലപ്പെട്ടതിനു ശേഷവും പ്രതിയെന്ന് സംശയിക്കപ്പെടുന്ന വിഷ്ണു ഈ വീട്ടില്‍ താമസിച്ചതായി പൊലിസ് അന്വേഷണത്തില്‍ അറിവായിരുന്നു. ബന്ധുക്കളുമായും നാട്ടുകാരുമായും അധികം സമ്പര്‍ക്കം പുലര്‍ത്താത്ത ഷെരീഫയെ വീടിന് പുറത്തു കാണാതായിട്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുമുറ്റത്ത് വിറക് കൂമ്പാരത്തിനടിയില്‍ കണ്ട മണ്‍കൂന പൊലിസിന്റെ സാന്നിധ്യത്തില്‍ നീക്കി കുഴിമാന്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. ക്രൈംബ്രാഞ്ച് നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും കണ്ടെത്താനായിട്ടില്ല. നിലവില്‍ സംശയിക്കുന്ന വിഷ്ണുവെന്ന ആള്‍ക്ക് പുറമെ മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമാവണമെങ്കില്‍ വിഷ്ണുവിനെ പിടികൂടിയാല്‍ മാത്രമെ വ്യക്തമാവൂ. കൊലപാതകത്തിനു പിന്നില്‍ ഒന്നില്‍ കൂടുതല്‍ പേരുകളുണ്ടാവാമെന്ന് അന്വേഷണത്തിനിടെ ക്രൈംബ്രാഞ്ചിന് സംശയം ബലപ്പെട്ടിരുന്നു.
പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു മൊബൈല്‍ ഉപയോഗിക്കാത്തതും സ്ഥിരമായ വസ്ത്രധാരണ ശൈലിയില്ലാത്തതും സ്ഥിരമായി ഒരിടത്ത് തങ്ങാത്തതും പിടികൂടാന്‍ ബുദ്ധിമുട്ടുളവാക്കുന്നതായി പൊലിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇയാളുടെ രേഖാചിത്രം പുറത്തിറക്കി പൊലിസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ ഒന്നു മുതല്‍ ക്രൈംബ്രാഞ്ച് എസ്.പി കെ.എസ് സുദര്‍ശന്റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി ഉല്ലാസ്, സി.ഐ രാജേഷ് കെ. മേനോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നു വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."