കേരളത്തില്‍ മുന്നൂറോളം ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ സ്വയം വിരമിക്കും
കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വയംവിരമിക്കല്‍ പദ്ധതി (വി.ആര്‍.എസ്.) പ്രകാരം സംസ്ഥാനത്ത് മൂന്നുറോളം ജീവനക്കാര്‍ക്ക് ബി.എസ്.എന്‍.എല്‍ വിട്ടേക്കും. നവംബര്‍ നാല് മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് ജീവനക്കാര്‍ക്ക് വി.ആര്‍.എസിന് അപേക്ഷിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നത്. അന്‍പത് വയസിന് മുകളില്‍ പ്രായം ഉള്ള സ്ഥിരം ജീവനക്കാര്‍ക്കും മറ്റ് സഥാപനങ്ങളില്‍ നിന്ന് ഡെപ്യൂട്ടേഷന് വന്നവര്‍ക്കുമായിരുന്നു വി.ആര്‍.എസിന് അപേക്ഷിക്കാന്‍ യോഗ്യയുണ്ടായിരുന്നത്. അപേക്ഷിക്കാത്തവര്‍ക്ക് 58 വയസ്സില്‍ വിരമിക്കേണ്ടി വരും. കാലാവധി അവസാനിച്ചിരിക്കെ മൂന്നുറോളം ജീവനക്കാരാണ് സ്വയം വിരമിക്കലിന് സന്നദ്ധത അറിയിച്ചത്. 2020 ജനുവരി 31 ന് വി.ആര്‍.എസ് പ്രാബല്യത്തില്‍ വരും.
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാര്‍ക്കായി സ്വയം വിരമിക്കല്‍ പദ്ധതി കൊണ്ടുവന്നത്. കൂടുതല്‍ ജീവനക്കാരെ ഒഴിവാക്കിയ ശേഷം പൂര്‍ണ്ണമായും കരാര്‍ വത്കരിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഇതുമൂലം സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. വി.ആര്‍.എസ് എടുത്തവരെ പിന്നീട് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. കേബിള്‍ ഓപ്പറേറ്റര്‍മാരുടെ നിയമനം, ബില്ലിങ്ങ്, കസ്റ്റമര്‍ സര്‍വീസ്, കേബിള്‍ വലിക്കല്‍ എന്നിവയിലും കരാര്‍ നിലവില്‍ വരും. സംസ്ഥാനത്ത് 6700 സ്ഥിരം ജീവനക്കാരും 8000 കരാര്‍ തൊഴിലാളികളുമാണ് ബി. എസ്.എന്‍.എല്ലിലുള്ളത്.
അതേസമയം ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചും ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചും നിര്‍ബന്ധിതമായി വി. ആര്‍.എസ്.എടുപ്പിക്കാനായിരുന്നു മാനേജ്‌മെന്റ് ശ്രമിച്ചിരുന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ബി.എസ്.എന്‍.എല്ലിനെ റിലയന്‍സിന് മുഴുവനായി ഏല്‍പ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ നാലുമാസമായി ശമ്പളം ലഭിക്കുന്നില്ല. ഇതിനു പുറമെ കരാര്‍ തൊഴിലാളികളുടെ സമരവും ഓഫീസുകളില്‍ വലിയ പ്രതിസന്ധി തീര്‍ത്തിരുന്നു. പിരിച്ചുവിടല്‍ അവസാനിപ്പിക്കുക, ശമ്പളകുടിശ്ശിക അനുവദിക്കുക, കൃത്യസമയത്ത് ശമ്പളം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 130 ദിവസത്തോളം കരാര്‍ തൊഴിലാളികള്‍ സമരം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."