കൈതമുക്ക് സംഭവം : കുട്ടികള്‍ മണ്ണ് തിന്നിട്ടില്ലെന്ന് ബാലാവകാശ കമ്മിഷന്‍
തിരുവനന്തപുരം: കൈതമുക്കില്‍ കുട്ടികള്‍ പട്ടിണി സഹിക്കാന്‍ കഴിയാതെ മണ്ണ് തിന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സംസ്ഥാന ബാലവകാശ കമ്മിഷന്‍.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥനത്തില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്. കുട്ടികള്‍ക്ക് മണ്ണ് തിന്ന് വിശപ്പടക്കേണ്ട സാഹചര്യം ഇല്ലെന്ന് ബോധ്യപ്പെട്ടതായി കമ്മിഷന്‍ ചെയര്‍മാന്‍ പി. സുരേഷ്, അംഗങ്ങളായ ഫാ. ഫിലിപ്പ് പരക്കാട്ട്, ഡോ. എം.പി ആന്റണി എന്നിവര്‍ നിരീക്ഷിച്ചു.
വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പുറമ്പോക്ക് ഭൂമിയില്‍ കുടുംബം താമസിച്ചിരുന്നതെങ്കിലും ഒറ്റമുറി കുടിലില്‍ കണ്ട പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്തു വച്ചിരുന്നത് ശ്രദ്ധയില്‍പ്പെട്ടതായി ചെയര്‍മാന്‍ വ്യക്തമാക്കി.
ജീവിതസാഹചര്യം മോശമാണെങ്കിലും ഭക്ഷണത്തിന് കുറവുണ്ടായിട്ടില്ലെന്ന് കുട്ടികളുടെ അമ്മയുടെ അമ്മൂമ്മയും അയല്‍വാസികളും കമ്മിഷന് മൊഴി നല്‍കി. കുട്ടികളുടെ അച്ഛന്‍ കൂലിവേലയ്ക്ക് പോവുകയും വീട്ടിലേയ്ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇയാള്‍ മദ്യപാനിയാണെന്നും വീട്ടില്‍ കലഹമുണ്ടാക്കാറുണ്ടെന്നുമാണ് മൊഴി.
വീട്ടിലേയ്ക്ക് ആവശ്യമായ സാധനങ്ങള്‍ ഭര്‍ത്താവ് വാങ്ങിക്കൊണ്ടു വരാറുണ്ടെന്നും അതു പാകം ചെയ്ത് കുട്ടികള്‍ക്ക് കൊടുക്കാറുണ്ടെന്നും കുട്ടികളുടെ അമ്മ കമ്മിഷന് മൊഴി നല്‍കി. കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിലേയ്ക്ക് മാറ്റി നിര്‍ത്തേണ്ടി വന്നതില്‍ സങ്കടമുണ്ടെന്നും കുട്ടികളെ തന്നോടൊപ്പം താമസിപ്പിക്കാനാണ് താല്‍പര്യമെന്നും അവര്‍ കമ്മിഷനെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."