ജെ.ഡി.യു പിളര്‍പ്പിലേക്ക് ദുര്‍മുഖം കാണിക്കരുതെന്ന് ശരത് യാദവിനോട് നിതീഷ് കുമാര്‍
പട്‌ന: ബിഹാറില്‍ ബി.ജെ.പി സഹായത്തോടെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരിച്ചതിനെത്തുടര്‍ന്ന് ജനതാദള്‍(യു)-ല്‍ ഉണ്ടായിരിക്കുന്ന വാദപ്രതിവാദങ്ങള്‍ രൂക്ഷമാകുന്നു. പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലെത്തി നില്‍ക്കേ മുതിര്‍ന്ന നേതാക്കളായ ശരത് യാദവും മുഖ്യമന്ത്രി നിതീഷും തമ്മില്‍ കടുത്ത വാക്കുകളാണ് പരസ്പരം പ്രയോഗിക്കുന്നത്.
നിതീഷിന്റെ നീക്കം ശരിയല്ലെന്നും അദ്ദേഹത്തിന്റെ കാലുമാറ്റം നിര്‍ഭാഗ്യകരവും ജനവിധിക്ക് എതിരാണെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയ ശരത് യാദവിനോട് ഇന്നലെ ദുര്‍മുഖം കാണിക്കലും വാദപ്രതിവാദം നടത്തുന്നത് നിര്‍ത്തണമെന്നും നിതീഷ് ആവശ്യപ്പെട്ടു. രൂക്ഷമായ രീതിയിലാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ശരത് യാദവിനോട് നിതീഷ് ഇന്നലെ പ്രതികരിച്ചത്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പാര്‍ട്ടി ഫോറത്തിലാണ് സംസാരിക്കേണ്ടത്. ഈ മാസം 19ന് പട്‌നയില്‍ പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടിവ് യോഗം നടക്കുമ്പോള്‍ തനിക്കെതിരായ നീക്കം ശക്തമാകുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് നിതീഷ് ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്.
പാര്‍ട്ടിയില്‍ എന്‍.ഡി.എ പക്ഷത്തുള്ള നിതീഷിനെ ന്യായീകരിക്കുന്നവരുണ്ടെങ്കിലും മുതിര്‍ന്ന നേതാക്കളില്‍ പലരും ശരത് യാദവിനൊപ്പമാണ്. ഈ സാഹചര്യത്തിലാണ് തന്റെ പക്ഷത്തേക്ക് കൂടുതല്‍പേരെ ചേര്‍ക്കാനും ശരത് യാദവിനെ തള്ളിപ്പറഞ്ഞ് പാര്‍ട്ടിയില്‍ അസ്വീകാര്യനാക്കാനും നിതീഷ് ശ്രമിക്കുന്നത്.
ബി.ജെ.പി പക്ഷത്തേക്ക് പോകുന്ന കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിരുന്നില്ലെന്ന ശരത് യാദവിന്റെ വാദത്തെ നിതീഷ് തള്ളി. മഹാസഖ്യത്തില്‍ നിന്ന് മാറി ബി.ജെ.പിക്കൊപ്പം നില്‍ക്കാനുള്ള തീരുമാനം ശരത് യാദവുമായി താന്‍ സംസാരിച്ചിരുന്നുവെന്ന് നിതീഷ് പറഞ്ഞു.
70 കാരനായ ശരത് യാദവ് കഴിഞ്ഞ വര്‍ഷമാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയത്. തുടര്‍ന്ന് നിതീഷിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ തുടങ്ങിയതോടെയാണ് സോഷ്യലിസ്റ്റ് ആശയത്തില്‍ നിന്ന് വ്യതിചലിച്ച് ബി.ജെ.പി പക്ഷത്തേക്ക് ചായാന്‍ തീരുമാനിച്ചതെന്ന് വിമര്‍ശനവും പാര്‍ട്ടിയില്‍ ശക്തമായിട്ടുണ്ട്.
ഈ മാസം 19ന് നടക്കുന്ന പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് യോഗം നിര്‍ണായകമാണ്. ഇത് കഴിയുന്നതോടെ നിതീഷും ശരത് യാദവും രണ്ടുവഴിക്കായിരിക്കും നീങ്ങുകയെന്ന ആശങ്കയും പാര്‍ട്ടി നേതാക്കള്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."