ഹൈദരാബാദ് ഏറ്റുമുട്ടല്‍: മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് കോടതി തടഞ്ഞു, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ചിത്രീകരിക്കാനും നിര്‍ദ്ദേശം
ഹൈദരാബാദ്: തെലങ്കാനയില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ നാലു പ്രതികളെ പൊലിസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ തെലങ്കാന ഹൈക്കോടതിയുടെ ഇടപെടല്‍. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലു പേരുടേയും മൃതദേഹങ്ങള്‍ സംസ്കരിക്കരുതെന്ന് കോടതി പറഞ്ഞു. തിങ്കളാഴ്ച്ച രാത്രി എട്ടുമണി വരെ മൃതദേഹങ്ങള്‍ സൂക്ഷിക്കണം. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ചിത്രീകരിച്ച് അത് മെഹ്ബൂബ് നഗര്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയ്ക്ക് കൈമാറണമെന്നും നിര്‍ദ്ദേശമുണ്ട്.
അതേസമയം, ഏറ്റുമുട്ടല്‍ കൊലയുമായി ബന്ധപ്പെട്ട നിര്‍ണായക ഹരജികളില്‍ വാദം കേള്‍ക്കുന്നത് തെലങ്കാന ഹൈക്കോടതി തിങ്കളാഴ്ച്ചയിലേക്ക് മാറ്റി. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ദേശീയ മനുഷ്യാവകാശ കമ്മിഷന് തെളിവെടുപ്പിനായി ഹൈദരാബാദില്‍ എത്തും.
ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ ലോറി ഡ്രൈവറും മുഖ്യപ്രതിയുമായ ആരിഫ് (24), ലോറി ക്ലീനര്‍മാരായ ജോലു ശിവ (20), ജോലു നവീന്‍ (20), ചിന്തകുണ്ട ചെന്നകേശവലു (20) എന്നിവരെയാണ് തെലങ്കാന പൊലിസ് ഇന്ന് പുലര്‍ച്ചെ വെടിവെച്ച് കൊന്നത്. തെളിവെടുപ്പിന് എത്തിച്ച പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ വെടിവെപ്പ് നടത്തുകയായിരുന്നു എന്നാണ് പൊലിസ് ഭാഷ്യം. പ്രതികള്‍ ആക്രമിച്ചപ്പോള്‍ സ്വയംരക്ഷയ്ക്കാണ് വെടിവെച്ചതെന്നും തെലുങ്കാന പൊലിസ് അറിയിച്ചു. നവംബര്‍ 28ന് രാത്രിയാണ് 25കാരിയെ ബലാത്സംഗത്തിനിരയാക്കി കൊന്നശേഷം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് തീകൊളുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."