വികാരോജ്വലം ഈ പടിയിറക്കം
ബെര്‍ലിന്‍: രണ്ടു പതിറ്റാണ്ടോളം കാലം ജര്‍മനിയെയും ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയന്‍ ഓഫ് ജര്‍മനി (സി.ഡി.യു)യെയും മുന്നില്‍നിന്നു നയിച്ച യൂറോപ്പിന്റെ കരുത്തുറ്റ വനിത ആംഗെലാ മെര്‍ക്കലിന് പാര്‍ട്ടിയില്‍ വികാരനിര്‍ഭരമായ പടിയിറക്കം. 18 വര്‍ഷക്കാലം അലങ്കരിച്ചുപോന്ന പാര്‍ട്ടി അധ്യക്ഷസ്ഥാനം അവര്‍ പിന്‍ഗാമിക്കുവേണ്ടി ഒഴിഞ്ഞുകൊടുത്തു.
വികാരം മുറ്റിനിന്ന അന്തരീക്ഷത്തില്‍ കണ്ണീരും സന്തോഷവും മാറിമാറി വന്ന അരമണിക്കൂര്‍ നീണ്ട വിടവാങ്ങല്‍ പ്രസംഗം നിറഞ്ഞ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. നിറകണ്ണുകളോടെ അവര്‍ പ്രസംഗം അവസാനിപ്പിച്ചതിനു പിറകെ ഹാംബര്‍ഗിലെ കോണ്‍ഫറന്‍സ് ഹാളില്‍ തിങ്ങിക്കൂടിയ പാര്‍ട്ടി ഭാരവാഹികള്‍ 10 മിനിറ്റുനേരം എഴുന്നേറ്റുനിന്ന് ആദരം പ്രകടിപ്പിച്ചു. 'നന്ദി നേതാവേ, ഈ പതിനെട്ടാണ്ടിന്റെ നേതൃത്വത്തിന് ' എന്നെഴുതിയ പ്ലക്കാര്‍ഡ് പലരും ഉയര്‍ത്തിപ്പിടിച്ചിരുന്നു. പ്രധാനമായും ഒറ്റക്കാര്യമാണ് അവര്‍ പ്രസംഗത്തിലുടനീളം ഊന്നിപ്പറഞ്ഞത്, പാര്‍ട്ടിയുടെ ലിബറല്‍ നയങ്ങളും മൂല്യങ്ങളും ആന്തരികതലത്തിലും ബാഹ്യതലത്തിലും തുടരാന്‍ അടുത്ത നേതൃത്വത്തിനുമാകണം.
മെര്‍ക്കല്‍ സ്ഥാനമൊഴിഞ്ഞ സ്ഥാനത്തേക്ക് പാര്‍ട്ടിയുടെ കഴിഞ്ഞ അരനൂറ്റാണ്ടു കാലത്തെ ചരിത്രം കണ്ട ഏറ്റവും വാശിയേറിയ മത്സരമാണ് നടക്കുന്നത്. മെര്‍ക്കല്‍ നിര്‍ദേശിച്ച നിലവിലെ സെക്രട്ടറി ആന്‍ഗ്രെറ്റ് ക്രാംപ് കാരെന്‍ ബോര്‍, ശതകോടീശ്വരന്‍ ഫ്രഡറിക്ക് മേഴ്‌സ്, ആരോഗ്യ മന്ത്രി ജെന്‍സ് സ്പാന്‍ എന്നിവരെല്ലാം മത്സര രംഗത്തുണ്ട്. 2005ല്‍ ജര്‍മനിയുടെ ചാന്‍സലറായ അവര്‍ തുടര്‍ച്ചയായി നാലു തവണയും രാജ്യത്തിന്റെ തലപ്പത്തേക്കു തെരഞ്ഞെടുക്കപ്പെട്ടു. പുതിയ സര്‍ക്കാരിന്റെ കാലാവധി തീരുന്ന 2021 വരെ അവര്‍ ചാന്‍സലര്‍ സ്ഥാനത്ത് തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."