ഗൾഫ് കപ്പ്; ഖത്തര്‍ മണ്ണില്‍ ബഹ്റൈന്‍ കന്നിക്കിരീടം
-
തിങ്കളാഴ്ച ബഹ്റൈനില്‍ പൊതു അവധി പ്രഖ്യാപിച്ചു
മനാമ: ഖത്തറില്‍ സമാപിച്ച 24ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സരത്തില്‍ ബഹ്റൈന്‍ ചരിത്ര വിജയം.
സൗദിഅറേബ്യയെ 1 ഗോളിന് പരാജയപ്പെടുത്തിയാണ് ബഹ്റൈന്‍ പ്രഥമ ഗൾഫ് കപ്പ് നേടിയത്.
ഞായറാഴ്ച വൈകിട്ട് ഖത്തറിലെ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 69ാം മിനുട്ടില്‍
മുഹമ്മദ് അല്‍ റുമൈഹിയുടെ മറുപടിയില്ലാത്ത ഒരു ഗോളിലൂടെയായിരുന്നു ബഹ്റൈന്റെ ചരിത്ര വിജയം പിറന്നത്.
ഇത് അഞ്ചാം തവണയാണ് ബഹ്റൈന്‍ ഗള്‍ഫ് കപ്പിന്റെ ഫൈനലിലെത്തുന്നതെങ്കിലും ഇതു വരെ കപ്പ് നേടാനായിരുന്നില്ല.
2004ലായിരുന്നു അവസാനമായി ബഹ്റൈന്‍ ഫൈനലിലെത്തിയത്. അന്ന് എതിരാളികളായിരുന്ന സൗദി അറേബ്യയായിരുന്നു ബഹ്റൈനെ പരാജയപ്പെടുത്തി കപ്പ് നേടിയത് എന്നതിനാല്‍ ഇത്തവണ സൗദിക്കുള്ള മധുര പ്രതികാരം കൂടിയാണ് ബഹ്റൈന്റെ കന്നിക്കിരീടം.
വ്യാഴാഴ്ച നടന്ന വാശിയേറിയ സെമി ഫൈനല്‍ മത്സരത്തില്‍ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഇറാഖിനെ തോല്‍പ്പിച്ചാണ് ബഹ്റൈന്റെ ഫൈനലിലെത്തിയത്.
തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് കരുത്തരായ ടീമുമായി സൗദിക്കെതിരെ കളത്തിലിറങ്ങിയ ബഹ്റൈന്‍, രാജ്യത്തെ ഫുട്ബോള്‍ സ്നേഹികളുടെ വര്‍ഷങ്ങള്‍ നീണ്ട മോഹമാണ് ഇപ്പോള്‍ പൂവണിയിച്ചത്.
24ാം അറേബ്യന്‍ ഗള്‍ഫ് കപ്പിലെ ബഹ്റൈന്റെ വിജയവാര്‍ത്ത അറിഞ്ഞയുടന്‍ കാല്പന്തുകളിയെ സ്നേഹിക്കുന്ന ബഹ്റൈനിലെ സ്വദേശികളും വിദേശികളും ആഹ്ലാദതിമിര്‍പ്പിലാണ്.
ഫൈനല്‍ നേരില്‍ കാണാനും കളിക്കാരെ പ്രോത്സാഹിപ്പിക്കാനുമായി 12 വിമാനങ്ങളിലായി രണ്ടായിരത്തോളം കളി കന്പക്കാരാണ് ഫൈനല്‍ വീക്ഷിക്കാനായി ഖത്തറിലേക്ക് പുറപ്പെട്ടിരുന്നത്.
ഇതിനു പുറമെ സ്വദേശത്തുള്ള കളിക്കന്പക്കാരും തെരുവുകള്‍ കീഴടക്കി ആഹ്ലാദ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. കൂടാതെ ബഹ്റൈന്‍ ടീമിനെ സ്വീകരിക്കാനായി ബഹ്റൈന്‍ എയര്‍പോര്‍ട്ടും പരിസര പ്രദേശങ്ങളും വര്‍ണാഭമായി അലങ്കരിച്ചിട്ടുമുണ്ട്.
ഡിസം.16ന് ദേശീയദിനാഘോഷത്തിനൊരുങ്ങുന്ന ബഹ്റൈന്‍, ഗള്‍ഫ് കപ്പ് നേട്ടം ഇരട്ടി മധുരമാണ് നല്‍കിയിരിക്കുന്നത്.
വിജയികളെ ബഹ്റൈന്‍ രാജാവും പ്രധാനമന്ത്രിയും മറ്റു രാഷ്ട്ര പ്രമുഖരും അഭിനന്ദിച്ചു.
വിജയാഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം തിങ്കളാഴ്ച അവധി ആയിരിക്കുമെന്ന് ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."