സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ അഴിഞ്ഞാടിയ സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരേ വ്യാപക പരാതി
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഗവ.ബോയസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞദിവസം വിദ്യാര്‍ഥികള്‍ അഴിഞ്ഞാടിയ സംഭവത്തില്‍ പ്രതിഷേധം ശക്തം.
പ്ലസ് ടു വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ ക്ലാസ് റൂം പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രക്ഷിതാക്കള്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും പ്രതിഷേധം ശക്തമാവുകയാണ്. ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളുടെ കടം വീട്ടാനായി പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ ക്ലാസില്‍ നിന്നും പ്ലസ് ടു വിദ്യാര്‍ഥി നേതാക്കള്‍ 500 രൂപ പിരിവ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ വിസമ്മതിച്ചതാണ് സംഘട്ടനത്തിന് കാരണമായത്.അക്രമത്തില്‍ നിരവധി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാരകമായി പരുക്കേറ്റിരുന്നു. അടിവയറ്റില്‍ ചവിട്ടേറ്റ പെണ്‍കുട്ടി ബോധം കെട്ട് നിലത്തു വീണിരുന്നു. പിടിച്ചു മാറ്റാന്‍ ശ്രമിച്ച അധ്യാപികയേയും അക്രമി സംഘം വെറുതെ വിട്ടില്ല.
അക്രമ സംഭവത്തെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതരും ജനപ്രതിനിധികളും നടത്തിയ യോഗത്തില്‍ 14 വിദ്യാര്‍ഥികളെ സസ് പെന്‍ഡ് ചെയ്യാന്‍ തീരുമാനമാകുകയായിരുന്നു. സ്‌കൂളില്‍ നിന്നും 200 മീറ്റര്‍ അകലം പോലുമില്ലാത്ത പൊലിസ് സ്റ്റേഷനില്‍ കൃത്യ സമയത്ത് അറിയിപ്പ് നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറാകാത്തത് ഗുരുതര വീഴ്ചയായിട്ടാണ് രക്ഷിതാക്കളും നാട്ടുകാരും കാണുന്നത്.
ഈ അധ്യായന വര്‍ഷം തുടങ്ങി ഇതുവരെയും സ്‌കൂള്‍ പി.ടി.എ കൂടിയിട്ടില്ല എന്നും ആക്ഷേപമുയരുന്നു. സ്‌കൂളില്‍ അക്രമം അഴിച്ചു വിട്ട കുട്ടികള്‍ക്കെതിരേ പൊലിസില്‍ പരാതി നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."