മുഖ്യമന്ത്രി നടത്തിയത് വാചക വ്യവസായ പര്യടനം: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശ പര്യടനം കൊണ്ട് വാചക വ്യവസായ വികസനമല്ലാതെ മറ്റൊരു നേട്ടവും സംസ്ഥാനത്തിനുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഓരോ വിദേശയാത്ര കഴിഞ്ഞുവരുമ്പോഴും ദീര്‍ഘമായ പത്രസമ്മേളനം നടത്തി കേരളീയരെ വ്യാമോഹിപ്പിക്കുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ല.
ഇത്തവണത്തെ സന്ദര്‍ശനത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലെ അവകാശവാദങ്ങളും പതിവുപോലെ പൊള്ളയാണ്.
ഈ സര്‍ക്കാരിന് കീഴില്‍ കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വന്ന പ്രവാസികളായ പുനലൂരിലെ സുഗതനും ആന്തൂരിലെ സാജനും ആത്മഹത്യയിലാണ് അഭയം തേടേണ്ടി വന്നത്. അതാണ് ഇവിടത്തെ സ്ഥിതി. മരണശേഷം പോലും അവര്‍ക്ക് നീതി ലഭ്യമാക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് കേരളത്തിലേക്ക് വ്യവസാസികളെ ക്ഷണിക്കാന്‍ വിദേശത്തേക്ക് പോയത്. അവരെയും ഇവിടെ കൊണ്ടുവന്ന് ആത്മഹത്യ ചെയ്യിക്കാനാണോ മുഖ്യമന്ത്രിയുടെ യാത്രയെന്നും ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച വ്യവസായികളുടെ യോഗത്തില്‍ ഒരു വ്യവസായി ചോദിച്ച ചോദ്യം പ്രസക്തമാണ്. ഇവിടെയുള്ള നിക്ഷേപങ്ങള്‍ നന്നാക്കിയിട്ടുപോരെ പുതിയ നിക്ഷേപങ്ങള്‍ എന്നായിരുന്നു വ്യവസായി മുഖ്യമന്ത്രിയോട് ചോദിച്ചത്. കേരളീയര്‍ക്ക് ചോദിക്കാനുള്ളതും ഇത് തന്നെയാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."